
ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിൽ പരിക്കേറ്റ് പുറത്തായ ഋഷഭ് പന്തിന് പകരം വിക്കറ്റ് കീപ്പർ-ബാറ്റ്സ്മാനായി എൻ. ജഗദീശനെ ഇന്ത്യൻ ടെസ്റ്റ് ടീമിൽ ഉൾപ്പെടുത്തി. 29 വയസുകാരനായ ജഗദീശൻ ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റിനുള്ള സ്ക്വാഡിൽ ഇടം നേടി.
2016-ൽ രഞ്ജി ട്രോഫിയിലൂടെ തമിഴ്‌നാടിനായി അരങ്ങേറ്റം കുറിച്ച ജഗദീശൻ, ആദ്യ മത്സരത്തിൽ തന്നെ സെഞ്ചുറി നേടി ശ്രദ്ധേയനായി. 2022-ലെ വിജയ് ഹസാരെ ട്രോഫിയിൽ തുടർച്ചയായി അഞ്ച് സെഞ്ചുറികൾ നേടിക്കൊണ്ട് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ ലോക റെക്കോർഡ് സ്ഥാപിച്ചു. ഇതേ പരമ്പരയിൽ നേടിയ 277 റൺസ്, ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ ഒരു ബാറ്റ്സ്മാന്റെ ഉയർന്ന വ്യക്തിഗത സ്കോറായും രേഖപ്പെടുത്തി.
ഇതുവരെ 52 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ 3,373 റൺസും 64 ലിസ്റ്റ് എ മത്സരങ്ങളിൽ 2,728 റൺസും നേടിയിട്ടുണ്ട്. ഐപിഎൽ കരിയറിൽ അദ്ദേഹം ചെന്നൈ സൂപ്പർ കിങ്സിനും കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനുമായി 13 മത്സരങ്ങൾ കളിച്ചിട്ടുണ്ട്.
മകന്റെ ദേശീയ ടീമിലെ പ്രവേശനം “വലിയ അഭിമാനമാണ്” എന്ന് ജഗദീശന്റെ പിതാവ്, മുൻ ക്രിക്കറ്റ് താരം നാരായണൻ പ്രതികരിച്ചു. “കുട്ടിക്കാലം മുതൽ ക്രിക്കറ്റിനോടുള്ള ആവേശമാണ് അവനെ മുന്നോട്ടു നയിച്ചത്. കോയമ്പത്തൂരിൽ നിന്ന് ഇന്ത്യൻ ടീമിലേക്ക് എത്തുന്ന ആദ്യ താരമായത് സന്തോഷകരമായ കാര്യമാണ്,” എന്നും അദ്ദേഹം പറഞ്ഞു. ആദ്യം ഫാസ്റ്റ് ബൗളറാകാൻ ശ്രമിച്ച ജഗദീശൻ, പിന്നീട് പിതാവിന്റെയും പരിശീലകരുടെയും നിർദേശപ്രകാരം വിക്കറ്റ് കീപ്പറായി മാറുകയായിരുന്നു.
Tag: Tamil Nadu’s N. Jagadeesan replaces Rishabh Pant