Latest NewsNationalNews

”കേന്ദ്ര സർക്കാർ നിരോധിച്ച അശ്ലീല ആപ്പുകളുമായി ബന്ധമില്ല”; ഏക്താ കപൂർ

കേന്ദ്ര സർക്കാർ അശ്ലീല ഉള്ളടക്കത്തെ തുടർന്ന് നിരോധിച്ച 25 ഓളം ഓൺലൈൻ ആപ്ലിക്കേഷനുകളിൽ ഒന്നുമായും തനിക്കോ അമ്മ ശോഭാ കപൂറിനോ ബന്ധമില്ലെന്ന് പ്രമുഖ ടെലിവിഷൻ സീരിയൽ നിർമ്മാതാവ് ഏക്താ കപൂർ വ്യക്തമാക്കി. നിരോധിച്ച ആപ്പുകളുടെ പട്ടികയിൽ ‘ആൾട്ട്’ (ALT) ഉൾപ്പെട്ടതോടെ ഉയർന്ന ആരോപണങ്ങളെയാണ് ഏക്താ കപൂർ നിഷേധിച്ചത്.

2021 ജൂണിൽ തന്നെ ആൾട്ട് ഡിജിറ്റൽ മീഡിയ എന്റർടെയ്ൻമെന്റുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിച്ചു. ബാലാജി ടെലിഫിലിംസ് ലിമിറ്റഡ് ഒരു പ്രൊഫഷണൽ മീഡിയ സ്ഥാപനമാണ്, ബിഎസ്ഇ, എൻഎസ്ഇ ലിസ്റ്റിംഗുള്ള കമ്പനിയാണെന്നും അവർ വ്യക്തമാക്കി. 2025 ജൂണിൽ ലയനത്തിന് ശേഷം കമ്പനി ‘ALTT’ എന്ന പേരിലാണ് പ്രവർത്തിക്കുന്നത്, ഇത് എൻസിഎൽടി അംഗീകരിച്ചതാണെന്നും അവർ കൂട്ടിച്ചേർത്തു.

ALTT പ്രവർത്തനരഹിതമാക്കിയതായി ചില മാധ്യമ റിപ്പോർട്ടുകൾ വന്നിട്ടുണ്ടെങ്കിലും, തനിക്കോ അമ്മ ശോഭാ കപൂറിനോ ALTT-യുമായി നിലവിൽ ബന്ധമില്ലെന്ന് ഏക്താ കപൂർ ഊന്നിപ്പറഞ്ഞു. “മുകളിലെ വസ്തുതകൾക്ക് വിരുദ്ധമായ എല്ലാ ആരോപണങ്ങളെയും ഞങ്ങൾ ശക്തമായി നിഷേധിക്കുന്നു. മാധ്യമങ്ങൾ കൃത്യമായ വിവരങ്ങൾ മാത്രം റിപ്പോർട്ട് ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു,” എന്നും അവർ പ്രസ്താവനയിൽ പറഞ്ഞു.

കേന്ദ്ര വാർത്താ വിതരണ മന്ത്രാലയമാണ് അശ്ലീല ഉള്ളടക്കമുള്ള 25 പ്ലാറ്റ്‌ഫോമുകൾക്കെതിരെ നടപടി സ്വീകരിച്ചത്. 2000 ലെ ഐടി നിയമത്തിലെ സെക്ഷൻ 67, 67A പ്രകാരമാണ് നടപടി. 1986 ലെ സ്ത്രീകളുടെ അസഭ്യമായ പ്രാതിനിധ്യ (നിരോധനം) നിയമത്തിലെ സെക്ഷൻ 4 എന്നിവ ലംഘിച്ചതിനാലാണ് നിരോധനം.

ഉല്ലു, ബിഗ് ഷോട്ട്സ്, ദേശിഫ്ലിക്സ്, ബൂമെക്സ്, നവരസ ലൈറ്റ് എന്നിവ ഉൾപ്പെടെ നിരവധി ആപ്പുകൾ നിരോധിക്കപ്പെട്ടു.
മുമ്പ്, മലയാളം ഒടിടി ആപ്പായ യെസ്മ ഉൾപ്പെടെ 18 പ്ലാറ്റ്‌ഫോമുകളും, 19 വെബ്‌സൈറ്റുകളും, 57 സോഷ്യൽ മീഡിയ അക്കൗണ്ടുകളും ഇതേ കാരണം കൊണ്ട് നടപടിയിലായിരുന്നു.

Tag: no connection with porn apps banned by the central government”: Ekta Kapoor

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button