ഇന്ത്യ-അമേരിക്ക സംയുക്ത ഉപഗ്രഹ ദൗത്യം: ‘നിസാർ’ ഇന്ന് വിക്ഷേപിക്കും

ഇന്ത്യയുടെയും അമേരിക്കയുടെയും ആദ്യ സംയുക്ത ഉപഗ്രഹ ദൗത്യമായ നൈസാർ (NISAR) ഇന്ന് വിക്ഷേപിക്കും. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്ന് വൈകിട്ട് 5.40-ന് ജിഎസ്എൽവി എഫ്-16 റോക്കറ്റ് ഭൗമ നിരീക്ഷണ ഉപഗ്രഹമായ നൈസാറിനെ ഭ്രമണപഥത്തിലേക്ക് എത്തിക്കും.
ലോകത്തിൽ ആദ്യമായി ഇരട്ട ഫ്രീക്വൻസി (S ബാൻഡ്, L ബാൻഡ്) ഉപയോഗിക്കുന്ന റഡാർ സാറ്റലൈറ്റ് എന്ന പ്രത്യേകത നൈസാറിനാണ്. നാസ–ഇസ്രോ സിന്തറ്റിക് അപ്പർചർ റഡാർ എന്നതിന്റെ ചുരുക്കപ്പേരാണ് നൈസാർ. S ബാൻഡ് റഡാർ ഐഎസ്ആർഒ നിർമ്മിച്ചതും L ബാൻഡ് റഡാർ നാസ വികസിപ്പിച്ചതുമാണ്.
നിലവിലുള്ള ഭൗമ നിരീക്ഷണ ഉപഗ്രഹങ്ങളെ അപേക്ഷിച്ച് പതിന്മടങ്ങ് വ്യക്തവും കൃത്യവുമായ ഡാറ്റയാണ് നൈസാർ കൈമാറുക. ഭൂമിയുടെ ഉപരിതലത്തിലെ സൂക്ഷ്മമായ മാറ്റങ്ങൾ പോലും കണ്ടെത്താനും വിശകലനം ചെയ്യാനും ഉപഗ്രഹത്തിന് കഴിയും.
ഓരോ 12 ദിവസത്തിലും രണ്ടുതവണ ഭൂമിയെ പൂർണ്ണമായി സ്കാൻ ചെയ്ത് വിവരങ്ങൾ നിയന്ത്രണ കേന്ദ്രത്തിലേക്ക് അയയ്ക്കും. 747 കിലോമീറ്റർ ഉയരത്തിലുള്ള സൗരസ്ഥിര ഭ്രമണപഥത്തിൽ സഞ്ചരിക്കുന്ന നൈസാർ, 254 കിലോമീറ്റർ വിസ്തൃതിയിലുള്ള പ്രദേശങ്ങൾ സ്കാൻ ചെയ്ത് ഉയർന്ന റെസല്യൂഷനിലുള്ള ചിത്രങ്ങൾ നൽകും.
കരഭൂമി, ഉപരിതല ജലം, മഞ്ഞുപാളി, ഭൂഗർഭ ജലം, ജൈവ ആവാസവ്യവസ്ഥ എന്നിവയിലെ സെന്റീമീറ്റർ തലത്തിലുള്ള മാറ്റങ്ങൾ വരെ നൈസാർ രേഖപ്പെടുത്തും. ഭൂകമ്പം, പ്രളയം, സുനാമി, മണ്ണിടിച്ചിൽ, അഗ്നിപർവ്വത സ്ഫോടനം പോലുള്ള പ്രകൃതിദുരന്തങ്ങൾ മുൻകൂട്ടി തിരിച്ചറിയാനും ദുരന്തനിവാരണ, കാലാവസ്ഥ, കൃഷി തുടങ്ങി നിരവധി മേഖലകളിൽ നിർണായക ഡാറ്റ നൽകാനും ഉപഗ്രഹത്തിന് കഴിയും.
10 വർഷത്തിലേറെക്കാലം നീണ്ട ഗവേഷണത്തിനൊടുവിലാണ് നാസയും ഐഎസ്ആർഒയും ചേർന്ന് നൈസാർ വികസിപ്പിച്ചത്. പരമ്പരാഗത ഉപഗ്രഹങ്ങളിൽ നിന്ന് വ്യത്യസ്തമായി 12 മീറ്റർ വ്യാസമുള്ള ശക്തമായ റിഫ്ലക്ടർ ആന്റീനയാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ഐഎസ്ആർഒയുടെ ഏറ്റവും വിശ്വസ്തവും കരുത്തുറ്റതുമായ ജിഎസ്എൽവി റോക്കറ്റാണ് വിക്ഷേപണത്തിന് ഉപയോഗിക്കുന്നത്. ജിഎസ്എൽവിയുടെ ആദ്യ സൗരസ്ഥിര ഭ്രമണപഥ ദൗത്യവുമാണിത്.
Tag: India-US joint satellite mission: Nisar to launch today