News

സര്‍ക്കാര്‍ ഓഫിസുകൾക്ക് മൂക്കുകയർ.

ലോക്ക് ഡൗണിന്റെ കടുത്ത നിയന്ത്രണങ്ങൾ ഒഴിവാക്കപ്പെട്ട അവസ്ഥയിലും, സംസ്ഥാനത്തെ സർക്കാർ ഓഫീസുകളിൽ ഹാജർ നില
അൻപത് ശതമാനം പോലും എത്തുന്നില്ല. ജില്ലകളിൽ നിന്നുള്ള റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ഓഫീസുകളുടെ പ്രവർത്തനം കാര്യക്ഷമമാക്കാൻ ഓഫീസുകളുടെ പ്രവർത്തനത്തിന് ഒരു മൂക്ക് കയർ അറിയേണ്ട അവസ്ഥയിലായി സർക്കാർ.
ലോക്ക് ഡൗണിനെ തുടര്‍ന്ന് ഭാഗികമായി പ്രവര്‍ത്തനം നിലച്ച സര്‍ക്കാര്‍ ഓഫിസുകള്‍ പ്രവര്‍ത്തിക്കാനുള്ള മാര്‍ഗനിര്‍ദേശവുമായി പൊതുഭരണ വകുപ്പ് ഇതിന്റെ ഭാഗമെന്നോണം ബുധനാഴ്ച വൈകിട്ട് സര്‍ക്കുലറിറക്കി. ഹോട്ട് സ്‌പോട്ട് ഒഴികെയുള്ള പ്രദേശങ്ങളില്‍ 50 ശതമാനം ജീവനക്കാര്‍ ഓഫിസുകളില്‍ എത്തിയില്ലെങ്കില്‍ നടപടി സ്വീകരിക്കാനാണ് പൊതുഭരണ വകുപ്പ് സെക്രട്ടറി കെ.ആര്‍ ജ്യോതിലാല്‍ വകുപ്പ് തലവന്മാര്‍ക്ക്
സര്‍ക്കുലറിൽ നിര്‍ദേശം നല്‍കിയിട്ടുള്ളത്.

ഹോട്ട് സ്‌പോട്ടുകളിലുള്ള സര്‍ക്കാര്‍ ഓഫിസുകള്‍ അതാത് ജില്ലയിലെ പരിമിത എണ്ണം ജീവനക്കാരെ ഉപയോഗിച്ച്‌ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തണം. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടുള്ള സര്‍ക്കാര്‍ ഓഫിസുകള്‍ തുറന്നു പ്രവര്‍ത്തിക്കണം. മറ്റു ജില്ലകളില്‍ അകപ്പെട്ടുപോയ ഉദ്യോഗസ്ഥരെ ജില്ലാ കലക്ടര്‍മാര്‍ അതാതു ജില്ലകളിലെ ഓഫിസുകളില്‍ കെ.എസ്.ആര്‍.ടി.സി ബസുകളില്‍ ദുരിതാശ്വാസ ഫണ്ടുപയോഗിച്ച്‌ എത്തിക്കണം. മറ്റു ജില്ലകളിലുള്ള, എത്താന്‍ കഴിയാത്ത ജീവനക്കാരെ ഇനി ഒരു ഉത്തരവുണ്ടാകുന്നതുവരെ തദ്ദേശ സ്ഥാപനങ്ങളിലെ കൊവിഡ് നിര്‍വ്യാപനവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കായി ജില്ലാ കലക്ടര്‍മാര്‍ ഉപയോഗിക്കണമെന്നും സര്‍ക്കുലറില്‍ പറയുന്നു.

തദ്ദേശ സ്ഥാപനങ്ങളില്‍ ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ തിരികെ മാതൃ ഓഫിസില്‍ പ്രവേശിക്കുമ്പോൾ ബന്ധപ്പെട്ട ഓഫിസില്‍ നിന്നും ഡ്യൂട്ടി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. ഡ്യൂട്ടി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയില്ലെങ്കില്‍ അത് അര്‍ഹതയുള്ള അവധിയായി പരിഗണിക്കും. അതാത് വകുപ്പ് മേധാവികള്‍ മറ്റു ജില്ലകളില്‍ കുടുങ്ങിപ്പോയ ജീവനക്കാരുടെ വിശദ വിവരം ഈ മാസം 30നകം നിശ്ചിത പ്രൊഫോര്‍മയില്‍ നല്‍കണം.
ഭിന്നശേഷിക്കാര്‍, ഗുരുതര രോഗ ബാധിതര്‍, ഗര്‍ഭിണികള്‍, അഞ്ചു വയസിന് താഴെ പ്രായമുള്ള കുട്ടികളുടെ രക്ഷകര്‍ത്താക്കള്‍, ഭിന്നശേഷി- അംഗപരിമിതരായ കുട്ടികളുടെ രക്ഷകര്‍ത്താക്കള്‍ എന്നിവരെ പരമാവധി ഡ്യൂട്ടിയില്‍ നിന്നും ഒഴിവാക്കണമെന്നും സർക്യൂലറിൽ നിര്‍ദേശമുണ്ട്. വീട്ടിലിരുന്ന് ഇ ഫയല്‍ നോക്കുന്ന ജീവനക്കാര്‍ ഇ ഓഫിസ് വഴിയുള്ള ഫയല്‍ നീക്കത്തില്‍ വീഴ്ച വരുത്തിയാല്‍ നടപടി സ്വീകരിക്കാനും വകുപ്പ് മേധാവികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ബ്രേക്ക് ദ ചെയിന്‍ നടപടി ക്രമങ്ങള്‍ ജോലിയിടങ്ങളിലും പൊതു സ്ഥലങ്ങളിലും കര്‍ശനമായി പാലിക്കണമെന്നും പൊതുഭരണ വകുപ്പ് സെക്രട്ടറിയുടെ സര്‍ക്കുലറില്‍ പറയുന്നുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button