കംബോഡിയയുമായി അതിർത്തി സംഘർഷം: എട്ട് ജില്ലകളിൽ പട്ടാളനിയമം പ്രഖ്യാപിച്ച് തായ്‌ലൻഡ്
കംബോഡിയയുമായി അതിർത്തിയിൽ വർധിച്ചുവരുന്ന സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ തായ്‌ലൻഡ് അതിർത്തി പങ്കിടുന്ന എട്ട് ജില്ലകളിൽ പട്ടാളനിയമം പ്രഖ്യാപിച്ചു. രണ്ടാം ദിവസവും ഏറ്റുമുട്ടൽ തുടരുന്നതിനാൽ സുരക്ഷാ നടപടികൾ ശക്തമാക്കിയതായി തായ് സൈനിക അതിർത്തി കമാൻഡർ അറിയിച്ചു.
സംഘർഷം പൂർണ്ണയുദ്ധത്തിലേക്ക് വഴിമാറാനിടയുണ്ടെന്ന് തായ്‌ലൻഡിന്റെ ആക്ടിംഗ് പ്രധാനമന്ത്രി ഫുംതം വെച്ചായച്ചായി മുന്നറിയിപ്പ് നൽകി. “തായ്‌ലൻഡിന്റെ പ്രദേശങ്ങളും പരമാധികാരവും സംരക്ഷിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. അയൽരാജ്യവുമായി സൗഹൃദം നിലനിർത്താൻ വിട്ടുവീഴ്ചയ്ക്കും തയ്യാറാണ്. എന്നാൽ അതിർത്തി നുഴഞ്ഞുകയറ്റം തടയാൻ സൈന്യത്തിന് ആവശ്യമായ നിർദേശങ്ങൾ നൽകിയിട്ടുണ്ട്,” എന്ന് അദ്ദേഹം വ്യക്തമാക്കി.
വ്യാഴാഴ്ച ആരംഭിച്ച സംഘർഷത്തിൽ ഇതുവരെ 16 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ പറയുന്നു. സംഘർഷ മേഖലകളിൽ നിന്ന് 1,30,000-ത്തിലധികം പേർ വീടുകൾ വിട്ടൊഴിഞ്ഞിട്ടുണ്ട്. അതേസമയം, കംബോഡിയയിലെ ഒദ്ദാർ മീഞ്ചെ പ്രവിശ്യയിൽ 260 സ്‌കൂളുകൾ അടച്ചിട്ടിരിക്കുകയാണെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
കംബോഡിയ പ്രധാനമന്ത്രി ഹുൻ മാനെറ്റ് വെടിനിർത്തലിന് തയ്യാറാണെന്ന് അറിയിച്ചിരുന്നുവെങ്കിലും, മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം മധ്യസ്ഥതയിൽ ഉണ്ടായ കരാറിൽ നിന്ന് തായ്‌ലൻഡ് പിന്മാറിയതായി റിപ്പോർട്ടുകൾ പുറത്തുവന്നു. ഇന്ന് പുലർച്ചെ വെടിനിർത്തൽ പ്രാബല്യത്തിൽ വരാനിരിക്കെ ഈ റിപ്പോർട്ടുകളാണ് പുറത്തായത്.
അതിർത്തിയിൽ എഫ്-16 യുദ്ധവിമാനങ്ങൾ ഉൾപ്പെടെ തായ്‌ലൻഡ് സൈന്യം വ്യാപകമായി വിന്യസിച്ചു. കംബോഡിയയുടെ ആക്രമണം ഏറ്റുവാങ്ങിയ സിസാ കെറ്റ് പ്രദേശം നിലവിൽ യുദ്ധസമാന സാഹചര്യത്തിലാണ്. വർഷങ്ങളായി പുരാതന ക്ഷേത്രങ്ങളുടെ ഉടമസ്ഥതയെച്ചൊല്ലിയുള്ള തർക്കമാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷത്തിന്റെ അടിസ്ഥാനം.
കഴിഞ്ഞ ദിവസങ്ങളിൽ കുഴിബോംബ് ആക്രമണത്തിൽ അഞ്ച് തായ് സൈനികർക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഈ ആക്രമണത്തിന് പിന്നിൽ കംബോഡിയയാണെന്ന് തായ്‌ലൻഡ് ആരോപിച്ചപ്പോൾ, കംബോഡിയ ആരോപണം തള്ളി. ഇതോടെ തുടങ്ങിയ സംഘർഷം ഇപ്പോൾ വൻതോതിൽ വ്യാപിച്ചിരിക്കുകയാണ്.
അതിർത്തി പ്രദേശങ്ങളിലെ ജനങ്ങൾ വീടുകൾ വിട്ട് ബങ്കറുകളിൽ കഴിയുകയാണ്. സ്ഥിതിഗതികൾ കൂടുതൽ വഷളാകാതെ തടയാൻ അന്തർദേശീയ സമൂഹം ഇടപെടുമോയെന്നത് ഇപ്പോൾ ശ്രദ്ധേയമാണ്.
Tag: Border conflict with Cambodia: Thailand declares martial law in eight districts