തുഷാര്‍ വെള്ളാപ്പള്ളിയെ വിവാഹത്തിന് ക്ഷണിച്ചു; പാര്‍ട്ടി പ്രവര്ത്തകന് തരംതാഴ്ത്തല്‍
ആലപ്പുഴ: ബിഡിജെഎസ് സംസ്ഥാന പ്രസിഡന്റും എസ്എന്‍ഡിപി വൈസ് പ്രസിഡന്റുമായ തുഷാര്‍ വെള്ളാപ്പള്ളിയെ വിവാഹത്തിന് ക്ഷണിച്ച ബാലസംഘം സംസ്ഥാന സെക്രട്ടറി മിഥുന് ഷായെ ഏരിയ സമ്മേളന പ്രതിനിധി സ്ഥാനത്തുനിന്നും സിപിഎം നീക്കി. തുഷാര്‍ വെള്ളാപ്പള്ളിക്കൊപ്പം കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബിഡിജെഎസ് സ്ഥാനാര്‍ഥിയായിരുന്ന മുന്‍ സിപിഎം നേതാവ് അഡ്വ. പി.എസ്. ജ്യോതിസ്, പാര്‍ട്ടി പുറത്താക്കിയ എസ്എഫ്ഐ മുന്‍ സംസ്ഥാന ജോയിന്റ് സെക്രട്ടറിയും വി.എസ്. അച്യുതാനന്ദന് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ പേഴ്സണല്‍ സ്റ്റാഫ് അംഗവുമായിരുന്ന ലതീഷ് ബി. ചന്ദ്രന് എന്നിവരും വിവാഹത്തില്‍ പങ്കെടുത്തിരുന്നു.
സിപിഎമ്മില്‍ നിന്ന് പുറത്താക്കപ്പെട്ടവര്‍ വിവാഹത്തിലെത്തി എന്ന കാരണത്താല്‍ ആലപ്പുഴയിലെ ഏരിയ സമ്മേളനം പ്രതിനിധിസ്ഥാനത്തു മിഥുനെ ഒഴിവാക്കിയിരുന്നു.ഇതേതുടര്‍ന്ന് മിഥുന് ഫേസ്ബുക്കില്‍ മാപ്പപേക്ഷിച്ച് ഒരു പോസ്റ്റ് ഇട്ടതോടു കൂടി വലിയ വാര്‍ത്തയായി. തന്റെ വിവാഹത്തില്‍ തുഷാര്‍ വെള്ളാപ്പള്ളി, പി.എസ്. ജ്യോതിസ്, ലതീഷ് ബി. ചന്ദ്രന് എന്നിവര്‍ പങ്കെടുത്തത് പാര്‍ട്ടിക്ക് അവമതിപ്പ് ഉണ്ടാവുകയും, ഈ വിഷയത്തില്‍ ഏരിയ സമ്മേളന പ്രതിനിധി സ്ഥാനത്ത് നിന്ന് ഒഴിവാക്കി തന്നെ ലോക്കല്‍ കമ്മിറ്റിയിലേക്ക് മാറ്റിയിരിക്കുകയാണ.് പാര്‍ട്ടി നടപടി അംഗീകരിക്കുന്നുവെന്നും ക്ഷമ ചോദിക്കുന്നത് എന്നുമാണ് മിഥുന് ഫേസ്ബുക്കില്‍ കുറിച്ചത്.
നവംബര്‍ 16നായിരുന്നു മിഥുന്റെ കല്യാണം നടന്നത്. ഇന്നാണ് കഞ്ഞിക്കുഴി ഏരിയ സമ്മേളനം അര്‍ത്തുങ്കലില്‍ തുടങ്ങുന്നത്. ഏതായാലും പാര്‍ട്ടിയ്ക്ക് ഇഷ്ടമില്ലാത്തവര്‍ പാര്‍ട്ടി അംഗങ്ങളുടെ കല്യാണത്തിനോ മറ്റു ചടങ്ങുകള്‍ക്കോ പങ്കെടുക്കണേ വേണ്ടയോയെന്ന് പാര്‍ട്ടി തീരുമാനിക്കും എന്ന നിലയിലാണ് കാര്യങ്ങള്‍.