പഞ്ചാബില്‍ കോണ്‍ഗ്രസിനെ വട്ടംകറക്കി ക്യാപ്റ്റന്‍
ലുധിയാന: മുഖ്യമന്ത്രി പദത്തില്‍ നിന്നും കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് അപമാനിച്ചു പുറത്താക്കി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗിന്റെ നീക്കങ്ങള്‍ പാര്‍ട്ടിക്കുണ്ടാക്കുന്ന തലവേദന ചെറുതല്ല. ദേശീയതലത്തില്‍ പ്രമുഖനായ ഒരു കോണ്‍ഗ്രസ് നേതാവ് ക്യാപ്റ്റനുമായി ചര്‍ച്ച നടത്തിയെന്ന വാര്‍ത്ത വന്നതോടെ ഹൈക്കമാന്‍ഡ് കൂടുതല്‍ ഭീതിയിലായിരിക്കുകയാണ്.
നെഹ്‌റു കുടുംബത്തിന്റെ ഏകാധിപത്യത്തില്‍ നിന്നും പാര്‍ട്ടിയെ രക്ഷിക്കാനായി രൂപീകരിച്ച ജി 23 ഗ്രൂപ്പിലെ പ്രമുഖനായ നേതാവാണ് അമരീന്ദറുമായി ചര്‍ച്ച നടത്തിയിട്ടുള്ളത്. കോണ്‍ഗ്രസ് പാര്‍ട്ടി പ്രവര്‍ത്തകരെയും നേതാക്കളെയും തന്റെ പുതിയ പാര്‍ട്ടിയിലേക്കെത്തിക്കാന്‍ അമരീന്ദര്‍ നടത്തുന്ന നീക്കം ഫലം കണ്ടുതുടങ്ങിയിട്ടുണ്ട്. തന്റെ എംപി സ്ഥാനം രാജിവയ്ക്കുമെന്നും അമരീന്ദറിന്റെ പാര്‍ട്ടിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും അമരീന്ദറിന്റെ ഭാര്യ പ്രണീത് കൗര്‍ പ്രഖ്യാപിച്ചു.
പഞ്ചാബില്‍ നിന്നും കോണ്‍ഗ്രസ് ടിക്കറ്റിലാണ് പ്രണീത് കൗര്‍ പാര്‍ലമെന്റിലെത്തിയിട്ടുളളത്. പ്രണീത് കൗര്‍ രാജി പ്രഖ്യാപിച്ചതോടെ ഹൈക്കമാന്‍ഡ് അവര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. പ്രണീത് കൗര്‍ രാജി വച്ചാല്‍ അവിടെ നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ കോണ്‍ഗ്രസ് നന്നായി വിയര്‍ക്കുമെന്ന് സംസ്ഥാന നേതാക്കള്‍ക്കറിയാം. ഇക്കാര്യം അവര്‍ ഹൈക്കമാന്‍ഡിനെയും അറിയിച്ചിട്ടുണ്ട്. അടുത്ത വര്‍ഷം ആദ്യം നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ലോക്‌സഭ ഉപതിരഞ്ഞെടുപ്പില്‍ പരാജയമേറ്റുവാങ്ങിയാല്‍ കോണ്‍ഗ്രസിന് ജയിക്കാവുന്ന സീറ്റുകള്‍ കൂടി നഷ്ടമാകുന്ന അവസ്ഥയുണ്ടാക്കും.
പ്രദേശിക നേതാക്കളില്‍ പലരും കോണ്‍ഗ്രസ് വിടാനൊരുങ്ങുകയാണെന്നാണ് പഞ്ചാബില്‍ നിന്നും ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. നെഹ്‌റു കുടുംബത്തിന്റെ അവഗണനയില്‍ അസ്വസ്ഥരായ ചില ദേശീയനേതാക്കള്‍ കൂടി അമരീന്ദറിനൊപ്പം ചേര്‍ന്നേക്കുമെന്ന റിപ്പോര്‍ട്ടുകളും സജീവമാണ്. ഇതെല്ലാം മറികടക്കാന്‍ സിദ്ദുവിനെക്കൊണ്ട് സാധിക്കുമോ എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ചോദിക്കുന്നത്. മാത്രമല്ല പഞ്ചാബില്‍ അകാലിദളും ആം ആദ്മി പാര്‍ട്ടിയും ഉയര്‍ത്തുന്ന വെല്ലുവിളി ഭരണത്തുടര്‍ച്ചയെന്ന കോണ്‍ഗ്രസ് മോഹം തല്ലിത്തകര്‍ക്കുകയാണ്.