കേരള സർവകലാശാലയിലെ ഭരണ പ്രതിസന്ധി രൂക്ഷം; രജിസ്ട്രാർ കെ.എസ്. അനിൽകുമാറിനെതിരെ നടപടികൾ ശക്തമാക്കി വി.സി

കേരള സർവകലാശാലയിലെ രജിസ്ട്രാർ കെ.എസ്. അനിൽകുമാറിനെതിരെ നടപടികൾ ശക്തമാക്കി വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ. അനിൽകുമാറിന്റെ ശമ്പളം തടയണമെന്ന കര്‍ശന നിർദേശം ഫിനാൻസ് ഓഫീസർക്ക് വി.സി നൽകി. ഇടത് സിന്‍ഡിക്കേറ്റ് അംഗങ്ങളുടെ സമ്മർദ്ദം മൂലം ശമ്പളം അനുവദിച്ചാൽ നടപടിയുണ്ടാകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. പ്രശ്‌നപരിഹാരത്തിനായി സിന്‍ഡിക്കേറ്റ് യോഗം വിളിക്കണമെന്ന ആവശ്യം നിലനിൽക്കുന്നുവെങ്കിലും വി.സി അതിന് തയ്യാറല്ല.
സെപ്റ്റംബർ ആദ്യവാരം യോഗം വിളിക്കാമെന്ന നിലപാടിലാണ് മോഹനൻ കുന്നുമ്മൽ. സർക്കാരിന്റെ സമവായ ശ്രമങ്ങളും വിസിയുടെ കടുത്ത നിലപാടിനെ മാറ്റാൻ കഴിഞ്ഞിട്ടില്ല. രജിസ്ട്രാറിന്റെ ഇ-ഫയൽ ആക്‌സസ് പിൻവലിച്ച് മിനി കാപ്പന് കൈമാറിയിരുന്നു. രജിസ്ട്രാർക്കെതിരായ സസ്പെൻഷൻ പിൻവലിക്കാതെ വഴങ്ങില്ലെന്ന നിലപാട് വി.സി ആവർത്തിക്കുന്നു.
അനിൽകുമാറിന്റെ ഔദ്യോഗിക വാഹനം തടയാൻ വി.സി നൽകിയ ഉത്തരവ് സർവകലാശാല നിരസിച്ചു. സെക്യൂരിറ്റി ഓഫീസറോട് ഡ്രൈവറിൽ നിന്ന് താക്കോൽ വാങ്ങി വാഹനം മിനി കാപ്പന് കൈമാറാൻ നിർദ്ദേശിച്ചെങ്കിലും രജിസ്ട്രാർ ഔദ്യോഗിക വാഹനത്തിൽ തന്നെ സർവകലാശാലയിൽ എത്തി. കൂടാതെ, രജിസ്ട്രാറിനെ ഒഴിവാക്കി മോഹനൻ കുന്നുമ്മൽ വിളിച്ച ഓൺലൈൻ യോഗവും വിവാദമായിരുന്നു.
Tag: Kerala University’s administrative crisis deepens; VC takes strict action against Registrar KS Anilkumar