കോട്ടയം കോളേജിൽ കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ വീഴ്ചയില്ലെന്ന് അന്വേഷണ റിപ്പോർട്ട്; രക്ഷാപ്രവർത്തനം സമയബന്ധിതമായി

കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്നുവീണുണ്ടായ അപകടത്തിൽ വീഴ്ചകളൊന്നും ഉണ്ടായിട്ടില്ലെന്ന് അന്വേഷണ റിപ്പോർട്ട്. രക്ഷാപ്രവർത്തനം സമയബന്ധിതമായി നടന്നു. അപകടം നടന്ന കെട്ടിടത്തിന് മുമ്പ് ബലക്ഷയത്തിന്റെ ലക്ഷണങ്ങളൊന്നും ഉണ്ടായിരുന്നില്ല എന്നും റിപ്പോർട്ടിൽ പറയുന്നു.
റിപ്പോർട്ട് പ്രകാരം, തകർന്നത് കെട്ടിടത്തിന്റെ പ്രധാന ഭാഗമല്ല, പിന്നീട് നിർമിച്ച ബാത്ത്റൂമാണ്. 20 പേജുകളുള്ള വിശദമായ റിപ്പോർട്ട് കഴിഞ്ഞ ദിവസം കോട്ടയം കളക്ടർ ജോൺ വി. സാമുവേൽ ആരോഗ്യ മന്ത്രിക്ക് കൈമാറി.
ജൂലൈ 3-നാണ് കോട്ടയം മെഡിക്കൽ കോളേജിലെ 14-ാം വാർഡിലെ ഒരു ഭാഗം ഇടിഞ്ഞുവീണ് അപകടമുണ്ടായത്. രോഗിയായ മകൾക്ക് കൂട്ടിരിക്കാനായി എത്തിയ തലയോലപ്പറമ്പ് സ്വദേശിനി ബിന്ദു കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽപ്പെട്ട് മരണപ്പെട്ടു. ജെസിബി ഉപയോഗിച്ച് നടത്തിയ തിരച്ചിലിലാണ് ബിന്ദുവിന്റെ മൃതദേഹം കണ്ടെത്തിയത്. അപകടത്തിൽ രണ്ടുപേർക്ക് ചെറിയ പരിക്കുകളും സംഭവിച്ചു.
അപകടത്തിന് പിന്നാലെ സർക്കാരിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നു. ആരോഗ്യ മന്ത്രി ബിന്ദുവിന്റെ കുടുംബത്തെ നേരിട്ട് കണ്ടു സഹായം നൽകുമെന്ന് ഉറപ്പുനൽകി. തുടർന്ന് 10 ലക്ഷം രൂപ ധനസഹായവും മകന് സർക്കാർ ജോലി നൽകാനുള്ള തീരുമാനവും ഉണ്ടായി. കൂടാതെ വീട് നിർമ്മിച്ചു നൽകാനും സർക്കാർ തീരുമാനിച്ചു.
ഉമ്മൻ ചാണ്ടി ഫൗണ്ടേഷൻ ബിന്ദുവിന്റെ മകൾക്ക് അഞ്ച് ലക്ഷം രൂപ ധനസഹായം കൈമാറി. ഒഐസിസി റിയാദ് സെൻട്രൽ കമ്മിറ്റിയാണ് ഈ സഹായം നൽകിയത്.
Tag: Investigation report finds no negligence in Kottayam College building collapse accident; Rescue operations were timely