കാലിമോഷണം തടയാന്‍ ശ്രമച്ച എസ്‌ഐയെ വെട്ടിക്കൊന്നു
ചെന്നൈ: കാലിമോഷണം തടയാന്‍ ശ്രമിച്ച പോലീസുകാരനെ വെട്ടിക്കൊന്നു. തിരുച്ചി നവല്‍പ്പെട്ട് പോലീസ് സ്റ്റേഷനിലെ എസ്‌ഐ ഭൂമിനാഥനാണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു ദാരുണമായ സംഭവം. നവല്‍പ്പെട്ട് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ കന്നുകാലികളെയും ആടുകളെയും മോഷ്ടിച്ച് കടത്തിക്കൊണ്ടുപോകുന്നത് പതിവായിരുന്നു.
ഞായറാഴ്ച പുലര്‍ച്ചെ പട്രോളിംഗ് നടത്തുകയായിരുന്ന എസ്‌ഐ ബൈക്കില്‍ ചിലര്‍ ആടിനെ കടത്തിക്കൊണ്ടുപോകുന്നത് കണ്ടു. തുടര്‍ന്ന് എസ്‌ഐ ഇവരെ ബൈക്കില്‍ പിന്തുടര്‍ന്നു. എന്നാല്‍ പള്ളത്തുപള്ളി ഗ്രാമത്തിലെത്തിയപ്പോള്‍ മോഷ്ടാക്കള്‍ പോലീസുകാരനെ ആക്രമിക്കുകയും വെട്ടിക്കൊല്ലുകയുമായിരുന്നു. ശരീരമാകെ വെട്ടി പരിക്കേല്‍പ്പിച്ച് മരണം ഉറപ്പുവരുത്തിയശേഷം സമീപത്തെ റെയില്‍വേ ഗേറ്റിന് സമീപം മൃതദേഹം ഉപേക്ഷിച്ചു.
രാവിലെ ഇതുവഴിയെത്തിയ നാട്ടുകാരാണ് എസ്‌ഐയെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് നാട്ടുകാര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. സംഭവത്തില്‍ പ്രതികളെ കണ്ടെത്താന്‍ പോലീസ് തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. സമീപവാസികള്‍ തന്നെയാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പോലീസിന്റെ നിഗമനം.