Latest NewsNationalNews

ഓപ്പറേഷൻ സിന്ദൂർ: ലോക്സഭയിൽ ഇന്ന് 16 മണിക്കൂർ നീളുന്ന ചർച്ചയ്ക്ക് തുടക്കം

ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ചുള്ള നിർണായക ചർച്ചയ്ക്ക് ലോക്സഭയിൽ ഇന്ന് തുടക്കമാകും. പതിനാറ് മണിക്കൂറോളം നീളുന്ന ഈ ചർച്ചയിൽ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് ആദ്യ പ്രസംഗം നടത്തും. ചർച്ചയ്ക്ക് സമാപനവും അദ്ദേഹം തന്നെ നിർവഹിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത്ഷാ, വിദേശകാര്യമന്ത്രി എസ്. ജയശങ്കർ എന്നിവർ ചർച്ചയിൽ പങ്കെടുക്കും. കൂടാതെ സഖ്യകക്ഷികളായ ടിഡിപി, ജെഡിയു എന്നിവയുടെ എംപിമാരും പ്രസംഗിക്കുന്നുണ്ട്.

പ്രതിപക്ഷത്തിന്റെ ഭാഗത്ത് നിന്ന് രാഹുൽ ഗാന്ധി നാളെയാണ് സംസാരിക്കുക. കൂടാതെ പ്രിയങ്ക ഗാന്ധി, ഗൗരവ് ഗോഗോയ്, കെ. സിവേണുഗോപാൽ തുടങ്ങിയ നേതാക്കളുടെ പ്രസംഗവും പ്രതീക്ഷിക്കപ്പെടുന്നു. എന്നാൽ ഓപ്പറേഷൻ സിന്ദൂർ ദൗത്യ സംഘത്തിലെ അംഗങ്ങളായിരുന്ന ശശി തരൂർ, മനീഷ് തിവാരി എന്നിവരെ ചർച്ചയിൽ നിന്ന് ഒഴിവാക്കാൻ സാധ്യതയുണ്ടെന്നാണ് സൂചന. സമാജ്‍വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്, തൃണമൂൽ കോൺഗ്രസ് നേതാവ് അഭിഷേക് ബാനർജിയും ചർച്ചയിൽ പങ്കെടുക്കും.

അതേസമയം, ഛത്തീസ്ഗഢിൽ മതപരിവർത്തനാരോപണം ചുമത്തി മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവം പ്രതിപക്ഷം സഭയിൽ ഉന്നയിക്കാനാണ് തീരുമാനം. സംഭവം സർക്കാരിന്റെ മതസഹിഷ്ണുതാ നിലപാടിനെ ചോദ്യം ചെയ്യുന്നതാണെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. ചർച്ചയ്ക്ക് മുന്നോടിയായി പ്രതിപക്ഷം ലോക്സഭ പ്രധാന കവാടത്തിൽ പ്രതിഷേധ ധർണ്ണയും നടത്തും.

മലയാളി കന്യാസ്ത്രീകളുടെ അറസ്റ്റുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾ പുറത്ത് വന്നതോടെ സംഭവം കൂടുതൽ വിവാദമായിരുന്നു. ബജ്റംഗ്ദൾ പ്രവർത്തകരുടെ സമ്മർദത്താൽ അറസ്റ്റുണ്ടായതെന്നും പോലീസിന്റെ പങ്ക് ചോദ്യം ചെയ്യപ്പെടുന്നുമാണ് പ്രതിപക്ഷ ആരോപണം.

ഓപ്പറേഷൻ സിന്ദൂരിലെ ചർച്ചയ്‌ക്കും, മലയാളി കന്യാസ്ത്രീകളുടെ അറസ്റ്റുമായി ബന്ധപ്പെട്ട വിഷയത്തിനും ലോക്സഭയിൽ കടുത്ത വാദപ്രതിവാദങ്ങൾ നടന്നേക്കും.

Tag: Operation Sindoor: 16-hour debate begins in Lok Sabha today

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button