ഒമിക്രോണ്‍ ഭീഷണിക്കിടെ വാക്സിനോട് മുഖം തിരിച്ച് കേരളത്തിലെ അധ്യാപകരും
തിരുവനന്തപുരം: ലോകം മുഴുവനും കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണിനെ പ്രതിരോധിക്കാന്‍ തയ്യാറെടുക്കുമ്പോള്‍ കേരളത്തിലെ അധ്യാപകര്‍ വാക്സിനോട് മുഖം തിരിക്കുന്നു. വാക്സിനെടുക്കാത്ത അധ്യാപകര്‍ സ്കൂളുകളിലെത്തി ക്ലാസെടുത്തത് വന്‍ ആശങ്കയാണ് ഉയര്‍ത്തിയിരിക്കുന്നത്. സ്കൂളുകളുടെ പ്രവര്‍ത്തനം വൈകുന്നേരം വരെയാക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നതിനിടെയാണ് അയ്യായിരത്തോളം അധ്യാപകര്‍ വാക്സിനെടുത്തിട്ടില്ലെന്ന് വിദ്യാഭ്യാസമന്ത്രി തന്നെ വെളിപ്പെടുത്തിയത്.
ഇവരില്‍ പലരും സ്കൂളുകളിലെത്തി ക്ലാസുകളെടുത്തെന്നറിഞ്ഞതോടെ വിദ്യാര്‍ഥികളും സഹപ്രവര്‍ത്തകരും രക്ഷിതാക്കളുമെല്ലാം ഭീതിയിലാണ്. ഇതോടെ വാക്സിനെടുക്കാത്ത അധ്യാപകര്‍ സ്കൂളുകളിലെത്തി ക്ലാസെടുക്കരുതെന്ന വിദ്യാഭ്യാസ, ആരോഗ്യ വകുപ്പുകളുടെ നിര്‍ദേശം അട്ടിമറിക്കപ്പെട്ടിരിക്കുകയാണ്. വ്യാപനശേഷി കൂടിയ കോവിഡ് വകഭേദമായ ഒമിക്രോണ്‍ ലോകത്തിനു ഭീഷണിയാകുന്നതിനിടെയാണ് അധ്യാപകരുടെ വാക്സിന് വിമുഖത ചര്‍ച്ചയാകുന്നത്.
കുട്ടികള്‍ക്കു വാക്സിന് ലഭ്യമല്ലെന്നിരിക്കെ ഇങ്ങനെയുള്ള അധ്യാപകരുടെ മുന്നിലേക്കു കുട്ടികളെ എങ്ങനെ അയയ്ക്കുമെന്നാണ് രക്ഷിതാക്കളുടെ ചോദ്യം. കുട്ടികളുടെ ജീവിതത്തിന് ശാസ്ത്രീയ അടിത്തറയിടേണ്ട അധ്യാപകര്‍ വാക്സിനെടുക്കാന്‍ വിസമ്മതിക്കുന്നത് കുട്ടികള്‍ക്ക് എന്തു സന്ദേശമാണ് നല്‍കുന്നതെന്ന ചോദ്യം ഉയരുമ്പോള്‍ സര്‍ക്കാരും പ്രതിരോധത്തിലാവുകയാണ്. ചില സ്വകാര്യ സ്കൂളുകളില്‍ വാക്സിടെുക്കാത്ത അധ്യാപകരെ നിര്‍ബന്ധിച്ച് സ്കൂളിലെത്തിക്കുന്നതായും വിവരമുണ്ട്.
സംസ്ഥാനത്ത് ഇപ്പോഴും കോവിഡ് പോസിറ്റിവിറ്റി എട്ട് ശതമാനത്തിനു മുകളിലാണ്. മരണസംഖ്യയില്‍ കേരളമാണു രാജ്യത്ത് രണ്ടാമത്. കോവിഡിന്റെ മൂന്നാം തരംഗം കുട്ടികളെ ബാധിക്കാനിടയുണ്ടെന്നു വിദഗ്ധര്‍ മുന്നറിയിപ്പു നല്‍കിയിട്ടും അധ്യാപകരുടെ വാക്സിനേഷനെപ്പറ്റി സര്‍ക്കാര്‍ കൃത്യമായ വിവരശേഖരണം നടത്തിയിട്ടില്ല.
സ്കൂള്‍ തുറക്കുന്നതിനു മുമ്പ് എല്ലാ അധ്യാപകരും വാക്സിനെടുക്കണമെന്ന നിര്‍ദേശം വിദ്യാഭ്യാസ വകുപ്പ് സ്കൂള്‍ തുറക്കുന്നതിനുള്ള മാര്‍ഗരേഖയില്‍ ഉള്‍പ്പെടുത്തിയിരുന്നു. അത് കൃത്യമായി പാലിക്കപ്പെട്ടില്ലെന്ന വകുപ്പ് മന്ത്രി തന്നെയാണ് വെളിപ്പെടുത്തിയിരിക്കുന്നത്. വാക്സിനെടുക്കാത്ത അധ്യാപകരില്‍ വലിയൊരു വിഭാഗം മതപരമായ കാരണങ്ങളാലാണു മടിച്ചുനില്ക്കുന്നതെന്നു വിമര്‍ശനമുയര്‍ന്നിരുന്നു. എന്നാല്‍, അധ്യാപകരുടെ വാക്സിന് വിമുഖതയ്ക്കു സര്‍ക്കാര്‍ വിശദീകരണം നല്‍കിയിട്ടില്ല. ഒട്ടേറെ അനധ്യാപക ജീവനക്കാരും വാക്സിനെടുത്തിട്ടില്ല.