കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് സമരം നടത്തരുതെന്ന് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.

കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് സമരങ്ങള്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജിയിന്മേൽ,
കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് സമരം നടത്തരുതെന്ന് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. രാഷ്ട്രീയ പാര്‍ട്ടികള്‍ ഇത് പാലിക്കുന്നുണ്ടെന്ന് സര്‍ക്കാര്‍ ഉറപ്പാക്കണമെന്നും ഹൈക്കോടതിയുടെ ഉത്തരവില്‍ പറയുന്നു. ജൂലൈ രണ്ടിലെ സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ച് എത്ര സമരങ്ങള്‍ക്ക് അനുമതി നല്‍കി എന്ന് അറിയിക്കാന്‍ സര്‍ക്കാരിന് കോടതി നിര്‍ദേശം നല്‍കി.
ഇതോടൊപ്പം കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ സമരം നടത്തിയതിന് എത്ര കേസുകള്‍ രജിസ്റ്റര്‍ ചെയ്തെന്നും അറിയിക്കണം. ഈ വിശദാംശങ്ങള്‍ ബുധനാഴ്ച തന്നെ നല്‍കണമെന്നും ഹൈക്കോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ചു. ഹരജി ബുധനാഴ്ച വീണ്ടും പരിഗണിക്കും.
രാഷ്ട്രീയ പാര്‍ട്ടികള്‍ അടക്കം ആഹ്വാനം ചെയ്യുന്ന സമരങ്ങള്‍ കൊവിഡ് രോഗവ്യാപനത്തിന് ഇടയാക്കുമെന്നാണ് ഹരജിക്കാര്‍ ആരോപിച്ചിരുന്നു. മാനദണ്ഡങ്ങള്‍ ലംഘിച്ച് സമരം നടത്തുന്ന പാര്‍ട്ടികളുടെ അംഗീകാരം റദ്ദാക്കണമെന്ന ആവശ്യവും ഹർജിയിൽ ഉന്നയിച്ചിട്ടുണ്ട്.