ഏകാധിപത്യം വിടാതെ ഹൈക്കമാന്‍ഡ്; കോണ്‍ഗ്രസ് രാജ്യത്ത് അപ്രത്യക്ഷമാകുന്നു
ന്യൂഡല്‍ഹി: ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തില്‍ മുഖ്യപങ്കുവഹിച്ച ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഒരു കുടുംബസ്വത്തായി മാറി ദേശീയ രാഷ്ട്രീയത്തില്‍ പ്രസക്തി നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. ആറ് പതിറ്റാണ്ട് രാജ്യം അടക്കി ഭരിച്ചിരന്ന കോണ്‍ഗ്രസ് പ്രസ്ഥാനം അതിന്റെ തകര്‍ച്ചയുടെ ഏറ്റവും മൂര്‍ധന്യാവസ്ഥയിലാണ് ഇപ്പോള്‍. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ആര്‍ക്കും വിലയെടുക്കാവുന്ന ഒരു രാഷ്ട്രീയ പാര്‍ട്ടിയായി കോണ്‍ഗ്രസ് മാറിയിരിക്കുന്നു എന്നാണ് യാഥാര്‍ഥ്യം.
വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ചുവടുറപ്പിക്കുന്നതിന്റെ ഭാഗമായി ഇല്ലാതാകുന്നത് മേഘാലയയിലെ കോണ്‍ഗ്രസ് പ്രസ്ഥാനമാണ്. കോണ്‍ഗ്രസിലെ 12 എംഎല്‍എമാരാണ് ഒരു രാത്രി ഇരുട്ടി വെളുത്തപ്പോള്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്. മുന്‍ മുഖ്യമന്ത്രി മുകുള്‍ സാഗ്മ അടക്കം 12 പേരുടെ പാര്‍ട്ടിമാറല്‍ തൃണമൂലിനെ മുഖ്യപ്രതിപക്ഷമായി മാറ്റിക്കഴിഞ്ഞു. കോണ്‍ഗ്രസിന് സംസ്ഥാനത്ത് ആകെയുണ്ടായിരുന്നത് 17 എംഎല്‍എമാരായിരുന്നു. പാര്‍ട്ടി മാറിയത് കാണിച്ച് എംഎല്‍എമാര്‍ കഴിഞ്ഞ ദിവസം രാത്രി 10 മണിയോടെ സ്പീക്കര്‍ മെത്ബ ലിങ്ദോയ്ക്ക് കത്ത് നല്‍കിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് നേതാക്കളായ കീര്‍ത്തി ആസാദും അശോക് തന്‍വാറും പവന് ശര്‍മയും ഡല്‍ഹിയില്‍ വച്ച് മമത ബാനര്‍ജിയില്‍ നിന്നും പാര്‍ട്ടി അംഗത്വം സ്വീകരിച്ചതിനു പിന്നാലെയാണ് മേഘാലയയിലെ ഈ വലിയ അട്ടിമറി. നേരത്തെ അസം, ഉത്തര്‍പ്രദേശ്, ബിഹാര്‍, ഹരിയാന എന്നിവിടങ്ങളില്‍ നിന്നും നേതാക്കള്‍ തുണമൂലില്‍ എത്തിയിരുന്നു. ഈ സംസ്ഥാനങ്ങളിലെല്ലാം വന്‍ നഷ്ടമാണ് കോണ്‍ഗ്രസിനുണ്ടായിട്ടുള്ളത്. ഒരു സംസ്ഥാനത്ത് ആകെയുണ്ടായിരുന്ന എംഎല്‍എമാരില്‍ ഭൂരിപക്ഷവും മറ്റൊരു പാര്‍ട്ടിയിലേക്ക് ചേക്കേറുന്നത് ആദ്യ സംഭവമല്ല.
2017ല്‍ ത്രിപുരയില്‍ എട്ട് കോണ്‍ഗ്രസ് എംഎല്‍മാര്‍ ബിജെപിയിലേക്കു ചേക്കേറി. ആ സംഭവത്തോടെ സംസ്ഥാനത്ത് 10 എംഎല്‍എമാരുണ്ടായിരുന്ന കോണ്‍ഗ്രസിന് രണ്ട് പേര് മാത്രമായ അവസ്ഥയായി. ഇത്തരത്തില്‍ മറ്റു പാര്‍ട്ടികള്‍ക്ക് നേതാക്കളെ കൊടുക്കുന്ന ഒരു ഏജന്‍സിയായി കോണ്‍ഗ്രസ് മാറുന്ന കാഴ്ചയാണ് സമീപ കാലങ്ങളില്‍ രാജ്യത്ത് കാണാന്‍ കഴിയുന്നത്.
ഭാവി പ്രധാനമന്ത്രിയായി സ്വയം അവരോധിച്ച് പ്രവര്‍ത്തനം നടത്തുന്ന രാഹുല്‍ ഗാന്ധി കേരളം വിട്ട് ഇന്ത്യയില്‍ മറ്റെവിടെ മത്സരിച്ചാലും കെട്ടിവച്ച പൈസ പോലും തിരിച്ചുപിടിക്കാന്‍ കഴിയില്ലെന്ന അവസ്ഥയിലേക്ക് എത്തിയിട്ടുണ്ടെന്ന് പല കോണ്‍ഗ്രസ് നേതാക്കളും ഒളിഞ്ഞും തെളിഞ്ഞും പറയുന്നുണ്ട്.