അറസ്റ്റിലായ കന്യാസ്ത്രീകളുടെ ജാമ്യത്തിന് പ്രോസിക്യൂഷൻ ശക്തമായ എതിർപ്പ്; ജാമ്യാപേക്ഷയില്‍ വിധി നാളെ

ഛത്തീസ്ഗഡിൽ മതപരിവർത്തനക്കേസിൽ അറസ്റ്റിലായ കന്യാസ്ത്രീകളുടെ ജാമ്യത്തിന് പ്രോസിക്യൂഷൻ ശക്തമായ എതിർപ്പ് രേഖപ്പെടുത്തി. എൻഐഎ കോടതിയിൽ നടന്ന വാദത്തിനിടെ പ്രോസിക്യൂഷൻ ജാമ്യാപേക്ഷ അനുവദിക്കരുതെന്ന നിലപാട് വ്യക്തമാക്കി.
നിർബന്ധിത മതപരിവർത്തനം നടന്ന കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും, പ്രതികളെ ജാമ്യത്തിൽ വിട്ടാൽ അവർ സാക്ഷികളെ സ്വാധീനിക്കാനുള്ള സാധ്യതയുണ്ടെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. കേസിൽ തെളിവുകൾ ശേഖരിക്കുന്ന ഘട്ടത്തിൽ ജാമ്യം അനുവദിക്കാനാകില്ലെന്നായിരുന്നു വാദം.
കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ കോടതികൾ പരിഗണിക്കുന്നതിനിടെ പ്രോസിക്യൂഷൻ ആവർത്തിച്ച് മുന്നോട്ടുവച്ച പ്രധാന വാദമാണിത്. ഛത്തീസ്ഗഡ് സർക്കാരും ഇന്നത്തെ വാദത്തിൽ ഇതേ നിലപാട് പിന്തുടർന്നു. കേസിലെ വാദം പൂർത്തിയായിരിക്കുകയാണ്, ജാമ്യത്തെക്കുറിച്ചുള്ള കോടതി വിധി നാളെ പ്രസ്താവിക്കും.
കോടതി നടപടികൾ ആരംഭിച്ചതിന് പിന്നാലെ തന്നെ കന്യാസ്ത്രീകൾ ജാമ്യാപേക്ഷ സമർപ്പിച്ചിരുന്നു. കുടുംബവും സഭാ അധികൃതരും ചേർന്നാണ് എൻഐഎ കോടതിയെ സമീപിക്കാൻ തീരുമാനിച്ചത്.
മുൻപ്, സെഷൻസ് കോടതിയിൽ കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ പരിഗണിക്കാൻ അധികാരമില്ലെന്ന പ്രോസിക്യൂഷൻ വാദം അംഗീകരിക്കപ്പെട്ടിരുന്നു. ഇതോടെ സെഷൻസ് കോടതി അപേക്ഷ പരിഗണിക്കുന്നതിൽ നിന്ന് പിന്മാറി എൻഐഎ കോടതിയെ സമീപിക്കാൻ നിർദ്ദേശിച്ചു. ദുർഗ് മജിസ്ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളിയതിന് ശേഷമാണ് കന്യാസ്ത്രീകൾ സെഷൻസ് കോടതിയെ സമീപിച്ചത്.
Tag: Prosecution strongly opposes bail for arrested nuns; verdict on bail plea tomorrow