HealthLatest NewsNationalNews

വകുപ്പുകള്‍ തമ്മില്‍ ഏകോപനമില്ല; കോടികളുടെ കേന്ദ്രസഹായം വൈകുന്നു

തിരുവനന്തപുരം: വകുപ്പുകള്‍ തമ്മില്‍ ഏകോപനമില്ലാത്തതിനാല്‍ കോടികളുടെ കേന്ദ്രസഹായം വൈകുന്നു. ആരോഗ്യം, തദ്ദേശം, ധനകാര്യവകുപ്പുകള്‍ തമ്മില്‍ ഏകോപനമില്ലാത്തതിനാലാണ് കേന്ദ്രസര്‍ക്കാരില്‍ നിന്ന് സംസ്ഥാനത്തിനു ലഭിക്കേണ്ട കോടികളുടെ ധനസഹായം വൈകുന്നത്. കൃത്യമായ പദ്ധതിരേഖ ലഭിക്കാത്തതിനാലാണു ധനസഹായം നല്‍കാത്തതെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

മറ്റ് സംസ്ഥാനങ്ങള്‍ കൃത്യമായ ആസൂത്രണത്തിലൂടെ കോടികള്‍ നേടിയെടുത്തെങ്കിലും കേരളത്തിലെ ആരോഗ്യവകുപ്പ് ഇരുട്ടില്‍ത്തപ്പുകയാണ്. കേരളത്തിലെ തദ്ദേശസ്ഥാപനങ്ങള്‍ക്ക് 15-ാം ധനകാര്യ കമ്മീഷന്‍ ശുപാര്‍ശപ്രകാരം ലഭിക്കേണ്ടിയിരുന്ന ആരോഗ്യമേഖല ഗ്രാന്റാണ് കേന്ദ്രം അനുവദിക്കാത്തത്. എന്നാല്‍ യഥാസമയം പദ്ധതിരേഖ സമര്‍പ്പിച്ച സംസ്ഥാനങ്ങള്‍ക്ക് 8,453.92 കോടി രൂപയുടെ ഗ്രാന്റ് കഴിഞ്ഞദിവസം അനുവദിച്ചു.

പ്രാഥമികാരോഗ്യപരിരക്ഷ സംവിധാനങ്ങള്‍ ശക്തിപ്പെടുത്താനും പ്രശ്നങ്ങള്‍ പരിഹരിക്കാനുമാണ് കേന്ദ്രധനമന്ത്രാലയത്തിലെ ധനവിനിമയവകുപ്പ് ഗ്രാന്റ് അനുവദിക്കുന്നത്. 2021-22 മുതല്‍ 2025-26 വരെയുള്ള 15-ാം ധനകാര്യ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പ്രാദേശിക സര്‍ക്കാരുകള്‍ക്ക് ആകെ 4,27,911 കോടി രൂപ ഗ്രാന്റ് നല്‍കാനാണു ശുപാര്‍ശ. ഇതില്‍ 70,051 കോടി രൂപയുടെ ആരോഗ്യ ഗ്രാന്റുകളും ഉള്‍പ്പെടുന്നു.

43,928 കോടി രൂപ ഗ്രാമീണ തദ്ദേശസ്ഥാപനങ്ങള്‍ക്കും 26,123 കോടി നഗര തദ്ദേശ സ്ഥാപനങ്ങള്‍ക്കും. തദ്ദേശസ്ഥാപനങ്ങളാണ് ഗ്രാന്റ് വിനിയോഗിക്കുന്നതെങ്കിലും ആരോഗ്യവകുപ്പാണ് പദ്ധതിരേഖ കേന്ദ്രത്തിന് സമര്‍പ്പിക്കേണ്ടത്. അതിനു മുമ്പ് ധനവകുപ്പിന്റെ അംഗീകാരവും നിര്‍ദേശങ്ങളും തേടണം. കേരളം പദ്ധതിരേഖ സമര്‍പ്പിച്ചതായ വിവരങ്ങള്‍ തദ്ദേശ, ആരോഗ്യ, ധനവകുപ്പുകളില്‍ നിന്ന് ലഭ്യമല്ല.

ആരോഗ്യവകുപ്പാണ് പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കേണ്ടതെന്നാണ് തദ്ദേശവകുപ്പിന്റെ നിലപാട്. പ്രവര്‍ത്തനങ്ങള്‍ തുടങ്ങിവച്ചെന്നേ ആരോഗ്യവകുപ്പിലെ ഉന്നതോദ്യോഗസ്ഥര്‍ക്ക് അറിയൂ. നടപടികള്‍ കൃത്യമായി പിന്തുടരാന്‍ വകുപ്പ് മന്ത്രിയുടെ ഓഫീസും ശുഷ്‌കാന്തി കാട്ടിയില്ല. ഇതോടെയാണു കേന്ദ്രം ആദ്യഘട്ടത്തില്‍ പുറപ്പെടുവിപ്പിച്ച പട്ടികയില്‍നിന്നു കേരളം പുറത്തായത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button