ശബരിമല തീര്‍ഥാടനം: മുന്നൊരുക്കങ്ങളില്ലാതെ എരുമേലി
പത്തനംതിട്ട: ശബരിമല തീര്‍ഥാടനം ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ മുന്നൊരുക്കങ്ങളൊന്നുമില്ലാതെ എരുമേലി. കോവിഡ് കാരണം തീര്‍ഥാടകരുടെ എണ്ണം കുറവായിരിക്കുമെന്ന കണക്കുകൂട്ടിലില്‍ മുന്നൊരുക്കങ്ങള്‍ വേണ്ടെന്ന നിലപാടിലാണ് ദേവസ്വം ബോര്‍ഡ്. സാധാരണ നടക്കാറുള്ള പൊതുമരാമത്ത് പണിയടക്കം നവീകരണ പ്രവര്‍ത്തനങ്ങളൊന്നും തുടങ്ങിയിട്ടില്ല.
ശബരിമല തീര്‍ഥാടകരുടെ പ്രധാന ഇടത്താവളമാണ് എരുമേലി ധര്‍മശാസ്ത ക്ഷേത്രം. ഇവിടെ നിന്നും പേട്ടതുള്ളി കാനന പാതവഴിയാണ് അയ്യപ്പന്മാര്‍ സന്നിധാനത്തേക്ക് പോകുന്നത്. തുടര്‍ന്ന് അഴുതയില്‍ മുങ്ങി കല്ലെടുത്ത് പരമ്പരാഗത കാനനപാതയിലൂടെ ഉള്ള യാത്ര. എന്നാല്‍ കാനപാതവഴിയുള്ള യാത്രക്ക് വിലക്ക് ഏര്‍പ്പെടുത്തിയതോടെയാണ് മുന്നൊരുക്കങ്ങളില്‍ നിന്നും ദേവസ്വം ബോര്‍ഡ് പിന്മാറിയത്. വിരിവയ്ക്കുന്നതിന് സൗകര്യങ്ങള്‍ ഒന്നും തന്നെ തയ്യാറാക്കിയിട്ടില്ല.
ആയിരകണക്കിന് തീര്‍ഥാടകരാണ് ഏരുമേലിയില്‍ എത്താറുളളത്. എരുമേലിയില്‍ ക്ഷേത്രത്തിന് സമീപത്തെ തോട്ടില്‍ കുളിക്കാന്‍ അനുമതിയില്ല. പകരം സംവിധാനം ഒരുക്കാനാണ് ദേവസ്വം ബോര്‍ഡ് തീരുമാനിച്ചിരിക്കുന്നത്. ശൗചാലയങ്ങള്‍ എല്ലാം കാട് മൂടികിടക്കുകയാണ്.
സാധരണ എരുമേലിയിലെ മുന്നൊരുക്കങ്ങള്‍ക്ക് നല്‍കാറുള്ള തുക നല്‍കാന്‍ തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡോ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. എന്നാല്‍ എല്ലാ മുന്നൊരുക്കങ്ങളും പൂര്‍ത്തിയായെന്നും ബാക്കി യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തീകരിക്കുകയാണെന്നുമാണ് സര്‍ക്കാരും ബോര്‍ഡും പറയുന്നത്.