NationalNews

ആമിര്‍ ഖാന്റെ ബാന്ദ്ര വസതിയില്‍ ഐപിഎസ് ഉദ്യോഗസ്ഥരുടെ സന്ദര്‍ശനം: ദൃശ്യങ്ങൾ ചർച്ചയാകുന്നു

ആമിര്‍ ഖാന്റെ മുംബൈയിലെ ബാന്ദ്ര വസതിയില്‍നിന്ന് ഒരു കൂട്ടം ഐപിഎസ് ഉദ്യോഗസ്ഥര്‍ പുറത്ത് വരുന്ന ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാകുകയാണ്. ഏകദേശം 25 ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സംഘത്തിലുണ്ടായിരുന്നുവെന്നാണ് വിവിധ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. എന്നാൽ ഇവർ എത്തിയതിന്റെ കാരണം സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ലഭ്യമല്ല.

സംഭവവുമായി ബന്ധപ്പെട്ട് ആമിര്‍ ഖാനോ അദ്ദേഹത്തിന്റെ ടീമോ പ്രതികരിച്ചിട്ടില്ല. പോലീസ് വൃത്തങ്ങളും ഇതുവരെ യാതൊരു ഔദ്യോഗിക പ്രസ്താവനയും പുറത്തുവിട്ടിട്ടില്ല. ഇതോടെ സാമൂഹികമാധ്യമങ്ങളില്‍ വിവിധ തരത്തിലുള്ള അനുമാനങ്ങള്‍ വ്യാപകമായി ചര്‍ച്ചയാവുകയാണ്.

ആമിര്‍ ഖാന്റെ ഏറ്റവും പുതിയ ചിത്രം ‘സിത്താരേ സമീൻപർ’ വലിയ വിജയമാണ് നേടിയിരിക്കുന്നത്. സമൂഹത്തിലെ വിവിധ വിഭാഗങ്ങളിലെ പ്രമുഖര്‍ക്കായി താരം നേരത്തെ പ്രത്യേക പ്രദര്‍ശനങ്ങള്‍ സംഘടിപ്പിച്ചിരുന്നു. ഈ സന്ദര്‍ശനം പോലീസ് ഉദ്യോഗസ്ഥര്‍ക്കായി നടത്തിയ പ്രത്യേക പ്രദര്‍ശനവുമായി ബന്ധപ്പെട്ടതാകാമെന്നാണ് ചിലരുടെ അനുമാനം. ചിലര്‍ ഇതിനെ സൗഹൃദ സന്ദര്‍ശനമായി കാണുമ്പോള്‍, മറ്റുചിലര്‍ ഇതിന് പിന്നില്‍ മറ്റൊരു കാരണവും ഉണ്ടാകാമെന്ന് ചൂണ്ടിക്കാട്ടുന്നു.

അതേസമയം, അമിതാഭ് ബച്ചനും ആമിര്‍ ഖാനും പേരില്‍ രജിസ്റ്റര്‍ ചെയ്തിരുന്ന റോള്‍സ് റോയ്‌സ് കാറുകള്‍ക്ക് കര്‍ണാടക പോലീസ് യഥാക്രമം 19 ലക്ഷം, 18 ലക്ഷം രൂപ പിഴ ചുമത്തിയിരുന്നു. ഇപ്പോള്‍ ഈ കാറുകള്‍ രാഷ്ട്രീയ നേതാവും വ്യവസായിയുമായ യൂസഫ് ഷെരീഫിന്റെ പേരിലാണ്. ഇതുമായി ബന്ധപ്പെട്ട അന്വേഷണം നടത്താനോ മൊഴിയെടുപ്പിനോ ഉദ്യോഗസ്ഥര്‍ എത്തിയതാകാമെന്നും ആരാധകര്‍ ചോദ്യമുയർത്തുന്നു.

ഓഗസ്റ്റ് 14 മുതല്‍ 24 വരെ മെല്‍ബണില്‍ നടക്കുന്ന ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവലില്‍ (ഐഎഫ്എഫ്എം) ആമിര്‍ മുഖ്യാതിഥിയായി പങ്കെടുക്കാനിരിക്കെയാണ് ഈ സന്ദര്‍ശനം നടന്നത്. സംഭവത്തിന്റെ യഥാര്‍ത്ഥ കാരണം വ്യക്തമാകാത്തതിനാല്‍ ചര്‍ച്ചകള്‍ തുടർന്നുകൊണ്ടിരിക്കുന്നു.

Tag: IPS officers visit Aamir Khan’s Bandra residence: Footage is being discussed

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button