ബ്രഹ്മപുത്ര നദിയിൽ ചൈനയുടെ കൂറ്റൻ അണകെട്ട് ; ഇന്ത്യയ്ക്ക് ഭീഷണിയോ?

ബെയ്‌ജിങ് : അരുണാചൽ പ്രദേശിലെ ഇന്ത്യൻ അതിർത്തിയോടടുത്ത് ബ്രഹ്മപുത്ര നദിയിൽ ചൈനയുടെ പടുകൂറ്റൻ അണക്കെട്ടിന്റെ പണി ശനിയാഴ്ച ഔദ്യോഗികമായി തുടങ്ങി. ടിബറ്റിലെ നീങ്ചി നഗരത്തിൽ നദീപ്രദേശത്തുനടന്ന തറക്കല്ലിടൽ ചടങ്ങിൽ ചൈനീസ് പ്രധാനമന്ത്രി ലിചിയാങ്ങാണ് അണക്കെട്ടുപണി ഔദ്യോഗികമായി ആരംഭിച്ചതായി പ്രഖ്യാപിച്ചത്. ലോകത്തെ ഏറ്റവും വലിയ അണക്കെട്ടാണിത്. 1.2 ലക്ഷംകോടി യുവാനാണ് (14.4 ലക്ഷം കോടി രൂപ) പ്രതീക്ഷിക്കുന്ന ചെലവ്. അണക്കെട്ടുമായി ബന്ധപ്പെടുത്തി അഞ്ചുവൈദ്യുതനിലയങ്ങളുണ്ടാകും. ഓരോവർഷവും 30,000 കിലോവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാനാകുമെന്നാണ് കണക്കാക്കുന്നത്. 30 കോടിയിലേറെ ജനങ്ങളുടെ ആവശ്യത്തിന് ഇതു തികയും. ബ്രഹ്മപുത്രയിൽ ഇത്രവലിയ അണ ക്കെട്ടുവരുന്നതിൽ ഇന്ത്യയും ബംഗ്ലാദേശും ആശകപ്രകടിപ്പിക്കുന്നുണ്ട്.ഈ മേഖല പരിസ്‌ഥിതി ലോല പ്രദേശമാണെന്നും തുടർച്ചയായി ഭൂചലനം ഉണ്ടാകാറുണ്ടെന്നും ഇന്ത്യ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ, അണക്കെട്ട് ഇന്ത്യയിലേക്കും ബംഗ്ലദേശിലേക്കും ഒഴുകുന്ന വെള്ളത്തിന്റെ അളവിനെ ബാധിക്കില്ലെന്നാണ് ചൈന മറുപടി നൽകിയത്.