ഫിഡെ വനിതാ ലോകകപ്പ് ചെസ്സിൽ ചരിത്രം രചിച്ച് ഇന്ത്യൻ താരം ദിവ്യ ദേശ്മുഖ്
ഫിഡെ വനിതാ ലോകകപ്പ് ചെസ്സിൽ ചരിത്രം രചിച്ച് ഇന്ത്യൻ താരം ദിവ്യ ദേശ്മുഖ് ഫൈനലിൽ പ്രവേശിച്ചു. ലോകകപ്പ് ചെസിന്റെ ഫൈനലിൽ എത്തുന്ന ആദ്യ ഇന്ത്യൻ വനിതയെന്ന നേട്ടം സ്വന്തമാക്കിയതോടെയാണ് ദിവ്യയുടെ ചരിത്രരേഖ.
ചൈനയുടെ മുൻ ലോകചാമ്പ്യനായ ടാൻ സോംങ്കിയെ സെമിഫൈനലിന്റെ രണ്ടാം ഗെയിമിൽ (101 നീക്കങ്ങൾ) തോൽപ്പിച്ചാണ് 19 വയസുള്ള ദിവ്യ ഫൈനലിലേക്ക് കടന്നത്. ഇരുവരും തമ്മിലുള്ള ആദ്യ ഗെയിം സമനിലയിൽ അവസാനിച്ചിരുന്നു. ഫലമായി 1.5–0.5 എന്ന സ്‌കോറിലാണ് ദിവ്യ വിജയം ഉറപ്പിച്ചത്.
ഇതേസമയം, സെമിയിലെ മറ്റൊരു മത്സരത്തിൽ ഇന്ത്യയുടെ കൊനേരു ഹംപിയും ചൈനയുടെ ലീ ടിംഗ് ജീയും തമ്മിലുള്ള രണ്ടാം ഗെയിമും സമനിലയായി. 75 നീക്കങ്ങളുള്ള ശക്തമായ പോരാട്ടത്തിനൊടുവിലാണ് ഇരുവരും സമനില സമ്മതിച്ചത്.
ഇന്ന് നടക്കുന്ന ടൈബ്രേക്കറിലൂടെ ദിവ്യയുടെ ഫൈനൽ എതിരാളി ആരാകുമെന്നത് തീരുമാനമായേക്കും.
Tag: Indian chess player Divya Deshmukh creates history in FIDE Women’s World Cup chess