രക്തച്ചൊരിച്ചിലില്ലാതെ കേരള പോലീസിന്റെ മാവോയിസ്റ്റ് വേട്ട
കണ്ണൂര്‍: മാവോയിസ്റ്റ് വേട്ടയില്‍ രക്തച്ചൊരിച്ചില്‍ ഒഴിവാക്കി കേരള പോലീസ്. ഇതാദ്യമായാണ് പോലീസ് മാവോയിസ്റ്റ് നേതാക്കളെ രക്തച്ചൊരിച്ചിലില്ലാതെ പിടികൂടുന്നത്. ഇതിനു മുമ്പ് നടത്തിയ മാവോയിസ്റ്റ് വേട്ടകളെല്ലാം പ്രവര്‍ത്തകരുടെ മരണത്തില്‍ കലാശിച്ചിരുന്നു. മധൂര്‍ കര്‍ണാടകയുടെ ഭാഗമാണെങ്കിലും രണ്ടുനേതാക്കളെ പിടികൂടാനുള്ള നീക്കങ്ങള്‍ കര്‍ണാടക പോലീസിനെ അറിയിച്ചിരുന്നില്ല. പിടികൂടിയശേഷം വിവരം കര്‍ണാടക പോലീസിനു കൈമാറുകയായിരുന്നു.
ഇതിനിടെ, മാവോയിസ്റ്റ് സാന്നിധ്യമുള്ള മാനന്തവാടി തലപ്പുഴ മക്കിമലയ്ക്കടുത്തുളള പ്രദേശത്തുനിന്നാണ് രണ്ടുനേതാക്കളെയും പിടികൂടിയതെന്നും എന്നാല്‍ ഇവരെ അറസ്റ്റ് ചെയ്തത് മധൂരില്‍ നിന്നാണെന്ന് രേഖപ്പെടുത്തുകയായിരുന്നുവെന്നും അഭ്യൂഹമുണ്ട്. കഴിഞ്ഞദിവസം കണ്ണൂരില്‍ പിടിയിലായ രാഘവേന്ദ്രന്‍ (ഗൗതം) എന്ന മാവോയിസ്റ്റ് നേതാവില്‍നിന്നാണ് കൃഷ്ണമൂര്‍ത്തി അടക്കമുള്ള മുതിര്‍ന്ന നേതാക്കളെക്കുറിച്ചുള്ള വിവരം പോലീസിനു ലഭിച്ചത്.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കണ്ണൂര്‍ വളപട്ടണം പോലീസ് നടത്തിയ വാഹനപരിശോധനക്കിടെയാണു രാഘവേന്ദ്രന്‍, ഇയാളുടെ കൂടെയുണ്ടായിരുന്ന വയനാട് കമ്പമല സ്വദേശിയായ ഒരു ഡ്രൈവര്‍, ഇവരുടെ ബന്ധുവായ തമിഴ്നാട് സ്വദേശി എന്നിവരെ കസ്റ്റഡിയിലെടുത്തത്. രാഘവേന്ദ്രന്‍ ഒരു വിവരവും വെളിപ്പെടുത്താത്ത സാഹചര്യത്തില്‍ കണ്ണൂര്‍ പോലീസ് ഇയാളെ എന്‍ഐഎയ്ക്ക് കൈമാറി. മറ്റു രണ്ടുപേരെ അടുത്തദിവസം തന്നെ ചോദ്യം ചെയ്യലിയന് ഹാജരാകണമെന്ന നിബന്ധനയോടെ വിട്ടയച്ചു. എന്‍ഐഎ നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് വയനാട്ടില്‍ നടത്തുന്ന സംഘടനാ പ്രവര്‍ത്തനങ്ങളെക്കുറിച്ചും നേതാക്കളെക്കുറിച്ചും സൂചനകള്‍ ലഭിച്ചത്.
ഇതിന്റെ അടിസ്ഥാനത്തില്‍ ഏതാനും ദിവസങ്ങളായി പോലീസും എടിഎസും വയനാട്ടില്‍ തമ്പടിച്ചിരിക്കുകയാണ്. കര്‍ണാടക, തമിഴ്നാട് സംസ്ഥാനങ്ങളില്‍നിന്നു കൂടുതല്‍ മാവോയിസ്റ്റ് പ്രവര്‍ത്തകരും നേതാക്കളും വയനാട്ടില്‍ തമ്പടിച്ചിട്ടുണ്ടെന്നാണ് പോലീസിനു ലഭിച്ചിരിക്കുന്ന സൂചന. കാട്ടില്‍ തമ്പടിച്ചിട്ടുള്ള സായുധരായ ഗറില്ലാ സ്‌ക്വാഡുമായും പൊതുജനമധ്യത്തില്‍ പ്രവര്‍ത്തിക്കുന്ന അര്‍ബന്‍ കേഡര്‍ സംഘടന സംവിധാനവുമായും സംഘടനയുടെ മറ്റ് ബഹുജന സംഘടനാ സംവിധാനങ്ങളുമായും ബന്ധപ്പെട്ട് വിവരങ്ങളും മറ്റുസഹായങ്ങളും നല്‍കിയിരുന്ന ഇടനിലക്കാരനാണ് രാഘവേന്ദ്ര എന്നാണ് പോലീസ് നല്‍കുന്ന വിവരം.
വൈദഗ്ധ്യമുള്ള ആയുധ പരിശീലകന്‍ കൂടിയാണ് രാഘവേന്ദ്ര. കൈയുയര്‍ത്തി ഉറക്കെ വിപ്ലവ മുദ്രാവാക്യങ്ങള്‍ വിളിച്ചു കൊണ്ടാണ് മാവോവാദി നേതാക്കള്‍ തലശേരി കോടതിയില്‍ ഹാജരായത്. വന്‍ പോലീസ് കമാന്‍ഡോ സുരക്ഷയോടെയാണ് മാവോവാദി നേതാക്കളെ തലശ്ശേരി കോടതിയില്‍ ഹാജരാക്കി 30 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തത്. മാവോയിസ്റ്റ് ഗറിലാ സേനാ തലവന്‍ കൃഷ്ണമൂര്‍ത്തിയെയും വനിതാ നേതാവ് സാവിത്രിയെയുമാണ് ഇന്നലെ തലശേരി കോടതിയില്‍ ഹാജരാക്കിയത്. കഴിഞ്ഞ ദിവസമാണ് കര്‍ണാടക-വയനാട് അതൃത്തിയില്‍ നിന്നും തീവ്രവാദ വിരുദ്ധ സേന ഇവരെ അറസ്റ്റ് ചെയ്ത്. കേരളത്തിലെ മാവോയിസ്റ്റ് ഗറില്ലാ സേനയുടെ തലവനാണ് കര്‍ണ്ണാടക സ്വദേശി ബി.ജി. കൃഷ്ണമൂര്‍ത്തി.
കബനീ ദളം ഏരിയ കമാന്‍ഡര്‍ ആണ് സാവിത്രി. മാവോ നേതാക്കളെ കോടതിയില്‍ ഹാജരാക്കുന്നതിന് മുന്നോടിയായി പ്രവേശന വഴിയിലും കോടതി വളപ്പിലും വന്‍ സന്നാഹത്തെ യൂണിഫോമിലും അല്ലാതെയും പോലീസ് വിന്യസിച്ചിരുന്നു. രാവിലെ കോടതി പ്രവര്‍ത്തിക്കുന്നതിന് മുന്‍പെ 10.25 ഓടെ മാവോ നേതാക്കളുമായി പോലീസ് വാഹനം എത്തിയിരുന്നു. വാഹനത്തില്‍ നിന്നിറക്കി കോടതി ഹാളിലേക്ക് പോലീസ് വലയത്തില്‍ പോവുന്നതിനിടെ ക്യാപ്പിറ്റലിസംതുലയട്ടെ, മാവോയിസം ജയിക്കട്ടെ എന്ന് കൃഷ്ണമൂര്‍ത്തി വീറോടെ മുദ്രാവാക്യം മുഴക്കി. എന്നാല്‍ ഒപ്പമുണ്ടായ സാവിത്രി ഏറ്റുവിളിച്ചില്ല. റിമാന്‍ഡ് ചെയ്ത പ്രതികളെ വിയ്യൂര്‍ ജയിലിലേക്കാണ് കൊണ്ടുപോയത്.