മുംബൈ: ആഭ്യന്തര വിപണിയില്‍ തിരിച്ചടി നേരിട്ടെങ്കിലും കയറ്റുമതിയില്‍ റിക്കോര്‍ഡ് നേട്ടവുമായി ഇന്ത്യയിലെ വാഹനനിര്‍മാതാക്കള്‍. 2021 ഒക്ടോബറില്‍ ആഭ്യന്തര പാസഞ്ചര്‍ വാഹനങ്ങളുടെയും ഇരുചക്രവാഹനങ്ങളുടെയും വില്‍പന യഥാക്രമം 27 ശതമാനവും 25 ശതമാനവും വീതം ഇടിഞ്ഞപ്പോള്‍ നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യത്തെ ഏഴ് മാസങ്ങളില്‍ (ഏപ്രില്‍ – ഒക്ടോബര്‍) രാജ്യത്ത് നിന്നുള്ള വാഹന കയറ്റുമതി മികച്ച വളര്‍ച്ച നേടിയതായി റിപ്പോര്‍ട്ട്.
വാഹന നിര്‍മാതാക്കളുടെ സംഘടനയായ സിയാം പുറത്തുവിട്ട കണക്കുകള്‍ അനുസരിച്ച് ഇന്ത്യയില്‍ നിര്‍മിച്ച പാസഞ്ചര്‍ വാഹനങ്ങള്‍, ഇരുചക്രവാഹനങ്ങള്‍, ത്രീ വീലറുകള്‍, ക്വാഡ്രിസൈക്കിളുകള്‍ എന്നിവയുടെ ആകെ കയറ്റുമതി 2021 ഏപ്രില്‍- ഒക്ടോബര്‍ കാലയളവില്‍ 3.2 ദശലക്ഷം കവിഞ്ഞുവെന്ന് ഓട്ടോ കാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. 32,47,934 യൂണിറ്റുകളാണ് ആകെ കയറ്റുമതി. മുന്‍ കാലയളവില്‍ അതായത് 2020 ഏപ്രില്‍ മുതല്‍ ഒക്ടോബര്‍ വരെ 18,76,447 യൂണിറ്റുകള്‍ ആയിരുന്നു കയറ്റുമതി. അതായത് 73 ശതമാനം വാര്‍ഷിക വളര്‍ച്ച. പ്രധാന ആഗോള വിപണികള്‍ തുറന്നതോടെ കയറ്റുമതി അടിസ്ഥാനമാക്കിയുള്ള വളര്‍ച്ചയിലേക്ക് ഇന്ത്യന്‍ വാഹനലോകം തിരിച്ചെത്തിയെന്ന് ഈ കണക്കുകള്‍ സൂചിപ്പിക്കുന്നു.
204 ശതമാനം വാര്‍ഷിക വളര്‍ച്ചയോടെ, 1,24,708 യൂണിറ്റുകളുള്ള മാരുതി സുസുക്കിയാണ് കയറ്റുമതിയില്‍ മുന്നില്‍ നില്‍ക്കുന്നത്. മൊത്തം കാര്‍ കയറ്റുമതിയുടെ 38 ശതമാനവും മാരുതിക്ക് സ്വന്തമാണ്. ബലേനോ, എസ് പ്രസോ, ഡിസയര്‍, സ്വിഫ്റ്റ്, വിറ്റാര ബ്രെസ, ജിംനി എന്നിവയാണ് കയറ്റുമതിയില്‍ ആദ്യ ആറ് മോഡലുകളും. ഈ സാമ്പത്തിക വര്‍ഷത്തില്‍ ഹ്യൂണ്ടായ് മോട്ടോര്‍ ഇന്ത്യയാണ് രണ്ടാം സ്ഥാനത്ത്. 51,179 യൂണിറ്റുകളാണ് ഹ്യുണ്ടായ് കയറ്റുമതി ചെയ്തിട്ടുള്ളത്. ക്രെറ്റ എസ്യുവി (17,368 യൂണിറ്റുകള്‍), ഗ്രാന്‍ഡ് ഐ10 ഹാച്ച്ബാക്ക്, വെര്‍ണ സെഡാന്‍ (16,927 വീതം) എന്നിവയാണ് കമ്പനിയുടെ മികച്ച മൂന്ന് കയറ്റുമതി മോഡലുകള്‍. പുതിയ മോഡലായ അല്‍കാസര്‍ എസ്യുവി (1,465) കയറ്റുമതി ചെയ്യാന്‍ കമ്പനി ആരംഭിച്ചിട്ടുണ്ട്.
27,214 യൂണിറ്റുകളുള്ള കിയ ഇന്ത്യയാണ് മൂന്നാം സ്ഥാനത്ത്. 31 ശതമാനം വാര്‍ഷിക വളര്‍ച്ച. കമ്പനിയുടെ കയറ്റുമതി നയിക്കുന്നത് സെല്‍റ്റോസ് (17,992), സോനെറ്റ് (10,002) എന്നിവയാണ്. 2021 ഏപ്രില്‍-ജൂലൈ വരെ മൂന്നാം സ്ഥാനത്തായിരുന്ന ഫോക്സ്വാഗണ്‍ ഇന്ത്യയെ പിന്നിലാക്കിയാണ് കിയയുടെ മുന്നേറ്റം. 2021 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ ഏഴ് മാസങ്ങളില്‍ ഫോക്സ്വാഗണ്‍ ഇന്ത്യ 25,102 യൂണിറ്റുകള്‍ കയറ്റി അയച്ചു, അതില്‍ വെന്റോ സെഡാന്‍ (17,814), പോളോ ഹാച്ച്ബാക്ക് (7,288) എന്നിവ ഉള്‍പ്പെടുന്നു. 15 ശതമാനമാണ് വാര്‍ഷിക വളര്‍ച്ച. നിസാന്‍ മോട്ടോര്‍ ഇന്ത്യയും കയറ്റുമതിയില്‍ 198 ശതമാനം വര്‍ധിച്ച് 21,627 യൂണിറ്റുകളുമായി ശക്തമായ വളര്‍ച്ച രേഖപ്പെടുത്തി. പ്രധാനമായും സണ്ണി സെഡാനാണ് (15,665) കമ്പനിയുടെ കയറ്റുമതി താരം. മാഗ്നൈറ്റ് എസ്യുവിയും ഗോ പ്ലസ് എംപിവിയും 4,646 യൂണിറ്റുകള്‍ വീതം സംഭാവന ചെയ്യുന്നു.
ആഭ്യന്തര ഇന്ത്യന്‍ വിപണിയില്‍ നിന്ന് പിന്‍വാങ്ങിയെങ്കിലും കയറ്റുമതി പ്രവര്‍ത്തനങ്ങള്‍ തുടരുന്ന ഫോര്‍ഡ് ഇന്ത്യ ചെന്നൈ തുറമുഖത്ത് നിന്ന് 18,022 വാഹനങ്ങള്‍ കടല്‍കടത്തി. എപ്പോഴത്തെയും പോലെ, 15,382 യൂണിറ്റുകളുള്ള ഇക്കോസ്പോര്‍ട്ട് എസ്യുവി ആയിരുന്നു ഫോര്‍ഡിന്റെ കയറ്റുമതിയില്‍ മുന്നിട്ടു നിന്നത്. 13,027 യൂണിറ്റുകളോടെ റെനോ ഇന്ത്യ 300 ശതമാനത്തിലധികം കയറ്റുമതി വളര്‍ച്ച കൈവരിച്ചു. മുന്‍ വര്‍ഷം 2,932 യൂണിറ്റായിരുന്നു കയറ്റുമതി. 7,347 യൂണിറ്റുകളുള്ള കിഗറും ട്രൈബറും 5,659 യൂണിറ്റുകളുള്ള ക്വിഡും റെനോയുടെ കയറ്റുമതി വിപണിയിലെ പ്രധാന ഉത്പന്നങ്ങളായിരുന്നു. ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ഹോണ്ട കാര്‍സ് ഇന്ത്യ കയറ്റുമതിയില്‍ 10,471 യൂണിറ്റുകള്‍ രജിസ്റ്റര്‍ ചെയ്തു. 9,244 യൂണിറ്റുകളുള്ള പുതിയ സിറ്റിയാണ് മികച്ച പ്രകടനം കാഴ്ചവച്ചത്.
26,19,293 യൂണിറ്റുകളുമായി മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 77 ശതമാനമാണ് ടൂവീലര്‍ കയറ്റുമതിയിലെ വളര്‍ച്ച. 12,91,085 യൂണിറ്റുകളും 56 ശതമാനം വര്‍ധനവും അക്കൌണ്ടില്‍ എഴുതിച്ചേര്‍ത്ത് ബജാജ് ഓട്ടോയാണ് ഈ വിഭാഗത്തിലെ രാജാവ്. മൊത്തം ഇരുചക്രവാഹന കയറ്റുമതിയുടെ 49 ശതമാനവും ബജാജിന് സ്വന്തമാണ്. ഈ വിഭാഗത്തിലെ ഇന്ത്യയുടെ മറ്റൊരു താരമായ ടിവിഎസ് മോട്ടോര്‍ കമ്പനി 6,42,854 യൂണിറ്റുകളും 92 ശതമാനം വര്‍ധനവും നേടി മികച്ച പ്രകടനം രേഖപ്പെടുത്തി. മൊത്തം കയറ്റുമതിയുടെ 24.54 ശതമാനമാണ് ടിവിഎസിന്റെ സംഭാവന. 2,12,817 യൂണിറ്റുകള്‍ കയറ്റുമതി ചെയ്ത ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ (എച്ച്എംഎസ്‌ഐ) 117 ശതമാനം വാര്‍ഷിക വളര്‍ച്ച കൈവരിച്ചപ്പോള്‍ ഹീറോ മോട്ടോകോര്‍പ്പ് 1,76,806 യൂണിറ്റുകള്‍ കയറ്റി അയച്ച് 115 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി.
ഇന്ത്യ യമഹ, സുസുക്കി, റോയല്‍ എന്‍ഫീല്‍ഡ്, പിയാജിയോ എന്നിവയെല്ലാം ഈ വിഭാഗത്തില്‍ മികച്ച കയറ്റുമതി വളര്‍ച്ച രേഖപ്പെടുത്തി. രാജ്യത്തു നിന്നുള്ള മുച്ചക്ര വാഹന വ്യവസായികളുടെ കയറ്റുമതി കണക്കുകളും മികച്ചതാണ്. 2022 സാമ്പത്തിക വര്‍ഷത്തിലെ ആദ്യ ഏഴ് മാസങ്ങളില്‍ മൊത്തം 3,00,708 യൂണിറ്റാണ് ഈ വിഭാഗത്തിലെ കയറ്റുമതി.