”തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ അണുബോംബ് പോലെയുള്ള തെളിവുകളുണ്ട്”; രാഹുല്‍ ഗാന്ധി എംപി

ദേശീയ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ കടുത്ത വിമര്‍ശനവുമായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി എംപി. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ബിജെപിക്ക് വേണ്ടി വോട്ടുകൾ മോഷ്ടിക്കുകയാണെന്ന് രാഹുല്‍ ഗാന്ധി മാധ്യമങ്ങളോട് പറഞ്ഞു.
“എന്റെ കൈവശം തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ അണുബോംബ് പോലെയുള്ള തെളിവുകളുണ്ട്. അത് പൊട്ടിച്ചാൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ഇല്ലാതാകും,” എന്ന് രാഹുൽ ഗാന്ധി പറഞ്ഞു.
മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പും ലോക്‌സഭാ തെരഞ്ഞെടുപ്പും സംബന്ധിച്ചും സംശയങ്ങൾ ഉണ്ടായിരുന്നുവെന്നും, മഹാരാഷ്ട്രയിലെ പുതിയ സംഭവവികാസങ്ങൾക്കൊടുവിൽ അത് തെളിവുകളായി മാറിയതാണെന്നും അദ്ദേഹം വ്യക്തമാക്കി. ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം മഹാരാഷ്ട്രയിൽ ഒരുകോടി പുതിയ വോട്ടർമാർ ചേർന്നുവെന്നത് തന്നെ വലിയ തെളിവാണെന്നും രാഹുല്‍ ആരോപിച്ചു.
തെരഞ്ഞെടുപ്പ് കമ്മീഷനെ “ക്രിക്കറ്റ് മത്സരത്തിൽ കളിക്കാരെ വഞ്ചിക്കുന്ന അമ്പയർ” എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. 2017ലും 2022ലും ഗുജറാത്തിൽ കോൺഗ്രസിന് നേരിടേണ്ടി വന്ന തോൽവിക്ക് കാരണമായത് വോട്ടർ ലിസ്റ്റിലെ കൃത്രിമങ്ങളാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
“വർഷങ്ങളോളം ഗുജറാത്തിൽ കോൺഗ്രസ് തെറ്റായ തീരുമാനങ്ങളാൽ പുറത്താക്കപ്പെട്ട ഒരു ക്രിക്കറ്ററിനെപ്പോലെയായിരുന്നു. ഒരിക്കൽ, രണ്ടിക്കൽ അങ്ങനെ പുറത്താക്കപ്പെടുമ്പോൾ സംശയം വരും. 2017ലും 2022ലും നമ്മൾ തോറ്റത് പറ്റിക്കുന്ന അമ്പയരുടെ കാരണത്താൽ,” രാഹുല്‍ ഗാന്ധി ആരോപിച്ചു. കോൺഗ്രസ് പ്രവർത്തകർ സിംഹങ്ങളാണ്, അവർ അവരുടെ ഗർജനം തിരിച്ചുപിടിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Tag: There is evidence like a nuclear bomb against the Election Commission; Rahul Gandhi MP