കാലിക്കറ്റ് സർവകലാശാലയിലെ ബിഎ മലയാളം സിലബസിൽ നിന്ന് വേടന്റെയും ഗൗരിലക്ഷ്മിയുടെയും പാട്ടുകൾ ഒഴിവാക്കാൻ ശിപാർശ
കാലിക്കറ്റ് സർവകലാശാലയുടെ ബിഎ മലയാളം പ്രോഗ്രാമിന്റെ മൂന്നാം സെമസ്റ്റർ സിലബസിൽ ഉൾപ്പെടുത്തിയിരുന്ന വേടന്റെ ‘ഭൂമി ഞാൻ വാഴുന്നിടം’ എന്ന പാട്ടും ഗൗരിലക്ഷ്മിയുടെ ‘അജിത ഹരേ’ എന്ന ഗാനം സിലബസിൽ നിന്ന് ഒഴിവാക്കണമെന്ന ശിപാർശ ഉന്നതാധികാര സമിതിയിൽ നിന്നും ലഭിച്ചു. സര്‍വകലാശാലയുടെ മുൻ മലയാളം വിഭാഗം മേധാവിയായ എം.എം. ബഷീർ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ ശിപാർശ നടത്തിയിരിക്കുന്നത്.
ബിജെപിയെ പ്രതിനിധീകരിക്കുന്ന സിൻഡിക്കേറ്റ് അംഗങ്ങൾ സമർപ്പിച്ച പരാതിയെ തുടർന്നാണ് സർവകലാശാല നടപടിയെടുത്തത്. വിവാദം ഉയർന്നതിനെ തുടർന്ന് സർവകലാശാല ചാൻസലർ വിഷയത്തിൽ അന്വേഷണം നിർദേശിക്കുകയും, അതിന്റെ അടിസ്ഥാനത്തിൽ വിശദമായ പഠനവും റിപ്പോർട്ടും സമർപ്പിക്കപ്പെടുകയും ചെയ്തു.
ബഷീറിന്റെ റിപ്പോർട്ടിൽ, റാപ് പോലുള്ള സംഗീത രൂപങ്ങൾ മലയാള ഭാഷയുടെ ആധികാരിക സാഹിത്യപാരമ്പര്യത്തിൽ ചേർക്കാൻ അനുയോജ്യമല്ലെന്നും, ഈ ഗായനശൈലിക്ക് ആശയപരമായ ആഴമില്ലെന്നുമാണ് അഭിപ്രായപ്പെട്ടത്. ബിഎ മലയാളം പഠിക്കാനെത്തുന്ന വിദ്യാർത്ഥികൾക്ക് ഈ കലാരൂപത്തെക്കുറിച്ച് മതിയായ ബോധമുണ്ടാകില്ലെന്നും, പഠനത്തിൽ അസൗകര്യം ഉണ്ടാകുമെന്നുമാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്.
റാപ് ജനപ്രിയമായ സംഗീതശൈലിയായിരിക്കാമെങ്കിലും അതിനെ സർവകലാശാല സിലബസിന്റെ ഭാഗമാക്കുന്നത് വിദ്യാഭ്യാസപരമായ കാഴ്ചപ്പാടിൽ യുക്തിയില്ലാത്ത നടപടിയാണെന്ന നിലപാടാണ് മുന്നോട്ടുവച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇരുഗാനങ്ങളും പാഠ്യപദ്ധതിയിൽ നിന്ന് ഒഴിവാക്കണമെന്ന നിർദേശം ലഭിച്ചത്.
Tag: Recommendation to remove songs by Vedan and Gourilakshmi from BA Malayalam syllabus at Calicut University