ഗോവിന്ദച്ചാമിയുടെ ജയിൽചാടൽ: ജയിലിൽ മൊബൈൽ, ലഹരി ഉപയോഗം എന്നിവ സജീവം

കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് ഗോവിന്ദച്ചാമി രക്ഷപ്പെടാൻ നടത്തിയ പദ്ധതി വൻ ആസൂത്രണത്തിന്റെ ഭാഗമായിരുന്നുവെന്ന് അന്വേഷണത്തിൽ വ്യക്തമായി. ജയിലിനുള്ളിൽ മൊബൈൽഫോൺ ഉപയോഗിക്കുകയും, കഞ്ചാവും മദ്യവും എളുപ്പത്തിൽ ലഭ്യമായിരുന്നുവെന്നും ഗോവിന്ദച്ചാമി പൊലീസിന് മൊഴി നൽകി.
കഞ്ചാവ് നൽകിയത് സഹതടവുകാരനായ ശിഹാബാണ്, ലഹരിയുടെ ശക്തിയിലായിരുന്നു രക്ഷപ്പെടൽ ശ്രമം. ശിഹാബ്, വിശ്വനാഥൻ, സാബു, തേനി സുരേഷ് എന്നിവർക്ക് ജയിൽചാടൽ പദ്ധതിയെക്കുറിച്ച് അറിവുണ്ടായിരുന്നുവെന്നും സമ്മതിച്ചു. ഗോവിന്ദച്ചാമി ആദ്യം ഗുരുവായൂരിലേക്ക് പോയി, അവിടെ നിന്ന് തമിഴ്നാട്ടിലേക്ക് കടക്കാനായിരുന്നു പദ്ധതി. പുറത്തുനിന്ന് സഹായം ലഭിക്കാത്തതിനാൽ പദ്ധതി ഭാഗികമായി പരാജയപ്പെട്ടു.
ജയിൽചാടുന്നതിന് മുൻപ്, സെല്ലിനുള്ളിൽ പുതപ്പും തുണിയും വെച്ച് കിടക്കുന്ന ഡമ്മി തയ്യാറാക്കി. ഇത് കണ്ട ജയിൽ ഉദ്യോഗസ്ഥർ പ്രതി ഉറങ്ങുന്നുവെന്ന് തെറ്റിദ്ധരിച്ചു, രക്ഷപ്പെട്ട വിവരം അറിയാൻ താമസമായി. പുലർച്ചെ 1.10ന് ഗോവിന്ദച്ചാമി സെല്ലിൽ നിന്ന് പുറത്ത് കടന്നു. മതിൽ ചാടാനുള്ള അനുയോജ്യസമയം കാത്ത് മൂന്ന് മണിക്കൂർ ജയിൽ വളപ്പിൽ ഒളിച്ചു. 4.20ന് മതിൽ ചാടി രക്ഷപ്പെട്ടുവെന്ന് ഉത്തരമേഖല ജയിൽ ഡിഐജിയുടെ അന്വേഷണത്തിൽ കണ്ടെത്തി. കണ്ണൂർ സെൻട്രൽ ജയിലിൽ റിമാൻഡിൽ കഴിയുന്ന ഗോവിന്ദച്ചാമിയെ ഇന്ന് തന്നെ വിയ്യൂർ അതീവ സുരക്ഷാ ജയിലിലേക്ക് മാറ്റുമെന്ന് അധികൃതർ അറിയിച്ചു.
Tag: Govindachamy’s jailbreak: Mobile and drug use are prevalent in prison