ലോകത്ത് കോവിഡ് വ്യാപനം ഇനിയും രൂക്ഷമാകുമെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്.

ലോകത്ത് കോവിഡ് വ്യാപനം ഇനിയും രൂക്ഷമാകുമെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. അടുത്ത കാലത്തൊന്നും പഴയ സാധാരണ ജീവിതത്തിലേക്ക് മടങ്ങാനാവില്ല. വിവിധ രാജ്യങ്ങള്‍ കൈക്കൊളളുന്ന പ്രതിരോധ നടപടികള്‍ ശരിയായ രീതിയില്‍ അല്ലെന്നും ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അദാനോം ഗെബ്രിയേസസ് അഭിപ്രായപ്പെട്ടു.
മറ്റ് രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ അമേരിക്കയിലെ ഫ്ളോറിഡയിലെ രോഗബാധ വളരെ ഉയര്‍ന്നതും ആശങ്കാജനകവുമാണ്. അമേരിക്കയിലെ ഫ്ളോറിഡയില്‍ കഴിഞ്ഞ ദിവസം പ്രതിദിന രോഗികളുടെ എണ്ണം 15000 കവിഞ്ഞു. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് ഡബ്ല്യുഎച്ച്ഒയുടെ മുന്നറിയിപ്പ് ഉണ്ടായിരിക്കുന്നത്. ശരിയായ പ്രതിരോധ നടപടികള്‍ പിന്തുടര്ന്നില്ലെങ്കില് ലോകം മഹാമാരിയുടെ പിടിയിലമരും. വിവിധ രാജ്യങ്ങളിലെ നേതാക്കളില്‍ പലരും അവരിലുളള വിശ്വാസം നഷ്ടപ്പെടുത്തുന്ന രീതിയിലുളള പ്രതികരണങ്ങളാണ് നടത്തുന്നതെന്നും ആരുടെയും പേരെടുത്ത് പറയാതെ ഡബ്ല്യുഎച്ച്ഒ മേധാവി വിമര്‍ശിക്കുകയുണ്ടായി.
അതേസമയം, കൊറോണയുടെ ഉറവിടം കണ്ടെത്താന്‍ ഡബ്ല്യുഎച്ച്ഒ പ്രതിനിധികള്‍ ചൈനയിലേക്ക് പോയി. വുഹാനിലാണ് കോവിഡ് ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. അന്വേഷണത്തിന് അനുമതി നല്കാന് ചൈന ആദ്യം വിസമ്മതിച്ചു. ചൈനയോടുള്ള നിലപാട് പക്ഷപാതപരമാണെന്ന് ആരോപിച്ച് അമേരിക്ക ലോകാരോഗ്യ സംഘടനയില്‍ നിന്ന് പിന്മാറുകയും ചെയ്തിരുന്നു. ലോകരാജ്യങ്ങളുടെ സമ്മര്‍ദത്തെ തുടര്‍ന്നാണ് അന്വേഷണത്തിന് ചൈന അനുമതി നല്‍കിയത്.