DeathKerala NewsLatest NewsNews

പത്തടിപ്പാലത്ത് മെട്രോ പില്ലറില്‍ കാര്‍ ഇടിച്ച് യുവതി മരിച്ചു

കൊച്ചി: ദേശീയപാതയില്‍ ഇടപ്പള്ളി പത്തടിപ്പാലത്ത് മെട്രോ പില്ലറില്‍ കാര്‍ ഇടിച്ചുമറിഞ്ഞ് യുവതി മരിച്ചു. സംഭവത്തില്‍ അടിമുടി ദുരൂഹതയെന്നു പോലീസ്. എടത്തല എരുമത്തല കൊട്ടാരപ്പിള്ളി വീട്ടില്‍ മുഹമ്മദിന്റെ മകള്‍ കെ.എം. മന്‍സിയ എന്ന സുഹാന (22) ആണ് മരിച്ചത്. കാര്‍ ഡ്രൈവര്‍ പാലക്കാട് കാരമ്പാറ്റ സല്‍മാന് (26) നേരിയ പരുക്കേറ്റു.

അപകട സമയത്ത് ഇവര്‍ക്കൊപ്പമുണ്ടായിരുന്ന യുവാവ് മുങ്ങിയതാണ് ദുരൂഹത ഉയര്‍ത്തുന്നത്. ഡ്രൈവറെ പോലീസ് സ്റ്റേഷനില്‍ എത്തിച്ചു ചോദ്യം ചെയ്യുകയാണ്. പുലര്‍ച്ചെ 1.50ഓടെ എറണാകുളത്തുനിന്നും ആലുവ ഭാഗത്തേയ്ക്കു പോകുമ്പോള്‍ മെട്രോ പില്ലറുകളായ 323നും 324നും ഇടയില്‍ മീഡിയനിലെ വഴിവിളക്കില്‍ ഇടിച്ചിട്ടാണ് കാര്‍ തകര്‍ന്നത്. ഒരാള്‍ കുറുകെ ചാടിയതാണ് അപകടമുണ്ടാക്കിയത് എന്നു പറയുന്നു. വാഹനം 90 കിലോമീറ്റര്‍ വേഗത്തിലായിരുന്നു.

യുവതി ലിസി ആശുപത്രി ഭാഗത്തുനിന്ന് രാത്രി 11 മണിക്കാണ് യുവാവിനൊപ്പം കാറില്‍ കയറിയതെന്നാണ് വിവരം. പിറന്നാള്‍ വിരുന്ന് കഴിഞ്ഞു മടങ്ങുകയാണ് എന്നാണ് അറിയിച്ചത്. ഇടയ്ക്കുവച്ചാണ് മൂന്നാമത് ഒരാള്‍ കൂടി വാഹനത്തില്‍ കയറിയത്. യുവതിയുടെ സുഹൃത്ത് എന്നു പറഞ്ഞു കാറില്‍ കയറിയ മൂന്നാമന്‍, അപകടം സംഭവിച്ചതിനു പിന്നാലെ സ്ഥലത്തുനിന്നു മുങ്ങുകയായിരുന്നു.

വാഹനം ഓടിച്ച സല്‍മാന് ഇയാളെ അറിയില്ലെന്നാണു പറയുന്നത്. അതേസമയം 11 മണി മുതല്‍ 1.50 വരെ ഇവര്‍ എവിടെയായിരുന്നു എന്നത് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ പോലീസ് അന്വേഷിക്കുകയാണ്. മൂന്നാമനെ കണ്ടെത്താനായാല്‍ മാത്രമേ സംഭവത്തിന്റെ ദുരൂഹത സംബന്ധിച്ചു വ്യക്തത വരൂ. ഇയാള്‍ക്കായി അന്വേഷണം പുരോഗമിക്കുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button