പ്രളയത്തിലെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടിയ സിഎജി റിപ്പോര്‍ട്ടിനെതിരെ എം.എം. മണി
ഇടുക്കി: ഡാം മാനേജ്‌മെന്റിലെ പിഴവല്ല, മറിച്ച് അതിതീവ്രമഴയാണ് പ്രളയകാരണമെന്ന് മുന്‍ മന്ത്രി എം.എം. മണി. 2018ലെ പ്രളയത്തിന് കാരണം ഡാം മാനേജ്മെന്റില്‍ ഉണ്ടായ പിഴവാണെന്ന സിഎജി റിപ്പോര്‍ട്ടിലെ പരാമര്‍ശത്തെക്കുറിച്ചാണ് മണി ഈ പ്രതികരണം നടത്തിയത്.
തീവ്രമായ മഴയെ തുടര്‍ന്ന് അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ന്നതോടെയാണ് അണക്കെട്ട് തുറന്നത്. സാഹചര്യം പരിഗണിക്കാതെ തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ രാഷ്ട്രീയ ഇടപെടലുകള്‍ ഉള്ളതായാണ് സംശയിക്കുന്നതെന്നും മണി പറഞ്ഞു. അണക്കെട്ടുകള്‍ തുറന്നുവിട്ടതുകൊണ്ടാണ് പ്രളയമുണ്ടായതെന്ന റിപ്പോര്‍ട്ട് തെറ്റാണ്. അണക്കെട്ടുകള്‍ എന്തുകൊണ്ട് തുറന്നുവിടേണ്ടിവന്നു എന്നത് സാമാന്യ ബുദ്ധിക്ക് നിരക്കുന്ന രീതിയില്‍ സിഎജി പരിശോധിക്കണം.
അതല്ലാതെ അണക്കെട്ട് തുറന്നു വിട്ടതുകൊണ്ടാണ് പ്രളയം ഉണ്ടായതെന്ന് പറഞ്ഞു നടക്കുന്നതില്‍ കാര്യമില്ല. ഇത് വികലമായ കാഴ്ചപ്പാടാണെന്നും അദ്ദേഹം പറഞ്ഞു. യഥാര്‍ഥത്തില്‍ അന്നുണ്ടായ അപ്രതീക്ഷിത മഴയാണ് പ്രളയത്തിന് കാരണമായത്. അല്ലാതെയുള്ള സിഎജി റിപ്പോര്‍ട്ട് യഥാര്‍ഥമല്ല. അതില്‍ എന്തോ രാഷ്ട്രീയക്കളിയുണ്ടെന്നാണ് സംശയിക്കുന്നതെന്നും മണി ആരോപിച്ചു. ഡാം മാനേജ്മെന്റുമായി ബന്ധപ്പെട്ട് രൂക്ഷ വിമര്‍ശനങ്ങളാണ് സിഎജി റിപ്പോര്‍ട്ടില്‍ സര്‍ക്കാരിനെതിരെയുള്ളത്.