NationalNewsUncategorized

ധര്‍മസ്ഥലയിലെ വെളിപ്പെടുത്തല്‍; എസ്‌ഐടി അന്വേഷണം ആരംഭിച്ചു, പ്രത്യേക ഓഫീസ് ബെല്‍ത്തങ്കിടിയില്‍ സ്ഥാപിച്ചു

ധർമ്മസ്ഥലയിൽ നിരവധി പേരെ കൊന്ന് കുഴിച്ചുമൂടിയെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലിനെ തുടർന്ന് പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) അന്വേഷണം ആരംഭിച്ചു. ഡിജിപി പ്രണവ് മൊഹന്തിയുടെ നേതൃത്വത്തിലുള്ള സംഘം ശനിയാഴ്ച വെളിപ്പെടുത്തൽ നടത്തിയ ശുചീകരണ തൊഴിലാളിയുടെ മൊഴി രേഖപ്പെടുത്തി. അന്വേഷണം ആരംഭിക്കുന്നതിന് മുമ്പ് വെള്ളിയാഴ്ച സംഘം നിരവധി യോഗങ്ങൾ നടത്തിയിരുന്നു.

20 അംഗങ്ങളടങ്ങിയ എസ്‌ഐടിയിൽ ഡിജിപി പ്രണവ് മൊഹന്തി, ഡിഐജി എം.എൻ. അനുഛേദ്, എസ്.പി. ജിതേന്ദ്രകുമാർ ദയാമ എന്നിവരോടൊപ്പം വിവിധ ഇൻസ്‌പെക്ടർമാർ, സബ് ഇൻസ്‌പെക്ടർമാർ, ഹെഡ് കോൺസ്റ്റബിൾമാർ, കോൺസ്റ്റബിൾമാർ എന്നിവർ ഉൾപ്പെടുന്നു. ഡിഐജി അനുഛേദും എസ്.പി. ജിതേന്ദ്രകുമാറും കഴിഞ്ഞ ദിവസം തന്നെ മംഗളൂരുവിലെത്തി സർക്യൂട്ട് ഹൗസിൽ പ്രധാന യോഗങ്ങൾ നടത്തി. തുടർന്ന് പടിഞ്ഞാറൻ മേഖലാ ഐജി അമിത് സിങ്ങുമായും യോഗം നടത്തി. ഐജിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ഡിഐജി അനുഛേദ്, അന്വേഷണ വിവരങ്ങൾ ഇപ്പോൾ പുറത്തുവിടാനാകില്ലെന്ന് വ്യക്തമാക്കി.

ബെൽത്തങ്കടി പോലീസ് സ്റ്റേഷന്റെ സമീപത്ത് എസ്‌ഐടിയുടെ പ്രത്യേക ഓഫീസ് സ്ഥാപിച്ചു. പരാതികൾ നേരിട്ട് സ്വീകരിക്കാനുള്ള സൗകര്യവും ഇവിടെ ഒരുക്കിയിട്ടുണ്ട്. കേസിന്റെ ​ഗൗരവം കണക്കിലെടുത്ത് അന്വേഷണം അതീവ രഹസ്യമായി നടക്കും. യോഗങ്ങളുടേയും അന്വേഷണ നടപടികളുടേയും വിശദാംശങ്ങൾ പുറത്തുപോകരുതെന്ന് സംഘാംഗങ്ങൾക്ക് നിർദ്ദേശമുണ്ട്.

1995 മുതൽ 2014 വരെ നൂറോളം പേരുടെ മൃതദേഹങ്ങൾ കുഴിച്ചിട്ടതായി ശുചീകരണ തൊഴിലാളി വെളിപ്പെടുത്തിയിരുന്നു. ഭൂരിഭാഗവും സ്ത്രീകളും പെൺകുട്ടികളുമാണ്, പലരും ബലാത്സംഗത്തിനിരയായ ശേഷമാണ് കൊല്ലപ്പെട്ടതെന്ന് ഇയാൾ പറഞ്ഞു. വിവാദം രൂക്ഷമായതിനെ തുടർന്ന് സർക്കാർ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ച് അന്വേഷണം ആരംഭിക്കുകയായിരുന്നു.

Tag: Dharmasthala revelation; SIT begins investigation, special office set up in Belthangady

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button