സാങ്കേതിക തകരാറ്; അമേരിക്കൻ എയർലൈൻസ് വിമാനത്തിന്റെ ടേക്ക് ഓഫ് റദ്ദാക്കി

വിമാനത്തിൽ നിന്ന് തീയും പുകയും ഉയർന്നു, ഡെൻവർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും പറന്നുയരേണ്ട അമേരിക്കൻ എയർലൈൻസ് വിമാനത്തിന്റെ ടേക്ക് ഓഫ് റദ്ദാക്കി. പറന്നുയരാൻ തയ്യാറായിരുന്ന ബോയിങ് 737 മാക്സ് 8 വിമാനത്തിന്റെ ടേക്ക് ഓഫാണ് റദ്ദാക്കിയത്. ഇതേ തുടർന്ന് യാത്രക്കാരെ അടിയന്തരമായി സുരക്ഷിതമായി പുറത്തേക്കൊഴിപ്പിച്ചു.
ഡെൻവറിൽ നിന്ന് മിയാമിയിലേക്ക് പറന്നുയരാനിരുന്ന വിമാനത്തിൽ 173 യാത്രക്കാരും ആറ് ജീവനക്കാരുമുണ്ടായിരുന്നു. എല്ലാവരും സുരക്ഷിതരാണെന്ന് എയർലൈൻസ് അറിയിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരിക്കുകയാണ്. യാത്രക്കാർ വിമാനത്തിൽ നിന്ന് ഇറങ്ങി റൺവേയിലൂടെ ഓടുന്ന ദൃശ്യങ്ങളാണ് വീഡിയോയിൽ കാണുന്നത്.
ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ (FAA) പ്രകാരം ലാൻഡിങ് ഗിയറിലെ തകരാറാണ് അപകട സാധ്യതയ്ക്ക് കാരണമായത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും FAA വ്യക്തമാക്കി. യാത്രക്കാരെ മറ്റൊരു വിമാനത്തിലൂടെ ലക്ഷ്യസ്ഥാനത്ത് എത്തിക്കുമെന്ന് അമേരിക്കൻ എയർലൈൻസ് അറിയിച്ചു. സംഭവത്തെത്തുടർന്ന് ബന്ധപ്പെട്ട ബോയിങ് വിമാനത്തിന് പരിശോധനയും പരിപാലന നടപടികളും ആരംഭിച്ചുവെന്ന് കമ്പനി സ്ഥിരീകരിച്ചു.
Tag: American Airlines flight canceled due to technical glitch