കെഎസ്ആര്‍ടിസിയില്‍ വീണ്ടും പണിമുടക്ക്
തിരുവനന്തപുരം: ശമ്പളപരിഷ്‌കരണം നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് കെഎസ്ആര്‍ടിസിയില്‍ വീണ്ടും പണിമുടക്ക്. യുഡിഎഫ് സംഘടനയായ ടിഡിഎഫാണ് അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. പണിമുടക്ക് തുടങ്ങുന്ന തീയതി ഉടന്‍ പ്രഖ്യാപിക്കുമെന്നാണ് നേതാക്കള്‍ പറയുന്നത്. സംയുക്ത തൊഴിലാളി യൂണിയന്‍ നേരത്തെ ശമ്പള പരിഷ്‌കരണമെന്ന ആവശ്യം ഉന്നിയിച്ച് പണിമുടക്കിയിരുന്നു. എന്നാല്‍ വിഷയത്തില്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഒരു ഉറപ്പും ലഭിച്ചിട്ടില്ലെന്നാണ് ടിഡിഎഫ് ചൂണ്ടിക്കാട്ടുന്നത്.
നേരത്തേത് സൂചന പണിമുടക്കായിരുന്നു. ഉറപ്പുകള്‍ പാലിക്കാത്തതിനാലാണ് വീണ്ടും സമരത്തിനിറങ്ങുന്നതെന്നും ടിഡിഎഫ് വ്യക്തമാക്കി. കഴിഞ്ഞ മാസത്തെ ശമ്പളം ഇതുവരെ നല്‍കിയിട്ടില്ലെന്നും ഈ മാസം 15 മുതല്‍ ചീഫ് ഓഫീസിന് മുന്നില്‍ അനിശ്ചിതകാല സത്യഗ്രഹം ആരംഭിക്കുമെന്നും സംഘടന നേതാക്കള്‍ വ്യക്തമാക്കി. മറ്റ് തൊഴിലാളി സംഘനടകളുമായി ചര്‍ച്ച നടത്തി അവരെ കൂടെ സമരത്തിന്റെ ഭാഗമാക്കാനാണ് ടിഡിഎഫ് ശ്രമിക്കുന്നത്.