കരുനാഗപ്പള്ളി തീവ്രവാദികളുടെ ആസ്ഥാന കേന്ദ്രമാകുന്നുവോ?
കൊല്ലം: കേരളം വിഘടനവാദികളുടെ സുരക്ഷിത ഒളിത്താവളമാണെന്ന് എന്‍ഐഎ സംസ്ഥാന സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കി വര്‍ഷങ്ങളായി. എന്നാല്‍ അതെല്ലാം അവഗണിച്ച് ഇവിടെ ഭരണത്തിലേറിയവര്‍ വോട്ട് ബാങ്ക് സൃഷ്ടിക്കുന്നതിനാണ് പരമാവധി ശ്രദ്ധ നല്‍കിയത്. അടുത്തിടെ പാലക്കാട് ഒരു ആര്‍എസ്എസ് പ്രവര്‍ത്തകനെ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ പട്ടാപ്പകല്‍ നടുറോഡില്‍ വെട്ടിക്കൊലപ്പെടുത്തുകയും കഴിഞ്ഞദിവസം തിരുവനന്തപുരത്ത് മറ്റൊരു ആര്‍എസ്എസുകാരനെ വധിക്കാന്‍ ശ്രമിക്കുകയും ചെയ്തിരിക്കുന്നു.
ഇതില്‍ കേസെടുത്ത പോലീസ് ഇപ്പോഴും പ്രതികളുടെ കാര്യത്തില്‍ ഇരുട്ടില്‍ തപ്പുകയാണ്. ഇതിനിടെ കഴിഞ്ഞദിവസം കരുനാഗപ്പള്ളിയിലെ പോപ്പുലര്‍ ഫ്രണ്ട് ആസ്ഥാനത്ത് പോലീസ് റെയ്ഡിനെത്തിയപ്പോള്‍ അവിടെയുണ്ടായ എതിര്‍പ്പ് എന്‍ഐഎയുടെ വാക്കുകള്‍ കൂടുതല്‍ ശരിവയ്ക്കുകയാണ്. കരുനാഗപ്പള്ളിയിലെ പോപ്പുലര്‍ ഫ്രണ്ട് ദക്ഷിണ മേഖല ആസ്ഥാനത്ത് റെയ്ഡിനെത്തിയ പോലീസിനെ തടയാന്‍ ശ്രമിച്ചത് സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള നൂറുകണക്കിന് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണ്. ഭയപ്പെടുത്താന്‍ നോക്കേണ്ടെന്ന മുദ്രാവാക്യം വിളിച്ചാണ് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ പോലീസിനെ നേരിട്ടത്.
വളരെ ചെറിയ സമയം കൊണ്ട് എങ്ങനെയാണ് ഇത്തരത്തില്‍ പ്രവര്‍ത്തകരെ സംഘടിപ്പിച്ചത് എന്ന ചോദ്യമാണ് അധികൃതര്‍ തന്നെ ചോദിക്കുന്നത്. കരുനാഗപ്പള്ളി തീവ്രവാദ സ്വഭാവമുള്ള ചില സംഘടനകളുടെ താവളമാകുന്നെന്ന് നേരത്തേ തന്നെ റിപ്പോര്‍ട്ടുകളുണ്ട്. അബ്ദുള്‍ നാസര്‍ മദനി ഐഎസ്എസ് രൂപീകരിച്ചത് കരുനാഗപ്പള്ളിക്കടുത്തുള്ള മൈനാഗപ്പള്ളി കേന്ദ്രീകരിച്ചായിരുന്നു. ഇവിടെ വന്നുപോയ പലരും പിന്നീട് പല തീവ്രവാദ കേസുകളിലും പ്രതികളായി.
മദനിയെ മൈനാഗപ്പള്ളിയിലെ അന്‍വാര്‍ശേരിയിലെത്തി അറസ്റ്റ് ചെയ്യാന്‍ പോലും പോലീസ് നന്നേ പാടുപെട്ടിരുന്നു. അറസ്റ്റ് ചെയ്യാനെത്തിയ പോലീസിനെ നേരിടാന്‍ മദനിയുടെ ആയിരക്കണക്കിന് അനുയായികള്‍ എത്തിയത് സ്ഥലത്ത് വന്‍ സംഘര്‍ഷ സാധ്യതയാണ് അന്ന് സൃഷ്ടിച്ചത്. ക്രിമില്‍ കേസുകളില്‍ പ്രതികളാകുന്ന തീവ്രവാദ പ്രവര്‍ത്തകര്‍ കരുനാഗപ്പള്ളി താവളമാക്കാന്‍ ഭൂമിശാസ്ത്രപരമായി ഒരുപാട് കാര്യങ്ങളുണ്ടെന്നാണ് നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നത്.
തമിഴ്‌നാടിന്റെ വ്യത്യസ്തങ്ങളായ രണ്ട് പ്രദേശങ്ങളിലേക്ക് വളരെ പെട്ടെന്ന് പോകാന്‍ കരുനാഗപ്പള്ളിയില്‍ നിന്നും കഴിയും. ഇവിടെ നിന്നും കൊട്ടാരക്കര വഴി തെങ്കാശിയിലേക്കും തിരുവനന്തപുരം വഴി കന്യാകുമാരിയിലേക്കും വളരെ പെട്ടെന്നെത്താം. കേരള- തമിഴ്‌നാട് അതിര്‍ത്തി ജില്ലകളില്‍ തീവ്രവാദ സ്വഭാവമുള്ള മുസ്ലീം സംഘടനകള്‍ക്ക് ശക്തമായ സ്വാധീനമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. കടല്‍ മാര്‍ഗം രക്ഷപ്പെടാനും കരുനാഗപ്പള്ളിയാണ് കൂടുതല്‍ നല്ലത്. മത്സ്യബന്ധന ബോട്ടുകളില്‍ രക്ഷപ്പെടുന്നതിന് വലിയ പ്രയാസമില്ല എന്നതും ക്രിമിനലുകളുടെ ഇഷ്ട ഒളിത്താവളമാക്കി കരുനാഗപ്പള്ളിയെ മാറ്റുന്നു.
കരുനാഗപ്പള്ളിയിലും പരിസര പ്രദേശങ്ങളിലുമുള്ള സംഘടനയുടെ സ്വാധീനവും മുസ്ലീം ജനവിഭാഗങ്ങളുടെ ബാഹുല്യവും ഒളിവ് ജീവിതത്തിനും ഇവരെ സഹായിക്കുമെന്നും നാട്ടുകാര്‍ പറയുന്നു. ഇന്റലിജന്‍സ് വിഭാഗം എഡിജിപിയുടെ നിര്‍ദേശപ്രകാരം കരുനാഗപ്പള്ളി സിഐയുടെ നേതൃത്വത്തില്‍ പോലീസ് സംഘം റെയ്ഡിനെത്തിയത് ഇവിടെ രഹസ്യ യോഗങ്ങള്‍ ചേര്‍ന്നുവെന്ന വിവരം ലഭിച്ചതിന് പിന്നാലെയായിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ മറ്റു ജില്ലകളില്‍ നിന്നുള്ള നിരവധി പേരെ സംശയാസ്പദമായി ഇവിടെ കണ്ടതായും പോലീസിന് വിവരം ലഭിച്ചിരുന്നു.
പോലീസ് അതീവ രഹസ്യമായി നടത്താനിരുന്ന റെയ്ഡിനെ കുറിച്ച് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് നേരത്തേ വിവരം ലഭിച്ചിരുന്നോ എന്ന സംശയമാണ് ഇപ്പോള്‍ ഉയരുന്നത്. നേരത്തേ പോപ്പുലര്‍ ഫ്രണ്ടിന്റെ പേരില്‍ ആര്‍എസ്എസ് അനുഭാവിക്ക് അയച്ച ഒരു ഭീഷണിക്കത്തില്‍ തങ്ങളുടെ രഹസ്യാനേഷണ സംഘം പോലീസിന്റെ രഹസ്യാന്വേഷണത്തേക്കാള്‍ മികച്ചതാണെന്ന് പറയുന്നുണ്ടെന്നും നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു. അങ്ങനെയെങ്കില്‍ പോലീസിന്റെ നീക്കങ്ങള്‍ പോലും പോപ്പുലര്‍ ഫ്രണ്ട് അറിയുന്നില്ലേ എന്ന ചോദ്യമാണ് ഉയരുന്നത്.
ആന്റി ടെററിസ്റ്റ് സ്‌ക്വാഡും പോലീസും ചേര്‍ന്ന് നടത്തിയ റെയ്ഡിനിടെ മാധ്യമപ്രവര്‍ത്തകന് നേരെ അക്രമം നടന്നു. പോലീസ് നോക്കി നില്‍ക്കെ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ മാധ്യമപ്രവര്‍ത്തകന് നേരെ അക്രമം നടത്തുകയായിരുന്നു. റെയ്ഡിനായി പോലീസ് എത്തിയപ്പോള്‍ തന്നെ നൂറോളം പ്രവര്‍ത്തകരാണ് ഓടിക്കൂടിയത്. ഇതിനിടെ ഒരു സംഘം രാജനെ വളഞ്ഞ് ആക്രമിക്കുകയായിരുന്നു.
അക്രമികള്‍ വളഞ്ഞപ്പോള്‍ രാജന്‍ സഹായമഭ്യര്‍ച്ചിട്ടും പോലീസ് മാറിനില്‍ക്കുകയായിരുന്നു. പിടിച്ചെടുത്ത ക്യാമറ പോലീസ് ഓഫീസര്‍ ഇടപെട്ട് ആണ് വാങ്ങി നല്‍കിയത്. റെയ്ഡില്‍ നിരവധി രേഖകളും മറ്റും പോലീസിന് ലഭിച്ചതായാണ് സൂചന. പ്രദേശത്ത് ചില ശക്തികള്‍ സാമുദായിക സംഘര്‍ഷത്തിന് ശ്രമിക്കുന്നു എന്ന റിപ്പോര്‍ട്ടുകള്‍ നേരത്തേ പുറത്ത് വന്നിരുന്നു.