തേവലക്കര സ്‌കൂൾ വിദ്യാർത്ഥിയുടെ ഷോക്കേറ്റുള്ള മരണം: മാനേജ്മെന്റ് പിരിച്ചുവിട്ട് ഭരണം വിദ്യാഭ്യാസ വകുപ്പിന് കൈമാറി

തേവലക്കര ബോയ്സ് ഹൈസ്കൂളിൽ എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുൻ ഷോക്കേറ്റ് മരിച്ച സംഭവത്തിൽ വിദ്യാഭ്യാസ വകുപ്പിന്റെ കടുത്ത നടപടി. സ്‌കൂളിന്റെ മാനേജ്മെന്റിനെ പിരിച്ചുവിട്ട്, ഭരണം കൊല്ലം ജില്ലാ വിദ്യാഭ്യാസ ഓഫീസർക്ക് കൈമാറിയതായി പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി അറിയിച്ചു.
ജൂലൈ 17-ന് ക്ലാസ്‌റൂമിനോടു ചേർന്ന സൈക്കിൾ ഷെഡിന്റെ മേൽക്കൂരയിൽ നിന്ന് ചെരിപ്പെടുക്കാൻ കയറിയ 13കാരനായ മിഥുൻ എം. വൈദ്യുതി ഷോക്കേറ്റ് മരിച്ചു. വിദ്യാഭ്യാസ വകുപ്പ് നടത്തിയ അന്വേഷണത്തിൽ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ ഗുരുതരമായ കൃത്യവിലോപം നടന്നതായി കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് മാനേജ്മെന്റിനെതിരെ കടുത്ത നടപടി സ്വീകരിച്ചത്.
ആദ്യഘട്ടത്തിൽ സ്‌കൂൾ പ്രധാനാധ്യാപികയ്‌ക്കെതിരെ മാത്രം നടപടിയെടുത്തപ്പോൾ, സിപിഎം നിയന്ത്രിത മാനേജ്മെന്റിനെ സർക്കാർ സംരക്ഷിക്കുന്നു എന്നാരോപണം ഉയർന്നിരുന്നു. തുടർന്ന് സ്‌കൂൾ മാനേജരായ സിപിഎം മൈനാഗപ്പള്ളി കിഴക്ക് ലോക്കൽ കമ്മിറ്റി സെക്രട്ടറി ജി. തുളസീധരൻ പിള്ളയോട് വിശദീകരണം ആവശ്യപ്പെട്ടു. അദ്ദേഹത്തിന്റെ വിശദീകരണം തള്ളിക്കൊണ്ടാണ് നടപടി.
സ്‌കൂൾ മാനേജ്മെന്റിന്റെ 11 അംഗ ജനകീയ സമിതിയിലുള്ളവർ സിപിഎം പ്രാദേശിക നേതാക്കളും പ്രവർത്തകരുമായിരുന്നു. ഈ സമിതിയെയാണ് പിരിച്ചുവിട്ടത്. “മിഥുൻ കേരളത്തിന്റെ മകനാണ്. ഇത്തരം ദാരുണ സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള എല്ലാ നടപടികളും സ്വീകരിക്കപ്പെടും. സ്‌കൂൾ സുരക്ഷ നിരീക്ഷണം ശക്തിപ്പെടുത്തും,” എന്ന് വിദ്യാഭ്യാസമന്ത്രി വ്യക്തമാക്കി. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കൂടുതൽ സുരക്ഷാ നടപടികൾക്ക് മുഖ്യമന്ത്രി പിണറായി വിജയനുമായി ചർച്ച നടത്തിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
Tag: Shock death of Thevalakkara school student: Management dismissed and administration handed over to the Education Department