2 ഇന്ത്യക്കാർ നൈജറിൽ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടു ഒരാളെ തട്ടിക്കൊണ്ടുപോയി

ന്യാമെ : പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ നൈജറിൽ രണ്ട് ഇന്ത്യൻ തൊഴിലാളികളെ ഭീകരർ വധിച്ചു. ഒരാളെ തട്ടിക്കൊണ്ടുപോയി. തലസ്ഥാനമായ ന്യാമെയിൽനിന്ന് 130 കിലോമീറ്റർ അകലെയുള്ള ദൊസ്സോയിൽ ചൊവ്വാഴ്ചയായിരുന്നു ആക്രമണം. ഝാർഖണ്ഡിലെ ബൊക്കാറോയിൽനിന്നുള്ള ഗണേഷ് കർമാലി (39),ദക്ഷിണേന്ത്യക്കാരനായ കൃഷ്ണൻ എന്നിവരാണ് മരിച്ചതെന്ന് നൈജറിലെ ഇന്ത്യൻ സ്ഥാനപതി കാര്യാലയം അറിയിച്ചു. ജമ്മു-കശ്മീർ സ്വദേശി സിക്കന്ദർ സിങ്ങാണ് ഭീകരരുടെ പിടിയിലായത്.
ദൊസ്സോ സിറ്റിയിൽ ഇവർ ജോലി ചെയ്തിരുന്ന നിർമാണസ്ഥലത്തിനു
നേരെയായിരുന്നു ആക്രമണം. സുരക്ഷാച്ചുമതലയിലുണ്ടായിരുന്ന സൈനികരെയാണ് ഭീകരർ ലക്ഷ്യമിട്ടതെന്നാണ് റിപ്പോർട്ടുകൾ. ആക്രമണത്തിൻ്റെ ഉത്തരവാദിത്വം ആരും ഏറ്റിട്ടില്ല. പ്രാദേശികഭരണകൂടവുമായി ബന്ധപ്പെട്ട് മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള ശ്രമം നടത്തുന്നുണ്ടെന്ന് സ്ഥാനപതികാര്യാലയം പറഞ്ഞു. ബന്ദിയാക്കിയ ഇന്ത്യക്കാരനെ മോചിപ്പിക്കാനുള്ള ശ്രമം നടത്തുന്നുണ്ടെന്നും നൈജറിലുള്ള ഇന്ത്യൻപൗരർ ജാഗ്രതപാലിക്കണമെന്നും കാര്യാലയം അറിയിച്ചു. വിദേശത്ത് വൈദ്യുതവിതരണപദ്ധതികൾ ഏറ്റെടുത്തുനടത്തുന്ന ഇന്ത്യൻ കമ്പനി യായ ട്രാൻസ്റെയിൽ ലൈറ്റിങ് ലിമിറ്റഡിലെ ജോ ലിക്കാരനാണ് ഗണേഷ് കർമാലി. ഒപ്പം ജോലിചെയ്യുന്ന ഭാര്യാസഹോദരൻ പ്രേംലാലിനും വെടിയേറ്റിട്ടുണ്ട്. പ്രേംലാലുൾപ്പെടെ പണിസ്ഥലത്തുണ്ടായിരുന്ന നാല് ഝാർഖണ്ഡുകാരെ സുരക്ഷിതകേ ന്ദ്രത്തിലേക്കു മാറ്റി. ഇവരെ നാട്ടിലെത്തിക്കാനുള്ള ശ്രമം നടക്കുകയാണ്.