Kerala NewsLatest NewsNewsPolitics

ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങള്‍ ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തില്‍ പിടിച്ചെടുക്കും: വത്സന്‍ തില്ലങ്കേരി

കോഴിക്കോട്: ദേവസ്വം ബോര്‍ഡ് ബലപ്രയോഗത്തിലൂടേ ക്ഷേത്രങ്ങള്‍ പിടിച്ചെടുത്താല്‍ ബോര്‍ഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങള്‍ ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തില്‍ ഭക്തര്‍ പിടിച്ചെടുക്കുമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് വത്സന്‍ തില്ലങ്കേരി. മലബാര്‍ ദേവസ്വം ബോര്‍ഡ് നിയമവിരുദ്ധമായി കൈയടക്കിയ ക്ഷേത്രങ്ങള്‍ ഭക്തജനങ്ങള്‍ക്ക് വിട്ടുനല്‍കണമെന്നാവശ്യപ്പെട്ട് ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തില്‍ മലബാര്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് നടത്തിയ ഉപരോധസമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഗുരുവായൂര്‍ പാര്‍ഥസാരഥി ക്ഷേത്രം, വളാഞ്ചേരി വൈക്കത്തൂര്‍ ക്ഷേത്രം, മട്ടന്നൂര്‍ മഹാദേവക്ഷേത്രം, പൊയിലൂര്‍ മുത്തപ്പന്‍ മടപ്പുര തുടങ്ങിയ ക്ഷേത്രങ്ങള്‍ ബോര്‍ഡ് ബലപ്രയോഗത്തിലൂടെ പിടിച്ചെടുത്ത ചില ക്ഷേത്രങ്ങളാണ്. ബോര്‍ഡിന്റെ ആസ്ഥാനത്ത് അഭിനവ ടിപ്പുസുല്‍ത്താന്മാരാണ് വാഴുന്നത്. അവര്‍ ക്ഷേത്രങ്ങളെ നശിപ്പിക്കുന്ന രീതിയിലാണ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വരുമാനമുള്ള ക്ഷേത്രങ്ങളുടെ ഭണ്ഡാരവും അക്കൗണ്ടും നോക്കി പോലീസ് ഉദ്യോഗസ്ഥരുടെയും ഗുണ്ടകളുടെയും സഹായത്തോടെ ബലപ്രയോഗം നടത്തിയാണ് ബോര്‍ഡ് ക്ഷേത്രങ്ങള്‍ പിടിച്ചെടുക്കുന്നത്.

മറ്റു മതസ്ഥര്‍ക്ക് അവരുടെ ആരാധനാലയങ്ങള്‍ വിശ്വാസത്തിന് അനുസരിച്ച് ഭംഗിയായി നടത്തിക്കൊണ്ടുപോകാന്‍ സ്വാതന്ത്ര്യമുണ്ട്. മതേതരത്വം ഹിന്ദുക്കളെ പീഡിപ്പിക്കുന്നതിനും അവരുടെ സ്വത്തുവകകള്‍ പിടിച്ചെടുക്കാനും മാത്രം ഉപയോഗിക്കുകയാണ്. കൊള്ളക്കാര്‍ കയറുന്നതുപോലെയാണ് ബോര്‍ഡ് അധികൃതര്‍ ക്ഷേത്രം പിടിച്ചെടുക്കാന്‍ എത്തുന്നത്. അര്‍ധരാത്രിയില്‍ പൂട്ടുപൊളിച്ച് അകത്തുകയറി ഭരണം പിടിച്ചെടുക്കുകയാണ് അവര്‍. സിപിഎമ്മിന്റെ നിര്‍ദേശപ്രകാരം ചെയ്യുന്ന ഇത്തരം നീക്കങ്ങളില്‍ നിന്ന് പിന്നോട്ടു പോയില്ലെങ്കില്‍ സമരം കൂടുതല്‍ ശക്തമാക്കുമെന്നും വത്സന്‍ തില്ലങ്കേരി മുന്നറിയിപ്പ് നല്‍കി.

നിരവധി ഹിന്ദുഐക്യവേദി പ്രവര്‍ത്തകര്‍ ദേവസ്വം ബോര്‍ഡ് ഓഫീസിലെത്തി കമ്മീഷണര്‍ എ.എന്‍. നീലകണ്ഠനെ ഉപരോധിച്ചു. ഹിന്ദു ഐക്യവേദിയുടെ ആവശ്യങ്ങള്‍ ദേവസ്വം ബോര്‍ഡ് പരിഗണിക്കുമെന്ന ആവശ്യം എഴുതി നല്‍കിയതിനുശേഷമാണ് ഉപരോധം അവസാനിപ്പിച്ചത്. ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി പി. സുധാകരന്‍, ബിജെപി സംസ്ഥാന സെക്രട്ടറി പ്രകാശ് ബാബു, പി.വി. മുരളീധരന്‍, കെ. ഷൈനു, ദാമോദരന്‍ കുന്നത്ത്, സുരേഷ് ആയഞ്ചേരി തുടങ്ങിയവര്‍ ഉപരോധത്തിന് നേതൃത്വം നല്‍കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button