Latest NewsNewstechnologyWorld

ആക്സിയം ഫോർ സംഘം ഇന്ന് ഭൂമിയിലേക്ക് തിരിച്ചെത്തും; പസഫിക് സമുദ്രത്തിൽ സ്പ്ലാഷ് ഡൗൺ

ചരിത്രം കുറിച്ച 18 ദിവസത്തെ യാത്ര പൂർത്തിയാക്കി ആക്സിയം ഫോർ സംഘം ഇന്ന് ഭൂമിയിലേക്ക് തിരിച്ചെത്തും. ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെയാണ് ശുഭാംശു ശുക്ലയും സംഘവും ഭൂമി തൊടുക. സർക്കാർ സഹായത്തോടെയുള്ള ലോകത്തെ രണ്ടാമത്തെ സ്വകാര്യ ബഹിരാകാശ ദൗത്യമാണ് ഇതോടെ പൂർത്തിയാകുന്നത്.

അമേരിക്ക ആസ്ഥാനമായുള്ള ആക്സിയം സ്പേസും സ്പേസ് എക്സും ഐഎസ്ആർഒയും നാസയും യൂറോപ്യൻ സ്പേസ് ഏജൻസിയും ചേർന്നുള്ള സംയുക്ത ദൗത്യമാണിത്. കഴിഞ്ഞ ജൂൺ 25ന് ആണ് കെന്നഡി സ്പേസ് സെന്ററിൽ നിന്ന് നാലംഗ സംഘം ഉൾക്കൊള്ളുന്ന ഡ്രാഗൺ പേടകത്തെയും വഹിച്ച് സ്പേസ് എക്സിന്റെ ഫാൽക്കൺ 9 റോക്കറ്റ് കുതിച്ചുയർന്നത്.

ജൂൺ 26ന് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ എത്തിയ ദൗത്യസംഘം നേരത്തെ നിശ്ചയിച്ചതിനേക്കാൾ നാല് ദിവസം അധികം നിലയത്തിൽ ചെലവഴിച്ച ശേഷമാണ് ഭൂമിയിലേക്ക് മടങ്ങുന്നത്. ഭാവി ബഹിരാകാശ യാത്രകൾക്കും ശാസ്ത്ര ഗവേഷണങ്ങൾക്കും തുടക്കമിടുന്ന അറുപത് പരീക്ഷണങ്ങളാണ് സംഘം പൂർത്തിയാക്കിയത്. ഇന്ത്യൻ വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാംശു ശുക്ലയാണ് ദൗത്യത്തിന്റെ പൈലറ്റ്. ബഹിരാകാശ നിലയത്തിലെത്തുന്ന ആദ്യ ഇന്ത്യക്കാരനായി ശുഭാംശു ശുക്ല. രാകേഷ് ശർമയ്ക്ക് ശേഷം ബഹിരാകാശത്ത് എത്തുന്ന രണ്ടാമത്തെ ഇന്ത്യക്കാരൻ എന്ന നേട്ടവും ശുഭാംശു ശുക്ലയ്ക്ക് സ്വന്തം.

വെറ്ററൻ ബഹിരാകാശയാത്രിക പെഗ്ഗി വിറ്റ്സൺ കമാൻഡറായുള്ള ദൗത്യത്തിൽ പോളണ്ടുകാരനായ സ്ലവോഷ് ഉസ്നാൻസ്കിയും ഹങ്കറിക്കാരൻ ടിബോർ കാപുവും മിഷൻ സ്പെഷ്യലിസ്റ്റുകളാണ്. സംഘം നിലയത്തിലെത്തിയ അതേ ഡ്രാഗൺ പേടകത്തിൽ തന്നെയാണ് ഭൂമിയിലേക്കുള്ള മടക്കവും. 22 മണിക്കൂർ ദൈർഘ്യമുള്ള യാത്രക്കൊടുവിൽ കാലിഫോർണിയക്കടുത്ത് പസഫിക് സമുദ്രത്തിൽ ഡ്രാഗൺ പേടകം സ്പ്ലാഷ് ഡൗൺ ചെയ്യും. കപ്പലിൽ എത്തി വിദഗ്ധർ പേടകത്തെയും യാത്രികരെയും കരയിലേക്ക് മാറ്റും.

Tag: Axiom Four crew to return to Earth today; splash down in Pacific Ocean

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button