കടക്കെണിയിലായ പാക്കിസ്ഥാന് കോടികള്‍ കിട്ടിയിട്ടും തൊടാനാവുന്നില്ല
ഇസ്ലാമാബാദ്: കടക്കെണിയിലായ പാക്കിസ്ഥാന് മൂന്ന് ബില്യണ്‍ ഡോളര്‍ സൗദി അറേബ്യയില്‍ നിന്ന് ഉടന്‍ സഹായം ലഭിക്കുമെങ്കിലും അത് വിപണിയില്‍ ഇറക്കാന്‍ സര്‍ക്കാരിന് കഴിയുകയില്ല. ഒരു വര്‍ഷത്തേയ്ക്ക് ഈ തുക പാക് സെന്‍ട്രല്‍ ബാങ്കിന്റെ നിക്ഷേപത്തില്‍ സൂക്ഷിക്കണം എന്ന വ്യവസ്ഥയിലാണ് സൗദി പണം നല്‍കുന്നത്. സ്റ്റേറ്റ് ബാങ്ക് ഓഫ് പാക്കിസ്ഥാന്റെ കരുതല്‍ ശേഖരം കുത്തനെ ഇടിഞ്ഞതിനെ തുടര്‍ന്നാണ് പണം കടമെടുത്ത് സൂക്ഷിക്കേണ്ട ഗതികേടിലേക്ക് പാക് സര്‍ക്കാര്‍ എത്തിയത്.
മൂന്ന് ബില്യണ്‍ യുഎസ് ഡോളറിന്റെ വായ്പയ്ക്ക് കഴിഞ്ഞ ദിവസം ഇമ്രാന്‍ ഖാന്റെ നേതൃത്വത്തിലുള്ള കാബിനറ്റ് അംഗീകാരം നല്‍കിയിരുന്നു. ഇതിന് തൊട്ടുപിന്നാലെ സൗദിയില്‍ നിന്ന് സഹായം ലഭിക്കുന്ന നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. രണ്ട് ദിവസത്തിനുള്ളില്‍ സൗദിയില്‍ നിന്നും തുക ലഭിക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ വെളിപ്പെടുത്തി. സൗദിയില്‍ നിന്നും ലഭിക്കുന്ന തുക ഉടന്‍ ചിലവഴിക്കാനാവില്ലെങ്കിലും അടുത്ത 60 ദിവസത്തിനുള്ളില്‍ പാകിസ്ഥാന് ഏഴ് ബില്യണ്‍ യുഎസ് ഡോളറാണ് വിവിധ വായ്പകളായി ലഭിക്കുന്നത്.
ഇതില്‍ സൗദി അറേബ്യയില്‍ നിന്നുള്ള മൂന്ന് ബില്യണ്‍ ഡോളര്‍ നിക്ഷേപം, 1.2 ബില്യണ്‍ ഡോളറിന്റെ സൗദി ഓയില്‍ ഫെസിലിറ്റി, 800 മില്യണ്‍ യുഎസ് ഡോളര്‍ ഇസ്ലാമിക് ഡെവലപ്മെന്റ് ബാങ്ക് വഴിയും ലഭിക്കും. കൂടാതെ ബോണ്ടുകള്‍ വഴി ഒരു ബില്യണ്‍ ഡോളറും പാക്കിസ്ഥാന്‍ ശേഖരിക്കുന്നുണ്ട്. എന്നാല്‍ കടമെടുത്ത് കടം വീട്ടേണ്ട അവസ്ഥയിലാണ് പാക്കിസ്ഥാന്‍ ഇപ്പോള്‍. ഉറ്റ ചങ്ങാതിയായ ചൈനയാണ് പാക്കിസ്ഥാനെ കടക്കെണിയിലേക്ക് കൊണ്ടു പോകുന്നത്.
ലോക സംഘടനകള്‍ക്ക് പുറമെ, യുണൈറ്റഡ് അറബ് എമിറേറ്റ്‌സില്‍ നിന്നുമാണ് പാക്കിസ്ഥാന്‍ പതിവായി കടം വാങ്ങിയിരുന്നത്. എന്നാല്‍ യുഎഇയുമായി അടുത്തിടെയുണ്ടായ അസ്വാരസ്യങ്ങളാണ് ചൈനയെ പാക്കിസ്ഥാന്റെ പണാവശ്യങ്ങള്‍ക്കുള്ള സുഹൃത്താക്കി മാറ്റിയത്. 2020-21 സാമ്പത്തിക വര്‍ഷത്തില്‍ കാലാവധി പൂര്‍ത്തിയാകുന്ന കടം തിരിച്ചടയ്ക്കാന്‍ വേണ്ടി പാക്കിസ്ഥാന്‍ ചൈനയ്ക്ക് 26 ബില്യണ്‍ രൂപ പലിശയിനത്തില്‍ മാത്രം നല്‍കി.