ഫസല്‍ വധക്കേസ്: പോലീസുകാര്‍ക്കെതിരെ നടപടി വേണമെന്ന് സിബിഐ
കണ്ണൂര്‍: തലശേരി ഫസല്‍ വധക്കേസില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്ന് സിബിഐ. ഡിവൈഎസ്പിമാരായ പി.പി. സദാനന്ദന്, പ്രിന്‍സ് എബ്രഹാം, സിഐ കെ.പി. സുരേഷ് ബാബു എന്നിവര്‍ക്കെതിരെയാണ് നടപടി ആവശ്യപ്പെട്ടിരിക്കുന്നത്. ഫസല്‍ അന്വേഷണ കേസിലെ തുടരന്വേഷണ റിപ്പോര്‍ട്ടിലാണ് സിബിഐയുടെ ആവശ്യം കോടതിയെ അറിയിച്ചിരിക്കുന്നത്.
വാളാങ്കിച്ചാല്‍ മോഹനന് വധക്കേസില്‍ സുബീഷിനെ കസ്റ്റഡിയിലെടുത്ത് അന്യായമായി തടങ്കലില്‍വച്ച് മൊഴി രേഖപ്പെടുത്തി എന്നതാണ് സിബിഐ കണ്ടെത്തിയിരിക്കുന്നത്. ഇതില്‍ പോലീസ് രേഖപ്പെടുത്തിയ മൊഴിയും ഫസല്‍ വധക്കേസിലെ സാഹചര്യങ്ങളും പൊരുത്തപ്പെടുന്നില്ല എന്നും സിബിഐ വ്യക്തമാക്കുന്നു. ഒരു ബൈക്കില്‍ നാലുപേര്‍ പോയി എന്നതാണ് സുബീഷിന്റെ മൊഴിയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഇത് ഒരിക്കലും സാധ്യമാകില്ലെന്ന് സിബിഐ പറയുന്നു.
സുബീഷിനെ കസ്റ്റഡിയില്‍ എടുക്കുന്നതിന് മുന്‍പ് തന്നെ സിപിഎം അനുകൂല സാമൂഹിക മാധ്യമങ്ങളില്‍ കൊലപാതകത്തിന് പിന്നില്‍ സുബീഷാണ് എന്ന പ്രചാരണമുണ്ടായിരുന്നു. ഇതിന് ശേഷമാണ് വാളാങ്കിച്ചാല്‍ മോഹനന് വധക്കേസില്‍ സുബീഷിനെ പോലീസ് കസ്റ്റഡിയിലെടുക്കുന്നത്.
കേസില്‍ പുതിയ തെളിവുകളില്ലെന്നും നിലവിലെ പ്രതികള്‍ തന്നെയാണ് പ്രതികളെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെടുന്ന റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാരിന് കൈമാറിയിട്ടുണ്ടെന്നും സിബിഐ പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.