കന്യാസ്ത്രീകളുടെ അറസ്റ്റ്; ഹെെക്കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിക്കും

ഛത്തീസ്ഗഡിൽ മതപരിവർത്തനവും മനുഷ്യക്കടത്തും ആരോപിച്ച് അറസ്റ്റിലായ കന്യാസ്ത്രീകൾ ആറാം ദിവസവും ജയിലിൽ തുടരുന്നു. ഇന്ന് ഇരുവരും ഹൈക്കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിക്കും. എൻഐഎ കോടതിയെ സമീപിക്കേണ്ടതില്ലെന്ന നിയമോപദേശം ലഭിച്ചതിനെ തുടർന്ന് ഹൈക്കോടതിയെ സമീപിക്കാൻ തീരുമാനിച്ചത്.
കന്യാസ്ത്രീകളുടെ അഭിഭാഷകനായ അഡ്വ. രാജ്കുമാർ തിവാരി പ്രതികരിച്ചത്, “എല്ലാ തരത്തിലുള്ള നിയമ പോരാട്ടങ്ങൾക്കും ഞങ്ങൾ സന്നദ്ധരാണ്. സെഷൻസ് കോടതിക്ക് കേസ് പരിഗണിക്കാൻ അധികാരമില്ലാത്ത സാഹചര്യത്തിൽ കീഴ്ക്കോടതി എങ്ങനെ റിമാൻഡ് അനുവദിച്ചു?” എന്നായിരുന്നു. റിമാൻഡ് ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ടും അദ്ദേഹം കോടതിയെ സമീപിച്ചു.
മുന്പ് സെഷൻസ് കോടതിയിൽ നടന്ന ജാമ്യാപേക്ഷ വാദത്തിൽ പ്രോസിക്യൂഷൻ ശക്തമായി എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട വകുപ്പുകൾ ചുമത്തിയതിനാൽ കേസ് സെഷൻസ് കോടതിയിലല്ല, പ്രത്യേക എൻഐഎ കോടതിയിലാണ് പരിഗണിക്കേണ്ടതെന്ന് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. കോടതി ഇതിനെ അംഗീകരിക്കുകയും കന്യാസ്ത്രീകളോട് എൻഐഎ കോടതിയെ സമീപിക്കാൻ നിർദ്ദേശിക്കുകയും ചെയ്തിരുന്നു.
കഴിഞ്ഞ ശനിയാഴ്ചയാണ് ഛത്തീസ്ഗഡിലെ ദുര്ഗിൽ നിന്നു കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തത്. കണ്ണൂർ തലശ്ശേരി ഉദയഗിരി ഇടവകയിലെ സിസ്റ്റർ വന്ദന ഫ്രാൻസിസും, അങ്കമാലി എളവൂർ ഇടവകയിലെ സിസ്റ്റർ പ്രീതി മേരിയും ആണ് അറസ്റ്റിലായത്. ഇവരോടൊപ്പം ഉണ്ടായിരുന്ന മൂന്ന് പെൺകുട്ടികളെ കടത്തുകയായിരുന്നുവെന്നും നിർബന്ധിത മതപരിവർത്തനത്തിനിരയാക്കുകയായിരുന്നുവെന്നും ആരോപിച്ച് ബജ്രംഗ്ദൾ പ്രവർത്തകർ ഇടപെട്ടു. അവർ കന്യാസ്ത്രീകളെ തടഞ്ഞുവെച്ചതിനു പിന്നാലെയാണ് പൊലീസ് അറസ്റ്റ് നടത്തിയത്. നിർബന്ധിത പരിവർത്തനം, മനുഷ്യക്കടത്ത് തുടങ്ങിയ വകുപ്പുകൾ ഇരുവരുടെയും മേൽ ചുമത്തിയിട്ടുണ്ട്. കേസിൽ സിസ്റ്റർ പ്രീതി ഒന്നാം പ്രതിയും സിസ്റ്റർ വന്ദന രണ്ടാം പ്രതിയുമാണ്.
Tag: Nuns arrested; Bail application to be filed in High Court