ചിത്രങ്ങള്‍ മോര്‍ഫ് ചെയ്തു പ്രചരിപ്പിച്ചു; നടി മാലാ പാര്‍വതിയുടെ പരാതിയില്‍ കേസെടുത്ത് പൊലീസ്
നടി മാലാ പാർവതിയുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട പരാതിയിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. മനേഷ് എന്ന പേരിലുള്ള ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് ചിത്രങ്ങൾ പ്രചരിപ്പിച്ചതെന്ന് അന്വേഷണം വ്യക്തമാക്കുന്നു. കൊച്ചി സൈബർ പൊലീസാണ് കേസെടുത്തത്. ഭാരതീയ ന്യായസംഹിത 78(2), 79, ഐടി ആക്ട് 66, 66C, 67 എന്നീ വകുപ്പുകൾ പ്രകാരമാണ് നടപടിയെടുത്തത്.
മാലാ പാർവതി തന്റെ ഫേസ്ബുക്ക് അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത ചിത്രങ്ങൾ ഡൗൺലോഡ് ചെയ്ത് മോർഫ് ചെയ്തു പ്രചരിപ്പിച്ചുവെന്നാണ് പരാതി. സ്ത്രീയെ അപമാനിക്കുന്ന ഉദ്ദേശത്തോടെയാണിതു നടന്നതെന്നും അവർ ചൂണ്ടിക്കാട്ടി. തന്റെ പേര് ഉൾപ്പെടുത്തി ദുരുദ്ദേശത്തോടെ ഒരു ഗ്രൂപ്പ് ഉണ്ടാക്കി, അതിലെ അംഗങ്ങളുമായി മോർഫ് ചെയ്ത ചിത്രങ്ങൾ പങ്കുവച്ചുവെന്നും പരാതിയിൽ പറയുന്നു.
പ്രശ്നത്തിൽ 15,000 അംഗങ്ങളുള്ള ഗ്രൂപ്പും ഉൾപ്പെട്ടതായി കണ്ടെത്തിയിട്ടുണ്ട്. വിഷയം ഗൗരവത്തോടെ പരിശോധിക്കുന്നതായി കൊച്ചി സൈബർ പൊലീസ് അറിയിച്ചു. കേസുമായി മുന്നോട്ട് പോകുമെന്നും മാലാ പാർവതി വ്യക്തമാക്കി.
Tag: Police register case on complaint of actress Mala Parvathy for morphing and circulating images