ഓടികൊണ്ടിരിക്കെ ട്രെയിനിൽ തീ പടർന്നു; ലോക്കോ പൈലറ്റിന്റെ ഇടപെടൽ വൻ ദുരന്തം ഒഴിവായി

രാജസ്ഥാൻ: ഓടിക്കൊണ്ടിരുന്ന ഗരീബ് രഥ് എക്സ്പ്രസ് ട്രെയിനിൽ തീ പടർന്നത് പരിഭ്രാന്തി പരത്തി യാത്രക്കാർ വിവരമറിയിച്ചതിനെ തുടർന്ന് ലോക്കോ പൈലറ്റിൻ്റെ സമയോചിതമായ ഇടപെടലിൽ ഒഴിവായത് വൻ ദുരന്തമാണ്. സെന്ദ്ര റെയിൽവേ സ്‌റ്റേഷന് സമീപമാണ് സംഭവം. മുംബൈ-ഡൽഹി ഗരീബ് രഥ് എക്സ‌്പ്രസിലാണ് (12216) ശനിയാഴ്ച പുലർച്ചെ മൂന്ന് മണിയോടെ തീപിടിച്ചത്. ട്രെയിൻ സെന്ദ്ര റെയിൽവേ സ്‌റ്റേഷന് സമീപം എത്തിയതിന് പിന്നാലെയാണ് എൻജിൻ കമ്പാർട്ടുമെന്റിൽ നിന്ന് പുക ഉയരാൻ തുടങ്ങിയത്. 500 ലധികം യാത്രക്കാരാണ് ഈ സമയം ട്രെയിനിൽ ഉണ്ടായിരുന്നത്. പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട യാത്രക്കാരാണ് ആദ്യം ട്രെയിൻ ജീവനക്കാരെ വിവരം അറിയിക്കുന്നത്. ഉടൻ തന്നെ ലോക്കോ പൈലറ്റ് ട്രെയിൻ നിർത്തി. എല്ലാ യാത്രക്കാരെയും സുരക്ഷിതമായി താഴെയിറക്കി. ആർക്കും പരിക്കില്ല. സെന്ദ്രയിലൂടെ കടന്നുപോകുമ്പോൾ ട്രെയിൻ താരതമ്യേന കുറഞ്ഞ വേഗതയിലായിരുന്നു. എൻജിനുകളിൽ നിന്ന് കോച്ചുകളിലേക്ക് തീ പടർന്നിട്ടില്ല എന്ന് സ്‌ഥിരീകരിച്ചിട്ടുണ്ട്. രാവിലെ 8 മണിയോടെയാണ് എൻജിനിലെ തീ നിയന്ത്രണവിധേയമാക്കിയത്.
ട്രെയിനിൽ തീയാളുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. അജ്‌മീറിൽ നിന്നുള്ള എൻജിനീയർമാരും റെയിൽവേ സുരക്ഷാ ഉദ്യോഗസ്‌ഥരും ഉൾപ്പെടെയുള്ള അടിയന്തര സംഘം സ്ഥലത്തെത്തി നാശനഷ്ടങ്ങൾ വിലയിരുത്തി. സംഭവത്തെത്തുടർന്ന് അജ്‌മീർ-ബീവാർ പാതയിലെ ട്രെയിൻ ഗതാഗതം ആറ് മണിക്കൂറിലധികം നിർത്തിവച്ചു. സാങ്കേതിക തകരാറോ എൻജിനിലെ ഷോർട്ട് സർക്യൂട്ടോ ആകാം തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ.