ദൗത്യം പൂർത്തിയാക്കി ഇന്ത്യയുടെ ശുഭാംശു ശുക്ലയും ദൗത്യസംഘാംഗങ്ങളും;ഇന്ന് ഭൂമിയിലേക്ക് യാത്ര തിരിക്കും

അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലെ (ഐഎസ്എസ്) പതിനെട്ട് ദിവസത്തെ ദൗത്യം പൂർത്തിയാക്കി ഇന്ത്യയുടെ ശുഭാംശു ശുക്ലയും ആക്സിയം 4 ദൗത്യസംഘാംഗങ്ങളും ഇന്ന് ഭൂമിയിലേക്ക് യാത്ര തിരിക്കും. അണ്‍ഡോക്കിംഗിനായി ഇന്ന് ഇന്ത്യൻ സമയം ഉച്ചയ്ക്ക് രണ്ടരയോടെ ആക്സിയം 4 സംഘം സ്പേസ് എക്‌സിന്‍റെ ഡ്രാഗൺ ഗ്രേസ് പേടകത്തില്‍ പ്രവേശിക്കുമെന്നാണ് അറിയിപ്പ്. 2:50-ഓടെ പേടകത്തിന്‍റെ വാതിലടയ്ക്കും.4:35-ഓടെ ഹാര്‍മണി മൊഡ്യൂളില്‍ നിന്ന് ഗ്രേസ് പേടകം വേർപ്പെടുത്തും. ആക്സിയം സംഘത്തിന് ഇന്നലെ നിലയത്തില്‍ എക്സ്പെഡിഷൻ 73 ക്രൂ വക ഔദ്യോഗിക യാത്രയപ്പ് ലഭിച്ചു. ഇന്ന് ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് 2:25ന് ശുഭാംശുവും മറ്റു യാത്രികരും പേടകവുമായി ബന്ധിക്കപ്പെട്ട ഡ്രാഗൺ മൊഡ്യൂളിലേക്കു പ്രവേശിക്കും. വൈകിട്ട് 4:35നു ബഹിരാകാശ നിലയത്തിൽനിന്നു പേടകം വേർപെടുത്തും. ഭൂമിയെ ചുറ്റിക്കറങ്ങി പല ഘട്ടങ്ങളിലായാണ് മടക്കം. അൺഡോക്ക് ചെയ്ത് കഴിഞ്ഞാൽ ഭൂമിയിലേക്കുള്ള യാത്ര മണിക്കൂറുകൾ നീളും.ഭൂമിയുടെ ഉപരിതലത്തിൽ നിന്നു 350 കിലോമീറ്റർ ഉയരത്തിൽ പേടകം എത്തുന്ന ഘട്ടത്തിൽ ഡീഓർബിറ്റ് നടപടികൾ തുടങ്ങും. പേടകത്തിലുള്ള എൻജിനുകൾ ജ്വലിച്ച് വിപരീതദിശയിൽ ഊർജം നൽകി വേഗം കുറയ്ക്കും. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞു മൂന്നിനു കലിഫോർണിയ തീരത്തിനടുത്ത് പസഫിക് സമുദ്രത്തിൽ ഡ്രാഗൺ പേടകം വീഴും. എന്നാല്‍ സ്‌പ്ലാഷ്‌ഡൗണ്‍ സമയം കാലാവസ്ഥയെ ആശ്രയിച്ചിരിക്കും.