
62 വർഷക്കാലം ഇന്ത്യൻ വ്യോമസേനയ്ക്ക് സേവനം അനുഷ്ഠിച്ച മിഗ്-21 യുദ്ധവിമാനങ്ങൾ ഈ വർഷം വിരമിക്കുന്നു. 2025 സെപ്റ്റംബർ 19-നാണ് നമ്പർ 23 സ്ക്വാഡ്രണിലെ അവസാന മിഗ്-21 ജെറ്റുകളുടെ പറക്കൽ നടക്കുക. ഇന്ത്യയിലെ ഏറ്റവും ദൈർഘ്യമേറിയ സേവനം നൽകിയ യുദ്ധവിമാനങ്ങളായ മിഗ്-21 വിരമിക്കുമ്പോൾ, അവയ്ക്ക് പകരം എത്തുന്ന പുതിയ വിമാനങ്ങളുടെ പുരോഗതി കുറവാണെന്ന ആശങ്ക ഉയരുകയാണ്.
അമേരിക്കന്‍ യു-2 നിരീക്ഷണ വിമാനങ്ങളെ പ്രതിരോധിക്കുന്നതിന് വേണ്ടിയാണ് സോവിയറ്റ് യൂണിയന് മിഗ് -21 വിമാനങ്ങള്‍ രൂപകല്പന ചെയ്തത്. 1963 ലാണ് ഹൈ ആള്‍ട്ടിറ്റിയൂഡ് ഇന്റര്‍സെപ്റ്റര്‍ എന്ന നിലയില്‍ ഇന്ത്യന്‍ വ്യോമസേന ആദ്യമായി മിഗ്-21 യുദ്ധവിമാനങ്ങള്‍ സൈന്യത്തിന്റെ ഭാഗമാകുന്നത്. പിന്നീട് ഇതിന്റെ വിവിധ പതിപ്പുകള്‍ വ്യോമസേനയുടെ ഭാഗമായി. നിലവില്‍ 18 ഓളം മിഗ്-21 ബൈസണ്‍ വിമാനങ്ങളുള്ള സ്ക്വാഡ്രണാണ് വ്യോമസേനയ്ക്ക് വേണ്ടി സേവനത്തിലുള്ളത്. 42 ഫൈറ്റര്‍ സ്ക്വാഡ്രണുകള്‍ വരെ പ്രവര്‍ത്തിപ്പിക്കാന്‍ വ്യോമസേനയ്ക്ക് അനുമതിയുണ്ട്. എന്നാല്‍, നമ്പര്‍-23 സ്ക്വാഡ്രണ്‍ വിരമിക്കുന്നതോടെ ഇന്ത്യന്‍ വ്യോമസേനയുടെ സ്ക്വാഡ്രണ്‍ ശേഷി 29 ആയി കുറയും. ഏക്കാലത്തെയും കുറഞ്ഞ എണ്ണമാണിത്.
850 മിഗ്-21 വിമാനങ്ങളിൽ 300-ഓളം അപകടങ്ങളിൽ ജീവൻ നഷ്ടപ്പെട്ടതിനാൽ ഈ വിമാനങ്ങൾ “ഫ്ലൈയിംഗ് കോഫിൻ” എന്ന പേരിലും അറിയപ്പെട്ടു.
മിഗിന് പകരമായി 1980-കളിൽ തന്നെ ലൈറ്റ് കോംബാറ്റ് എയർക്രാഫ്റ്റ് (എൽസിഎ) വികസിപ്പിക്കാനായിരുന്നു തീരുമാനം. എന്നാൽ വർഷങ്ങൾക്ക് ശേഷമാണ് തദ്ദേശീയമായി നിർമ്മിച്ച തേജസ് വിമാനങ്ങൾ വ്യോമസേനയിലെത്തിയത്. 2016 മുതൽ നമ്പർ 45 സ്ക്വാഡ്രണിൽ 40 തേജസ് മാർക്ക് 1 വിമാനങ്ങൾ സേവനത്തിലുണ്ട്.
കഴിഞ്ഞ വർഷം 83 തേജസ് മാർക്ക് 1എ വിമാനങ്ങൾക്ക് 48,000 കോടി രൂപയുടെ കരാർ ഒപ്പുവെച്ചിട്ടുണ്ട്. കൂടാതെ 100 മാർക്ക് 1എ വിമാനങ്ങളും, ഭാവിയിൽ 120 മാർക്ക് 2 വിമാനങ്ങളും വാങ്ങാൻ പദ്ധതിയുണ്ട്. എന്നാൽ മാർക്ക് 2 ഇപ്പോഴും നിർമ്മാണ ഘട്ടത്തിലാണ്.
ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ് (HAL) നിർമ്മിക്കുന്ന തേജസ് വിമാനങ്ങളുടെ വിതരണം വെെകുന്നസാഹചര്യത്തിൽ , 2010-ൽ ഓർഡർ ചെയ്ത 40 മാർക്ക് 1 വിമാനങ്ങളിൽ 36 എണ്ണം മാത്രമാണ് ലഭ്യമായത്; നാല് എണ്ണം ഇനിയും പൂർത്തിയായിട്ടില്ല. HAL ഈ സാമ്പത്തിക വർഷത്തിൽ 12 പുതിയ തേജസ് വിമാനങ്ങൾ കൈമാറുമെന്നാണ് അറിയിച്ചിട്ടുള്ളത്.
മിഗ്-21 വിരമിക്കുന്ന സമയത്ത് പകരം വിമാനങ്ങളുടെ വൈകിയ വരവ്, വ്യോമസേനയുടെ ശേഷിയിൽ പ്രതിസന്ധി സൃഷ്ടിക്കുമെന്ന ആശങ്ക തുടരുകയാണ്.
Tag: MiG-21s bid farewell to Indian Air Force after 62 years of service