ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്ത വീണ ജോര്‍ജിനെതിരെ സിപിഎം പ്രവര്‍ത്തകരുടെ രൂക്ഷവിമര്‍ശനം
പത്തനംതിട്ട: ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്ത മന്ത്രി വീണ ജോര്‍ജിനെതിരെ സിപിഎം പത്തനംതിട്ട ഏരിയ സമ്മേളനത്തില്‍ രൂക്ഷവിമര്‍ശനം. വിളിച്ചാല്‍ മന്ത്രി ഫോണ്‍ എടുക്കാതിരിക്കുന്നതും കര്‍ശനവിമര്‍ശനമുയരുന്നതിന് കാരണമായി. ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്യാന്‍ വീണ ജോര്‍ജിന് മാത്രമായി ഇളവ് അനുവദിച്ച സാഹചര്യം മനസിലാകുന്നില്ലെന്ന് സമ്മേളന പ്രതിനിധിയായ നഗരസഭ കൗണ്‍സിലര്‍ പറഞ്ഞു.
നേരത്തേ ലോക്കല്‍, ബ്രാഞ്ച് സമ്മേളനങ്ങളില്‍ വീണയ്ക്കെതിരേ ഉന്നയിക്കപ്പെട്ട ആരോപണങ്ങളെല്ലാം തന്നെ ഇവിടെയും ആവര്‍ത്തിച്ചു. പാര്‍ട്ടി നേതാക്കളും സാധാരണ ജനങ്ങളും വിളിച്ചാല്‍ മന്ത്രി ഫോണ്‍ എടുക്കാറില്ല. ജില്ല നേതാക്കളുടെ ഫോണ്‍ കണ്ടാല്‍ പോലും തിരിച്ചു വിളിക്കാറില്ല. ജില്ല ആസ്ഥാനത്ത് സിപിഎം നേതാക്കളില്‍ നിന്ന് അകന്ന് മറ്റു പാര്‍ട്ടിക്കാരുമായിട്ടാണ് മന്ത്രി പ്രവര്‍ത്തിക്കുന്നതെന്ന ആരോപണവും ഉയര്‍ന്നു.
അത്യാവശ്യകാര്യങ്ങള്‍ക്ക് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് പോലും മന്ത്രിയെ ഫോണില്‍ ബന്ധപ്പെടാന്‍ കഴിയുന്നില്ല. പ്രഖ്യാപിച്ച പല പദ്ധതികളും നടപ്പാക്കാന്‍ കഴിഞ്ഞിട്ടില്ല. ആരോഗ്യമന്ത്രി എന്നതിനപ്പുറം ആറന്മുളയിലെ എംഎല്‍എയാണ് വീണയെന്ന കാര്യം മറക്കരുതെന്നും പ്രതിനിധികള്‍ ആവശ്യപ്പെട്ടു. ഏരിയാ കമ്മറ്റിയംഗമായ വീണയും സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്.