വിദ്യാര്‍ഥികളുടെ കണ്സഷന് കൂട്ടിയില്ലെങ്കില്‍ 21 മുതല്‍ അനിശ്ചിതകാല ബസ് സമരം

തിരുവനന്തപുരം: തങ്ങള്‍ ഉയര്‍ത്തിയ ആവശ്യങ്ങള്‍ പരിഗണിച്ചില്ലെങ്കില്‍ ഈ മാസം 21 മുതല്‍ അനിശ്ചിതകാല ബസ് സമരം നടത്തുമെന്ന് ബസ് ഉടമകള്‍. വിദ്യാര്‍ഥികളുടെ കണ്സെഷന് നിരക്ക് കൂട്ടണമെന്നാണ് ബസ് ഉടമകളുടെ പ്രധാന ആവശ്യം. വിദ്യാര്‍ഥികളുടെ നിരക്ക് കൂട്ടാതെയുള്ള ബസ് ചാര്‍ജ് വര്‍ധനവ് വേണ്ടെന്ന് ബസ് ഉടമ സംയുക്ത സമര സമിതി വ്യക്തമാക്കി.
സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ആശാവഹമായി ഒന്നുമുണ്ടായിട്ടില്ല. പ്രശ്നം പരിഹരിച്ചില്ലെങ്കില്‍ 21 മുതല്‍ അനിശ്ചിതകാല ബസ് സമരം നടത്തും. കഴിഞ്ഞ മാസം എട്ട് മുതല്‍ ബസ് ഉടമകള്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഗതാഗതമന്ത്രി ഇടപെട്ടതോടെ ഉടമകള്‍ ഇത് പിന്‍വലിക്കുകയായിരുന്നു. ബസ് യാത്ര നിരക്ക് വര്‍ധിപ്പിക്കുമ്പോള്‍ കണ്സഷന് നിരക്കില്‍ മാറ്റം വരുത്തരുതെന്നാണ് വിദ്യാര്‍ഥി സംഘടനകള്‍ ആവശ്യപ്പെടുന്നത്.
വിദ്യാര്‍ഥികളുടെ കണ്സഷന് ഒരു രൂപയില്‍ നിന്ന് ആറ് രൂപയാക്കണമെന്നാണ് ബസുടമകളുടെ പ്രധാന ആവശ്യം. എന്നാല്‍ ഇത്ര വര്‍ധന പറ്റില്ലെന്നും ഒന്നര രൂപയാക്കാമെന്നുമാണ് സര്‍ക്കാര്‍ നിലപാട്. ബസ് ചാര്‍ജ് വര്‍ധനയെ കുറിച്ച് പഠിച്ച ജസ്റ്റിസ് രാമചന്ദ്രന് കമ്മീഷന് മിനിമം കണ്സഷന് നിരക്ക് അഞ്ച് രൂപയാക്കണമെന്ന ശുപാര്‍ശയാണ് നല്‍കിയിട്ടുള്ളത്. ബസ് മിനിമം നിരക്ക് എട്ട് രൂപയില്‍ നിന്ന് 10 രൂപ ആക്കാമെന്നാണ് സര്‍ക്കാരിന്റെ നിലപാട്. 12 രൂപയാണ് ബസ് ഉടമകള്‍ ആവശ്യപ്പെടുന്ന വര്‍ധന.