indiaLatest NewsNationalNewsUncategorized

ഛത്തീസ്ഗഡിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകൾക്ക് ജാമ്യം ലഭിച്ചില്ല; പ്രതിഷേധം ശക്തമാക്കുന്നു

ഛത്തീസ്ഗഡിലെ ദുര്‍ഗിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ സെഷൻസ് കോടതി നിരസിച്ചു. മനുഷ്യക്കടത്ത് അടക്കമുള്ള ഗുരുതര വകുപ്പുകൾ ചുമത്തിയതിനാൽ ജാമ്യം അനുവദിക്കാൻ അധികാരമില്ല എന്ന നിലപാടിലാണ് കോടതി. അപേക്ഷ ബിലാസ്പുർ എൻഐഎ കോടതിയെ സമീപിക്കാനാണ് കോടതി നിർദ്ദേശം.

ജാമ്യാപേക്ഷ പരിഗണിക്കാതിരുന്നതോടെ കോടതിക്ക് പുറത്ത് ബജ്‌റങ് ദൾ പ്രവർത്തകർ വൻ ആഘോഷവുമായി എത്തി. ജ്യോതി ശർമ അടക്കമുള്ള നേതാക്കളുടെ നേതൃത്വത്തിൽ പ്രവർത്തകർ മുദ്രാവാക്യം മുഴക്കി കരഘോഷം നടത്തി. കന്യാസ്ത്രീകൾക്ക് ജാമ്യം ലഭിക്കില്ലെന്ന് അവരുടെ അഭിഭാഷകർ അറിയിച്ചതോടെ ആഘോഷം കൂടുതൽ ശക്തമായി.

സിറോ മലബാർ സഭയുടെ കീഴിലുള്ള ചേർത്തല ആസ്ഥാനമായ അസീസി സിസ്റ്റേഴ്സ് ഓഫ് മേരി ഇമ്മാകുലേറ്റ് (ഗ്രീൻ ഗാർഡൻസ്) സന്ന്യാസസഭയിലെ സിസ്റ്റർ വന്ദന, പ്രീതി എന്നിവരെയാണ് കഴിഞ്ഞ വെള്ളിയാഴ്ച ദുര്‍ഗിൽ പോലീസ് അറസ്റ്റ് ചെയ്തത്. മതപരിവർത്തനവും മനുഷ്യക്കടത്തും ആരോപിച്ചാണ് അറസ്റ്റ്.

ആഗ്രയിലെ ഫാത്തിമ ആശുപത്രിയിൽ ജോലിചെയ്യുന്ന ഇവർ ഗാർഹിക ജോലികൾക്കായി മൂന്നു പെൺകുട്ടികളുമായി യാത്ര ചെയ്യുന്നതിനിടെ ദുര്‍ഗ് റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോൾ ബജ്‌റങ് ദൾ പ്രവർത്തകർ തടഞ്ഞുവെച്ച് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.

കന്യാസ്ത്രീകൾ ഇപ്പോൾ ദുര്‍ഗ് ജയിലിൽ റിമാൻഡിലാണ്. കഴിഞ്ഞ ദിവസം മജിസ്‌ട്രേറ്റ് കോടതിയും ജാമ്യാപേക്ഷ തള്ളിയിരുന്നു. ബുധനാഴ്ച ഇടത് നേതാക്കളും എംപിമാരും ജയിലിലെത്തി കന്യാസ്ത്രീകളെ സന്ദർശിച്ചു. യുഡിഎഫ് എംപിമാരും മുൻ ദിവസം സന്ദർശനം നടത്തിയിരുന്നു.

അറസ്റ്റിനെതിരെ തിരുവനന്തപുരത്ത് രാജ്ഭവനിലേക്ക് കോൺഗ്രസ് പ്രതിഷേധ മാർച്ച് നടത്തി. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, ദീപാദാസ് മുൻഷി, രമേശ് ചെന്നിത്തല, കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് എന്നിവരാണ് നേതൃത്വം നൽകിയത്. പ്രതിഷേധത്തിനിടെ കെ.സി. ജോസഫ് അസ്വാസ്ഥ്യം അനുഭവിച്ച് കുഴഞ്ഞുവീണു.

ലോക്സഭയിലും വിഷയം ചൂടുപിടിച്ചു. യുഡിഎഫ് എംപിമാർ പ്ലക്കാർഡുകളുമായി പ്രതിഷേധം നടത്തി. കേന്ദ്രസർക്കാർ അടിയന്തരമായി ഇടപെടണമെന്ന് കെ.സി. വേണുഗോപാൽ സഭയിൽ ആവശ്യപ്പെട്ടു. തുടർന്ന് യുഡിഎഫ് എംപിമാർ നടുത്തളത്തിലിറങ്ങി മുദ്രാവാക്യങ്ങൾ മുഴക്കി പ്രതിഷേധം ശക്തമാക്കി.

Tag: Malayali nuns arrested in Chhattisgarh denied bail; protests intensify

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button