CrimeEducationKerala NewsLatest NewsNews

കേരളത്തില്‍ മെഡിക്കല്‍ കോളേജുകള്‍ കേന്ദ്രീകരിച്ച് ലഹരി മാഫിയ

കൊച്ചി: കേരളത്തിലെ മെഡിക്കല്‍ കോളേജുകള്‍ കേന്ദ്രീകരിച്ച് ലഹരി മാഫിയകള്‍ സജീവമാണെന്ന് എക്സൈസ് കണ്ടെത്തല്‍. ആലപ്പുഴ, കോട്ടയം മെഡിക്കല്‍ കോളേജുകളില്‍ ഒഴികെ കോഴിക്കോട്, തിരുവനന്തപുരം, തൃശൂര്‍, എറണാകുളം, കണ്ണൂര്‍, കൊല്ലം തുടങ്ങി സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളിലെല്ലാം സിന്തറ്റിക് ലഹരിയും കഞ്ചാവും പതിവായി ചില വിദ്യാര്‍ഥികള്‍ ഉപയോഗിക്കുന്നതായാണ് എക്സൈസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള സ്റ്റേറ്റ് എക്സൈസ് എന്‍ഫോഴ്സ്മെന്റ് കണ്ടെത്തിയിരിക്കുന്നത്.

എക്സൈസ് ക്രൈംബ്രാഞ്ചിനും ഡെപ്യൂട്ടി കമ്മീഷണര്‍മാര്‍ക്കും ഇതുസംബന്ധിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ അറിയാമെങ്കിലും തുടര്‍നടപടികള്‍ സ്വീകരിക്കുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ടുകള്‍ നിലനില്‍ക്കുകയാണ്. കഴിഞ്ഞ ദിവസം കോഴിക്കോട് മെഡിക്കല്‍ കോളേജിലെ എംബിബിഎസ് വിദ്യാര്‍ഥി നാലു ഗ്രാം ഹാഷിഷുമായി പിടിയിലായിരുന്നു. വിദ്യാസമ്പന്നരായ വിദ്യാര്‍ഥികളെ വരെ വലയിലാക്കാന്‍ തക്ക വിധത്തില്‍ മയക്കുമരുന്ന് ലോബിയും മെഡിക്കല്‍ കോളേജുകള്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്നുണ്ട്.

സീനിയര്‍ വിദ്യാര്‍ഥികളുടെ സഹായം കൂടി ഇത്തരം ലോബികള്‍ക്കു ലഭിക്കുന്നതോടെ ലഹരിപൂക്കുന്ന കാമ്പസുകളായി സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകള്‍ മാറുകയാണ്. പഠനത്തില്‍ ഏകാഗ്രത കിട്ടുന്നതിനും ഉന്മേഷത്തിനുമെന്ന തെറ്റിദ്ധാരണയിലാണ് ലഹരി വ്യാപകമാകുന്നത്.

പഠനത്തില്‍ ഏകാഗ്രത ലഭിക്കുന്നതിനും മാനസിക സംഘര്‍ഷം കുറയ്ക്കുന്നതിനും കഞ്ചാവുള്‍പ്പെടെ ഉപയോഗിക്കാമെന്ന് പ്രേരിപ്പിക്കുന്നവരും കാമ്പസുകളിലുണ്ട്. എംബിബിഎസ് പഠനകാലം മുതല്‍ ലഹരിയില്‍ ആശ്വാസം കണ്ടെത്തുന്നവര്‍ ഡോക്ടര്‍മാരായി പ്രാക്ടീസ് ചെയ്യുന്ന അവസരത്തിലും ലഹരി ഉപയോഗിക്കാറുണ്ടെന്നാണ് എക്സൈസ് വൃത്തങ്ങള്‍ പറയുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button