’90+ വിമൻ ഷേപ്പിംഗ് കൾച്ചർ’ പട്ടികയിൽ ബോളിവുഡ് താരം ദീപിക പദുക്കോൺ; നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ താരം

ആഗോള സാംസ്‌കാരിക പ്രസിദ്ധീകരണമായ ദി ഷിഫ്റ്റ് ഒരുക്കിയ ’90+ വിമൻ ഷേപ്പിംഗ് കൾച്ചർ’ പട്ടികയിൽ ബോളിവുഡ് താരം ദീപിക പദുക്കോൺ ഇടം നേടി. വ്യക്തിത്വം, കലാപരമായ കഴിവ്, സാംസ്‌കാരിക സ്വാധീനം എന്നിവയിലൂടെ ഭാവി തലമുറയെ പ്രചോദിപ്പിക്കുന്ന സ്ത്രീകളെയാണ് ഈ പട്ടിക അംഗീകരിക്കുന്നത്.
ദീപികയുടെ ‘ദി ലിവ് ലവ് ലാഫ്’ ഫൗണ്ടേഷൻ മുഖേന മാനസികാരോഗ്യവും സ്ത്രീ ശാക്തീകരണവും ലക്ഷ്യമാക്കി നടത്തുന്ന പ്രവർത്തനങ്ങളാണ് പട്ടികയിൽ ഉൾപ്പെടാൻ പ്രധാന കാരണമായി ചൂണ്ടിക്കാട്ടിയത്. ഹോളിവുഡ് താരം ആഞ്ചലീന ജോളി, ഗായിക സെലീന ഗോമസ്, ഗ്രാമി ജേതാക്കളായ ബില്ലി എലിഷ്, ഒലിവിയ റോഡ്രിഗോ എന്നിവരും പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള മോട്ടിവേഷൻ സ്പീക്കർമാരിൽ ഒരാളായും ദീപിക കഴിഞ്ഞ വർഷങ്ങളിൽ ശ്രദ്ധേയയായി.
ഇതിനൊപ്പം, ‘വാക്ക് ഓഫ് ഫെയിം’ പട്ടികയിലും ദീപികയ്ക്ക് ആദരം ലഭിച്ചു. സിനിമ, ടെലിവിഷൻ, ലൈവ് തീയേറ്റർ, പെർഫോമൻസ്, സ്പോർട്സ് തുടങ്ങിയ മേഖലകളിൽ പ്രശസ്തരായവർക്കാണ് ഈ ബഹുമതി നൽകുന്നത്. ഒവേഷൻ ഹോളിവുഡ് നടത്തിയ പത്രസമ്മേളനത്തിലാണ് പ്രഖ്യാപനം. ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ താരമായി ദീപിക മാറി.
ഇപ്പോൾ കരിയറിൽ ചെറിയൊരു ഇടവേളയിലാണ് താരം. അടുത്തിടെ അമ്മയായ ദീപിക, അടുത്ത വർഷം ഷാരൂഖ് ഖാനോടൊപ്പം അഭിനയിച്ച ‘കിംഗ്’ എന്ന ചിത്രത്തിലൂടെയാണ് വലിയ തിരശ്ശീലയിൽ മടങ്ങിയെത്തുന്നത്. ദീപിക അവസാനമായി ‘സിംഹം അഗെയിൻ’ എന്ന ചിത്രത്തിലായിരുന്നു അഭിനയിച്ചത്.
Tag: Bollywood star Deepika Padukone on the list of ’90+ Women Shaping Culture’; first Indian actress to achieve the feat