ജനനി ജന്മരക്ഷ പദ്ധതിയുടെ ആനുകൂല്യമില്ല; അവഗണനയുടെ അഗാധഗര്‍ത്തത്തില്‍ അട്ടപ്പാടി
അഗളി: സര്‍ക്കാരിന്റെ അവഗണനയും ഉദ്യോഗസ്ഥരുടെ അനാസ്ഥയും അട്ടപ്പാടിയെ ദാരിദ്ര്യത്തിന്റെ പടുകുഴിയിലേക്ക് നയിക്കുകയാണ്. തുടര്‍ച്ചയായ ശിശുമരണങ്ങള്‍ അതിന്റെ നേര്‍സാക്ഷ്യമാണ്. അട്ടപ്പാടിയില്‍ ശിശുമരണം ആവര്‍ത്തിക്കുമ്പോള്‍ ആദിവാസി ഗര്‍ഭിണികള്‍ക്കും അമ്മമാര്‍ക്കുമുള്ള പോഷകാഹാര പദ്ധതിയായ ജനനി ജന്മരക്ഷ അട്ടിമറിക്കപ്പെട്ടു.
കഴിഞ്ഞ എട്ട് മാസമായി ഊരുകളില്‍ ആനുകൂല്യം വിതരണം ചെയ്തിട്ടില്ല. കോവിഡ് സാഹചര്യത്തില്‍ ജോലിയും ഇല്ലാതായതോടെ പൂര്‍ണ്ണ ദാരിദ്ര്യത്തിലാണ് അട്ടപ്പാടിയിലെ ഊരുകള്‍. പോഷകാഹാരക്കുറവ് കൊണ്ട് കഴിഞ്ഞ് ആറ് ദിവസത്തിനിടെ അഞ്ച് കുഞ്ഞുങ്ങളാണ് അട്ടപ്പാടിയില്‍ മരിച്ചത്. മരണം പോഷകാഹാര കുറവു കൊണ്ടാണെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. എട്ട് വര്‍ഷം മുമ്പ് ആദിവാസി ഊരുകളില്‍ ശിശുമരണം വ്യാപകമായപ്പോഴാണ് സംസ്ഥാന സര്‍ക്കാര്‍ ജനനി ജന്മരക്ഷ പദ്ധതി നടപ്പാക്കിയത്.
പോഷകാഹാരത്തിനായി ഗര്‍ഭിണിയാവുന്ന മൂന്നാം മാസം മുതല്‍ പതിനെട്ട് മാസം വരെ രണ്ടായിരം രൂപ ഗര്‍ഭിണികള്‍ക്കും അമ്മമാര്‍ക്കും വിതരണം ചെയ്യുന്നതാണ് പദ്ധതി. എന്നാല്‍ കഴിഞ്ഞ എട്ട് മാസങ്ങളായി ഈ തുക ലഭിച്ചിട്ടില്ല. അട്ടപ്പാടിയില്‍ ശരാശരി 550 പേരാണ് ഒരു വര്‍ഷം ജനനി ജന്മരക്ഷ പദ്ധതിയുടെ ഗുണഭോക്താക്കളായി രജിസ്റ്റര്‍ ചെയ്യുന്നത്. ആനുകൂല്യം ലഭ്യമാക്കുന്നതിന് ഒരു കോടി രൂപ നവംബര്‍ 22ന് പാസായിട്ടുണ്ട്. എന്നാല്‍ ഇതുവരെ തുക വിതരണം ചെയ്തിട്ടില്ല.
രാജ്യത്ത് ഏറ്റവും കുറവ് ദാരിദ്ര്യമുള്ള സംസ്ഥാനമെന്ന സ്ഥാനം നീതി ആയോഗ് കേരളത്തിന് നല്‍കിയ സമയത്താണ് പോഷകാഹാരക്കുറവ് മൂലം അട്ടപ്പാടിയില്‍ കുഞ്ഞുങ്ങള്‍ മരിക്കുന്നത്. ഒരു വര്‍ഷത്തിനിടെ 12 കുഞ്ഞുങ്ങളാണ് അട്ടപ്പാടിയില്‍ മരിച്ചത്. മരിച്ച അമ്മമാരുടെ എണ്ണവും കുറവല്ല. പോഷകാഹാരക്കുറവുകൊണ്ടുള്ള രോഗങ്ങളും മറ്റ് പകര്‍ച്ചവ്യാധികളും പിടിപെട്ട് അമ്മമാരും മരിക്കുന്നു.
അതേസമയം അട്ടപ്പാടി ട്രൈബല്‍ സ്പെഷ്യാലിറ്റി ആശുപത്രിയില്‍ ഗര്‍ഭിണികള്‍ക്ക് വിദഗ്ധ ചികിത്സ ലഭിക്കുന്നില്ലെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. അട്ടപ്പാടിയിലെ ആദിവാസികളുടെ ഏക ആശ്രയമായ ട്രൈബല്‍ സ്പെഷ്യാലിറ്റി ആശുപത്രിയില്‍ ജീവനക്കാരുടെ കുറവും പ്രതിസന്ധിയാണ്. സര്‍ക്കാര്‍ മേഖലയില്‍ വിനിയോഗിക്കാന്‍ തുകയില്ലെന്ന് കൈമലര്‍ത്തുമ്പോള്‍ സ്വാകര്യമേഖലയില്‍ അതേ ആവശ്യത്തിന് ചെലവാക്കുന്നത് കോടികള്‍.
കോട്ടത്തറ ട്രൈബല്‍ ആശുപത്രി സ്പെഷ്യല്‍റ്റിയാക്കണമെന്നും വെന്റിലേറ്റര്‍ സൗകര്യത്തോടെയുള്ള ആംബുലന്‍സ് വേണമെന്നുമുള്ള ആവശ്യങ്ങള്‍ പണമില്ലെന്നു പറഞ്ഞു തള്ളുമ്പോള്‍ കഴിഞ്ഞ സാമ്പത്തികവര്‍ഷം മാത്രം അട്ടപ്പാടിയില്‍ സ്വകാര്യ ആംബുലന്‍സുകള്‍ക്ക് ഉള്‍പ്പെടെ ചിലവാക്കിയത് 35 ലക്ഷം രൂപ. കക്കുപ്പടിയിലെ സ്വകാര്യ ആംബുലന്‍സിനും പാലിയേറ്റിവ് സൊസൈറ്റിയുടെ ആംബുലന്‍സിനുമായി വാടകയിനത്തില്‍ 11 ലക്ഷം ചിലവായി.
അടിയന്തര സാഹചര്യങ്ങളില്‍ മണ്ണാര്‍ക്കാട് നിന്ന് ജീവന്‍ രക്ഷാ ആംബുലന്‍സുകളെത്തിയ വകയില്‍ രണ്ട് ലക്ഷത്തോളം രൂപയും നല്‍കി. 2021 മാര്‍ച്ചിനുശേഷം ഇതുവരെ ചിലവായ തുക കൂടി ചേര്‍ത്താല്‍ അരക്കോടി കവിയും. ഐടിഡിപിയുടെ ആംബുലന്‍സുകള്‍ക്കുണ്ടായ ചിലവുകള്‍ ഇതിനു പുറമേയാണ്. ആശുപത്രിയില്‍ സ്പെഷ്യലിസ്റ്റ് ഡോക്ടര്‍മാരുടെ കുറവ് മുമ്പ് തന്നെ പ്രദേശത്തുള്ളവരും ആശുപത്രി അധികൃതരും പരാതിയായി ഉന്നയിച്ചിരുന്നു. ഇതിന് പുറമെ മൂന്ന് മാസത്തെ ശമ്പളം കുടിശ്ശികയായതോടെ 59 താല്‍ക്കാലിക ജീവനക്കാരെ കഴിഞ്ഞ ആഴ്ച കൂട്ടത്തോടെ പിരിച്ചുവിടുകയും ചെയ്തു.
സഹകരണ ആശുപത്രിയുമായി സര്‍ക്കാര്‍ കരാറുണ്ടാക്കിയ കാലയളവില്‍ 68 ലക്ഷം രൂപയാണ് ആംബുലന്‍സ് വാടകയായി ചെലവായത്. ഇങ്ങനെ തുക ചിലവാക്കുന്നതിനു പകരം കോട്ടത്തറ ആശുപത്രിയിലേക്ക് വെന്റിലേറ്റര്‍ സൗകര്യത്തോടെയുള്ള ഒരു ആംബുലന്‍സ് അനുവദിക്കുന്നതില്‍ എന്താണു തടസമെന്ന് ആര്‍ക്കും മനസിലാവുന്നില്ല.
കോട്ടത്തറ ആശുപത്രിയില്‍ അഞ്ച് ആംബുലന്‍സുകളില്‍ മൂന്നെണ്ണം കട്ടപ്പുറത്താണ്. ബാക്കിയുള്ള രണ്ടെണ്ണത്തിനായി കഴിഞ്ഞ സാമ്പത്തികവര്‍ഷം ചെലവായത് 10 ലക്ഷം രൂപയോളമാണ്. അട്ടപ്പാടിയില്‍ നിന്നു രോഗികളുമായി പോയ വകയില്‍ അഗളിയിലെ സ്വകാര്യ ആശുപത്രിയുടെ ആംബുലന്‍സിന് 12 ലക്ഷം രൂപ നല്‍കേണ്ടിയും വന്നു.