മദ്യപിച്ചുള്ള ഡ്രൈവിംഗ്: വാഹനം കസ്റ്റഡിയിലെടുക്കാന്‍ പോലീസിന് അധികാരമില്ലെന്ന് ഹൈക്കോടതി
ഹൈദരാബാദ്: മദ്യപിച്ച് വാഹനമോടിച്ച് പിടിയിലാകുന്ന ഡ്രൈവര്‍മാരുടെ വാഹനത്തെ കസ്റ്റഡിയിലെടുക്കാന്‍ പോലീസിന് അധികാരമില്ലെന്ന് തെലങ്കാന ഹൈക്കോടതി. കേന്ദ്ര മോട്ടോര്‍ വെഹിക്കിള്‍ ആക്ടിലോ കേന്ദ്ര ചട്ടങ്ങളിലോ പോലീസിന് വാഹനങ്ങള്‍ കസ്റ്റഡിയില്‍ എടുക്കാനുള്ള അധികാരമില്ല.
മദ്യപിച്ച ഡ്രൈവറുടെ കൂടെ ആരെങ്കിലും യാത്ര ചെയ്യുന്നുണ്ടെങ്കില്‍ അവര്‍ക്ക് ലൈസന്‍സ് ഉണ്ടെങ്കില്‍ വാഹനം അവരെ ഏല്‍പ്പിക്കണമെന്നും ഡ്രൈവറോടൊപ്പം ആരുമില്ലെങ്കില്‍ ഉടന്‍ ഡ്രൈവറുടെ അടുത്ത ബന്ധക്കളെയോ സുഹൃത്തുക്കളെയോ ഇക്കാര്യം അറിയിച്ച് വാഹനം അവര്‍ക്ക് കൈമാറുകയും ചെയ്യണമെന്നും ജസ്റ്റിസ് കെ. ലക്ഷ്മണന്റെ ഉത്തരവിട്ടു. പോലീസ് അനധികൃതമായി വാഹനങ്ങള്‍ കസ്റ്റഡിയില്‍ എടുക്കുന്നത് ചൂണ്ടിക്കാണിച്ച് നല്‍കിയ 35ലധികം ഹര്‍ജികള്‍ പരിഗണിച്ചാണ് കോടതി വിധി പുറപ്പെടുവിച്ചത്.
മദ്യപിച്ച് ഓടിച്ചതിനെ തുടര്‍ന്ന് വാഹനം പോലീസ് കസ്റ്റഡിയിലാകുകയും തിരികെ ലഭിക്കാന്‍ നാളുകള്‍ കാത്തിരിക്കേണ്ടി വരികയും ചെയ്യുന്ന സാഹചര്യം ചൂണ്ടിക്കാട്ടിയാണ് ഹര്‍ജികള്‍ നല്‍കിയത്. വാഹനം ഏറ്റെടുക്കാന്‍ പുറത്തുനിന്ന് ഒരാള്‍ വരാന്‍ തയ്യാറായില്ലെങ്കില്‍ മാത്രം പോലീസിന് വാഹനമെടുത്ത് സമീപത്തെ പോലീസ് സ്റ്റേഷനിലേക്കോ മറ്റേതെങ്കിലും സുരക്ഷിത സ്ഥാനത്തേക്കോ മാറ്റാവുന്നതാണ്. പിന്നീട് വാഹന ഉടമയോ ഉടമയ്ക്ക് തുല്യനായ മറ്റൊരാളോ സന്നിഹിതരാകുന്ന പക്ഷം വാഹനം തിരികെ നല്‍കണം.
ഡ്രൈവര്‍ മദ്യപിച്ചിരിക്കുയാണെന്ന് കണ്ടെത്തിയാല്‍ ഒരു കാരണവശാലും വാഹനം ഓടിക്കാന്‍ അനുവദിക്കരുതെന്നും കോടതി. കോടതി വിധി ലംഘിച്ചാല്‍ കോടതി അലക്ഷ്യമായി കണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കുമെന്നും വിധിയില്‍ വ്യക്തമാക്കി.